ബലാത്സംഗങ്ങള്‍ക്കു കാരണം വസ്ത്രധാരണമല്ല: നിര്‍മലാ സീതാരാമയ്യന്‍

ന്യൂഡല്‍ഹി: സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗങ്ങളിലേക്ക് നയിക്കുന്നതെന്ന വാദം വിഡ്ഢിത്തമാണെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമയ്യന്‍. എഫ്. ഐ. സി. സി യുടെ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍. വസ്ത്രധാരണമാണ് കാരണമെങ്കില്‍ എന്തു കൊണ്ടാണ് പിഞ്ചു കുഞ്ഞുങ്ങളും വയോധികരും ലൈംഗികാതിക്രമങ്ങള്‍ക്കു ഇരയാവുന്നതെന്നും അവര്‍ ചോദിച്ചു.

സ്ത്രീകള്‍ക്കു സുരക്ഷയൊരുക്കുന്നതില്‍ നിയമനിര്‍മാണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ഭൂരിഭാഗം പീഡനകേസുകളിലും പ്രതികളാവുന്നത് ഇരയുടെ ബന്ധുവോ സുഹൃത്തോ അയല്‍വാസികളോ ആയിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ആത്മാര്‍ത്ഥമായ രീതിയില്‍ നടപടി സ്വീകരിക്കാന്‍ നിയമ നിര്‍മാണ സംവിധാനങ്ങള്‍ തയ്യാറാവേണ്ടതുണ്ടെന്ന് നിര്‍മലാ സീതാരാമയ്യന്‍ ചൂണ്ടിക്കാട്ടി.