ജെസ്‌നയെ കാണാതായ സംഭവം; പ്രത്യേക സംഘം അന്വേഷിക്കും

കോട്ടയം: കാഞ്ഞിരപ്പളളിയിലെ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പതിനഞ്ച് അംഗ സംഘം. ഇതില്‍ സൈബര്‍ വിദഗ്ധരെയും വനിതാ പൊലീസ് ഓഫിസര്‍മാരെയും ഉള്‍പ്പെടുത്തി.

ജെസ്‌നയെ കണ്ടെത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കാ?ഞ്ഞിരപ്പളളി ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഡിജിപി പ്രത്യേക സംഘത്തെ നിയമിച്ചത്. പിതൃസഹോദരിയുടെ മുക്കൂട്ടുതറയിലെ വീട്ടിലേക്കു പോയ ജെസ്‌നയെ കഴിഞ്ഞ മാര്‍ച്ച് 22 നാണ് കാണാതായത്.

ജെസ്‌നയെ കാണാതായിട്ട് നാല്‍പ്പത്തിയഞ്ച് ദിവസമായെന്നും തന്റെ പെങ്ങള്‍ ഒളിച്ചോടിയതാണെന്നു കരുതുന്നില്ലെന്നും സഹോദരന്‍ വ്യക്തമാക്കിയിരുന്നു. മമ്മി മരിച്ചിട്ട് എട്ടുമാസമായി. ജെസ്‌നയെ കാണാതാകുന്ന അന്ന് താനും അവളും ചേര്‍ന്നാണ് ഭക്ഷണം ഉണ്ടാക്കിയത്. മറ്റുള്ളവര്‍ അവളെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന്റെ സത്യാവസ്ഥ കൂടി അറിഞ്ഞുവേണം പ്രതികരിക്കാനെന്നും സഹോദരനും സഹോദരിയും ചേര്‍ന്ന് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കിയിരുന്നു.