സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന ധാരണ മാറ്റി: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റാനും വികസനരംഗത്തെ മുരടിപ്പ് ഒഴിവാക്കാനും രണ്ടുവര്‍ഷത്തെ ഇടതു ഭരണം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും ഉയരാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പുതിയ രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും. അഴിമതി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ വിജയം നേടി. ഉയര്‍ന്ന തലങ്ങളില്‍ അഴിമതി തീര്‍ത്തും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികം പ്രമാണിച്ച് മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ഭരണനടപടികളുടെ വേഗം ഇനിയും കൂട്ടണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പശ്ചാത്തല വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വളരെയധികം മുന്നോട്ടുപോയി. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്ന പ്രവൃത്തി ജനങ്ങളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്. സ്ഥലമെടുക്കുന്നതിലുള്ള ചെറിയ പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ടതാണ്. ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും. ക്രമസമാധാന നില മെച്ചപ്പെടുത്താനും കുറ്റാന്വേഷണം കാര്യക്ഷമമാക്കാനുമായി. അതേസമയം, ചില പൊലിസുകാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുണ്ട്.

ഇത്തരക്കാര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടിയെടുക്കും. പൊലിസിന്റെ പരിശീലന പദ്ധതി മെച്ചപ്പെടുത്തന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ മതസൗഹാര്‍ദ, മതനിരപേക്ഷ പാരമ്പര്യത്തിന് പോറലേല്‍പ്പിക്കാനും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചിലയാളുകള്‍ കത്‌വ സംഭവത്തിലെ പ്രതിഷേധത്തെവഴിതിരിച്ചുവിടാനും കലാപമുണ്ടാക്കാനും ശ്രമിച്ചു. വാട്ട്‌സ് ആപ്പിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടോ എന്ന സംശയമുണ്ട്.

നോക്കുകൂലി അവസാനിപ്പിച്ചത് പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങില്ല. ഇനിയുമെന്തെങ്കിലും പരാതി വന്നാല്‍ ശക്തമായ നടപടിയുണ്ടാകും. സാധാരണക്കാര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന് പൊതു ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം നല്‍കാനുളള നടപടികള്‍ സുതാര്യമാക്കി. സമൂഹമാധ്യമങ്ങള്‍ വഴി വര്‍ഗീയവിദ്വേഷ പ്രചരണം നടത്തുന്ന പ്രശ്‌നം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രത്തിനാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുക. എന്നാല്‍ സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ ചെയ്യാവുന്നതെല്ലാം ചെയ്യും. സര്‍ക്കാര്‍ ഓഫിസുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഇടപെടലുണ്ടാകും. ടൂറിസം മേഖലയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കുന്നതിന് മുന്‍കൈയെടുക്കും. ഇക്കാര്യം അടുത്ത സര്‍വകക്ഷിയോഗത്തില്‍ ഉന്നയിച്ച് സമവായത്തിന് ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനസര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനുമായാണ് യോഗം ചേര്‍ന്നത്. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലാണ് രാവിലെ പത്രമാധ്യമങ്ങളിലെ എഡിറ്റര്‍മാരുമായും, ഉച്ചകഴിഞ്ഞ് ദൃശ്യമാധ്യമ എഡിറ്റര്‍മാരുമായും ആശയവിനിമയം നടത്തിയത്. സുപ്രഭാതത്തെ പ്രതിനിധീകരിച്ച് മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ പങ്കെടുത്തു.