വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: നാലു പൊലിസുകാര്‍ കൂടി പ്രതികൾ

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ നാല് പൊലിസുകാരെക്കൂടി പ്രതിചേര്‍ത്തു. ഏപ്രില്‍ ആറിന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വരാപ്പുഴ സ്റ്റേഷനില്‍ ഉണ്ടായിരുന്ന എ.എസ്.ഐമാരായ ജയാനന്ദന്‍, സന്തോഷ്, സി.പി.ഒമാരായ ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരെ പ്രതി ചേര്‍ത്ത് പ്രത്യേക അന്വേഷണ സംഘം പറവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വെയ്ക്കാന്‍ കൂട്ടുനിന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവരെ പ്രതിചേര്‍ത്തിരിക്കുന്നത്.

കേസില്‍ നാട്ടുകാരായ എട്ട് സാക്ഷികളുടെ രഹസ്യമൊഴിയെടുക്കാനും എറണാംകുളം സി.ജെ.എം കോടതി അനുമതി നല്‍കി.

അതേസമയം, ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എറണാകുളം മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരേ അന്വേഷണസംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. ജോര്‍ജിന്റെ ഗുരുതര വീഴ്ച വ്യക്തമാക്കുന്ന നിര്‍ണായക മൊഴികളും ലഭിച്ചിട്ടുണ്ട്.

ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തതല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലിസ് ചമച്ച വ്യാജമൊഴിയെക്കുറിച്ച് ജോര്‍ജിന് വ്യക്തമായ അറിവുണ്ടായിരുന്നു എന്ന് വ്യക്തമായിരുന്നു.

ഇന്നലെ എ.വി ജോര്‍ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഉച്ചയ്ക്ക് 2.30ന് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ജോര്‍ജിനെ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂര്‍ നീണ്ടു. ആഭ്യന്തര വകുപ്പില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചശേഷമെ ജോര്‍ജിനെ കേസില്‍ പ്രതി ചേര്‍ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂ. ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ