മാഹി കൊലപാതകം: ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങോട്ടും പ്രതികരണമുണ്ടായെന്ന് എ.കെ ബാലന്‍

മാഹി കൊലപാതകത്തില്‍ പ്രതികരണവുമായി മന്ത്രി എ.കെ ബാലന്‍. ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങോട്ടും പ്രതികരണമുണ്ടായെന്നും. സിപിഐഎം ആരേയും അങ്ങോട്ടുപോയി അക്രമിച്ചിട്ടില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു. പല സ്ഥലങ്ങളിലും കായിക ബലം ഉപയോഗിച്ച് ആര്‍എസ്എസ് ഇടതുപക്ഷത്തെ നേരിടുകയാണെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെങ്ങന്നൂരിലെ പുലിയൂര്‍ പഞ്ചായത്തിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആര്‍എസ്എസ് ഇന്നും ഇന്നലെയുമല്ല സിപിഐഎമ്മിനെ വേട്ടയാടാന്‍ തുടങ്ങിയത്. ഒരു ആക്രമ സംഭവങ്ങള്‍ക്കും സിപിഐഎം തുടക്കം കുറിച്ചിട്ടില്ല. എന്നാല്‍, ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചും കൊടുക്കും. പ്രതിരോധത്തിന്റെ ഭാഗമായുണ്ടാകുന്ന ആക്രമണങ്ങള്‍ അല്ലാതെ മനപൂര്‍വം സിപിഐഎം അക്രമങ്ങള്‍ സൃഷ്ടിക്കാറില്ലെന്നും ബാലന്‍ പറഞ്ഞു.

ചെങ്ങന്നൂരില്‍ ആര്‍എസ്എസ് വോട്ടിന് പ്രാധാന്യമില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം തന്നെയാണ് തനിക്കെന്നും എ.കെ ബാലന്‍ വ്യക്തമാക്കി.

പള്ളൂരില്‍ തിങ്കളാഴ്ച രാത്രിയാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. സി.പി.ഐ.എം. നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു(47), ഓട്ടോറിക്ഷാ ഡ്രൈവറും ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ യു.സി. ഷമേജ് (36) എന്നിവരാണ് മരിച്ചത്. പള്ളൂര്‍ കൊയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിനുസമീപം രാത്രി ഒന്‍പതരയോടെയാണ് ബാബുവിന് വെട്ടേറ്റത്. ബാബു വീട്ടിലേക്ക് പോകുന്നവഴി ഒരുസംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഇതിനു തിരിച്ചടിയായാണ് ഷമേജിന് രാത്രിതന്നെ വെട്ടേറ്റത്. കൊലപാതകങ്ങളെ തുടര്‍ന്ന് മാഹിയിലും പരിസര പ്രദേശങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.