കര്‍ണ്ണാടക കോണ്‍ഗ്രസ്സിനെ കൈവിടില്ലെന്ന് പുതിയ അഭിപ്രായ സര്‍വേഫലം

ബംഗളുരു: കര്‍ണ്ണാടക കോണ്‍ഗ്രസ്സിനെ കൈവിടില്ലെന്ന് പുതിയ അഭിപ്രായ സര്‍വേഫലം.നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് എ.ബി.പി ന്യൂസിന്റെ സര്‍വേയിലാണ് കണ്ടെത്തിയിരിക്കുന്നത്. ഒറ്റക്ക് ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടില്ലങ്കിലും വീണ്ടും കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന് ഭരണ തുടര്‍ച്ച ലഭിക്കാനുള്ള സാധ്യതയാണ് ഇതോടെ അവസാന നിമിഷവും വ്യക്തമാവുന്നത്.

കോണ്‍ഗ്രസ് 92 മുതല്‍ 102 വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് ലോക്‌നീതി സിഎസ്ഡിഎസ് എബിപി സര്‍വ്വേ പറയുന്നത്. ബിജെപിക്ക് 79 മുതല്‍ 89 വരെ സീറ്റുകള്‍ ലഭിക്കും. ജെഡിഎസിന് 34 മുതല്‍ 42 വരെ സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. ജെഡിഎസ് കിങ് മേക്കര്‍ ആകുമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

തീരദേശ കര്‍ണാടക, മുംബൈ,കര്‍ണാടക എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് മേധാവിത്വം ഉണ്ടാകുമെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. നേരത്തെ ജെയിന്‍ യൂണിവേഴ്‌സിറ്റി ലോക്‌നീതിസിഎസിഡിഎസ് സര്‍വ്വേയില്‍ ഈ മേഖലകളില്‍ ബിജെപിക്കായിരുന്നു മുന്‍തൂക്കം പ്രവചിച്ചിരുന്നത്. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബിജെപിക്കും ജെഡിഎസിനുമായി വിഭജിച്ച് പോകുന്നതാണ് കോണ്‍ഗ്രസിന് ഗുണകരമാകുന്നത്.

കോണ്‍ഗ്രസിന് 38 ശതമാനം വോട്ടും ബിജെപിക്ക് 33 ശതമാനം വോട്ടുകളും ലഭിക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ജെഡിഎസിന് 22 ശതമാനം വോട്ടുകള്‍ ലഭിക്കും. വികസനത്തിന് കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരണമെന്ന് 38 ശതമാനം അഭിപ്രായപ്പെടുന്നു.

കുറുബ സമുദായം, ന്യൂനപക്ഷങ്ങള്‍, ദളിതുകള്‍, പട്ടികര്‍ഗവിഭാഗം എന്നിവ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും വൊക്കലിംഗ സമുദായത്തിന്റെ പിന്തുണ ജെഡിഎസിന് ലഭിക്കുമെന്നും സര്‍വ്വയില്‍ വിലയിരുത്തി.ഈ വിഭാഗത്തിലേക്കുള്ള കോണ്‍ഗ്രസിന്റെ കടന്നുകയറ്റം ജെഡിഎസിന് ചെറിയ തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.

ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ മതപദവി നല്‍കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം ആ വിഭാഗത്തെ കോണ്‍ഗ്രസിന് അനുകൂലമാക്കിയിട്ടില്ലെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. ലിംഗായത്തുകള്‍ ഇപ്പോഴും ബിജെപിയെയാണ്
പിന്തുണയ്ക്കുന്നതെന്ന് സര്‍വ്വേയില്‍ പറയുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനത്തിന് താല്‍പര്യം സിദ്ധരാമയ്യയെ ആണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പയ്ക്ക് ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനമാണുള്ളത്. ജെഡിഎസിന്റെ എച്ച്ഡി കുമാരസ്വാമി മൂന്നാം സ്ഥാനത്താണ്. 33 ശതമാനം ആളുകളുടെ പിന്തുണയാണ് സിദ്ധരാമയ്യയ്ക്ക് ലഭിച്ചത്. 27 ശതമാനം ആളുകള്‍ യെദ്യൂരപ്പയെയും 21 ശതമാനം ആളുകള്‍ കുമാരസ്വാമിയെയുമാണ് പിന്തുണയ്ക്കുന്നത്.ജെ.ഡി.എസിനെ കൂടെ നിർത്താൻ കഴിഞ്ഞില്ലങ്കിൽ പിളർത്തിയാണെങ്കിലും സിദ്ധരാമയ്യ വീണ്ടും സർക്കാർ ഉണ്ടാക്കുമെന്നു തന്നെയാണ് കോൺഗ്രസ്സ് പ്രവർത്തകർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.