കണ്ണൂര്‍ പുകയുമ്പോഴും മലബാര്‍ മേഖലയില്‍ പൊലീസ് തലവനില്ല

കോഴിക്കോട്: മാഹിയിലെ സി.പി.എം ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തോടെ അശാന്തി പടര്‍ന്ന മലബാര്‍ മേഖലയില്‍ പൊലീസ് തലവനില്ല.നോര്‍ത്ത് സോണ്‍ ഡി.ജി.പിയായിരുന്ന രാജേഷ് ദിവാന്‍ വിരമിച്ചതോടെ ഈ കസേര ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്.സൗത്ത് സോണ്‍ എ.ഡി.ജി.പി അനില്‍കാന്തിനാണ് ഇപ്പോള്‍ നോര്‍ത്ത് സോണിന്റെയും ചുമതല.സോണലില്‍ പഴയ രൂപത്തില്‍ ഐ.ജി തസ്തിക സൃഷ്ടിക്കണമെന്ന ഡി.ജി.പിയുടെ ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഇരിക്കുന്നത് കൊണ്ടാണ് നിയമനം നടക്കാത്തതെന്നാണ് സൂചന.

ഇനി എ.ഡി.ജി.പി ഡി.ജി.പി തസ്തികയിലെ ആരെയെങ്കിലും നിയമിക്കാനാണെങ്കില്‍ പകരം പേര് കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല.ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന്‍, എ.ഡി.ജി.പി ദര്‍വേഷ് സാഹിബ്, ടി.കെ.വിനോദ് കുമാര്‍ തുടങ്ങിയ പേരുകളാണ് സജീവമായി പരിഗണനയിലുള്ളത്.സോണലുകളില്‍ ഐ.ജി തസ്തികയാക്കി മാറ്റുകയാണെങ്കില്‍ റേഞ്ചുകളില്‍ ഡി.ഐ.ജിമാരാണ് വരിക.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ എന്തായാലും നോര്‍ത്ത് സോണില്‍ പൊലീസ് മേധാവി വരുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കിയിരുന്ന സൂചന.എന്നാല്‍ ഇപ്പോള്‍ മാഹി ഇരട്ട കൊലപാതകത്തോടെ കണ്ണൂര്‍ ജില്ലയില്‍ സംഘര്‍ഷാന്തരീക്ഷം ശക്തമാവുകയും അയല്‍ ജില്ലയായ കോഴിക്കോട്ടും സ്ഥിതി സങ്കീര്‍ണമാവുകയും ചെയ്ത സാഹചര്യത്തില്‍ നോര്‍ത്ത് സോണില്‍ ഉടന്‍ നിയമനം നടത്തണമെന്ന ആവശ്യം ഡിപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ശക്തമായിട്ടുണ്ട്.
രാഷ്ട്രീയ കലാപം എപ്പോള്‍ വേണമെങ്കിലും പൊട്ടി പുറപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.വലിയ പൊലീസ് സന്നാഹത്തെയാണ് സുരക്ഷക്കായി കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ വിന്യസിച്ചിരിക്കുന്നത്.

വാട്‌സ് ആപ്പ് ഹര്‍ത്താലിന്റെ ഭാഗമായി വലിയ സംഘര്‍ഷം നടന്നതും മലബാര്‍ മേഖലയിലാണ് എന്നതിനാല്‍ ഇവിടുത്തെ ക്രമസമാധാന പാലനം പൊലീസിനു വലിയ തലവേദനയാണ്.കാസര്‍ഗോഡ്,കണ്ണൂര്‍,തൃശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളാണ് നോര്‍ത്ത് സോണ്‍ പൊലീസ് മേധാവിയുടെ കീഴില്‍ വരുന്നത്.

മാഹിയില്‍ നടന്ന ആക്രമത്തില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ പള്ളൂര്‍ നാലുതുറ ബാബുവാണ് ആദ്യം കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തിനെയും ഒരു സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു.രാത്രി പത്ത് മണിയോടെ പള്ളൂരിലെ വീട്ടിലേക്ക് പോകുംവഴിയാണ് ബാബുവിന് വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ മരണപ്പെട്ടു. തലയ്ക്കും കഴുത്തിനും വയറിനുമാണ് ബാബുവിന് വെട്ടേറ്റത്.

പ്രതികാരമായി ആക്രമണത്തിനിരയായ ഷമേജിന് വീട്ടിലേക്ക് പോകും വഴി കല്ലായി അങ്ങാടിയില്‍ വെച്ചാണ് വെട്ടേറ്റത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇയാള്‍ മരണപ്പെട്ടത്.രാഷ്രീയ വൈരാഗ്യമാണ് രണ്ട് മരണങ്ങള്‍ക്കും കാരണമെന്നാണ് പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. രണ്ട് കൊലപാതകങ്ങളിലുമായി പതിന്നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.