എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം. ഞാന്‍ എന്റെ സുഹൃത്തിനെ വിവാഹം ചെയ്തു

നടി നേഹ ധൂപിയ വിവാഹിതയായി. സിനിമാ താരവും മോഡലുമായ അങ്കത് ബേഡിയാണ് വരന്‍. ഇരുവരും വിവാഹിതരായ കാര്യം നേഹ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരോട് പങ്കുവച്ചത്.

‘എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം. ഞാന്‍ എന്റെ സുഹൃത്തിനെ വിവാഹം ചെയ്തു’നേഹ കുറിച്ചു. ബെസ്റ്റ് ഫ്രണ്ട്….ഇപ്പോള്‍ ഭാര്യ അങ്കത് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്. ന്യൂഡല്‍ഹിയിലെ ഒരു ഗുരുദ്വാരയില്‍ വെച്ച് സിഖ് ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

നേവി ഉദ്യോഗസ്ഥനായ പ്രദീപ് സിങ് ധൂപിയയുടെയും മന്ദീപറിന്റെയും മകളായി കൊച്ചിയിലായിരുന്നു നേഹയുടെ ജനനം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിന്നാരത്തിലൂടെ ബാലതാരമായാണ് നേഹ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മഞ്ജു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 2002ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം നേഹ സ്വന്തമാക്കി. 2002ലെ തന്നെ മിസ്സ് യൂണിവേഴ്‌സ് മത്സരത്തിലും നേഹ പങ്കെടുത്തു.

നായികയും സഹനടിയുമായി അറുപതോളം ചിത്രത്തില്‍ നേഹ അഭിനയിച്ചു. ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായും നേഹ സജീവമാണ്. കരണ്‍ ജോഹര്‍ അടക്കം നിരവധി സെലിബ്രറ്റികള്‍ ഇരുവര്‍ക്കും വിവാഹ മംഗളാശംസകളുമായി എത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ