യു.എസിന്റെ ആണവകരാര്‍ പിന്മാറ്റം ഇന്ത്യയുള്‍പ്പെടെ വികസ്വര രാജ്യങ്ങള്‍ക്ക് തിരിച്ചടി

ഇറാനെതിരായ അമേരിക്കയുടെ നീക്കം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും.

സഊദി അറേബ്യയുടെ നിലപാടുകൂടി വന്നതോടെയാണ് സാമ്പത്തിക നിരീക്ഷകര്‍ ഇങ്ങനെ ഒരു അഭിപ്രായത്തിലെത്തിയത്.

ഇറാനെതിരായ അമേരിക്കയുടെ പുതിയ നീക്കം ആഗോളതലത്തില്‍ പ്രതിഫലിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതോടെ കൂടുതല്‍ ഉപരോധം ഇറാനെതിരെ വരും.

ഇറാന്റെ എണ്ണ വിപണിയില്‍ കിട്ടാതെയാകും. നിലവില്‍ സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ്. ഇറാന്റെ എണ്ണ കൂടി ഇല്ലാതാകുന്നതോടെ വില കുതിച്ചുയരും.

ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ ജീവിതം പൊള്ളുന്ന കാഴ്ചയായിരിക്കും വരാനിരിക്കുന്നത്.

അതേസമയം ബറാക് ഒബാമ അവസാനിപ്പിച്ച ഉപരോധം ട്രംപ് വീണ്ടും പൊക്കികൊണ്ടു വന്നിരിക്കുന്നു. മേഖലയിലെ രണ്ടു ശക്തികള്‍ ഈ നീക്കത്തെ അനുകൂലിക്കുന്നു. സഊദിയും ഇസ്രായേലും അമേരിക്കയുടെ കൂടെയാണ്.

ഇറാനില്‍ ഇന്ത്യ നിര്‍മിക്കുന്ന ചബഹാര്‍ പോര്‍ട്ട് പ്രൊജക്റ്റ് ഒരു ചോദ്യചിഹ്നമായി തീരും എന്നതാണ് ഒന്നാമത്തെ വിഷയം. 18 മാസത്തേക്ക് ഇന്ത്യക്കു നടത്താന്‍ കൊടുത്താണ് കരാര്‍ ഉണ്ടാക്കിയത്.

പാകിസ്ഥാനെ മറികടന്നു ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ചരക്കു കൈമാറ്റം ചെയ്യാന്‍ ഈ തുറമുഖം ഇന്ത്യയെ സംബന്ധിച്ച് ഒരു മുഖ്യ ഘടകമാണ്. ഏകദേശം 500 മില്യണ്‍ ഡോളര്‍ ഈ തുറമുഖത്തിന്റെ വികസനത്തിന് വേണ്ടി ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇന്ത്യക്ക് ആ തുറമുഖം വഴി ലഭിക്കാന്‍ സാധ്യതയുള്ള വ്യാപാരത്തെ പുതിയ തീരുമാനം എങ്ങിനെ ബാധിക്കും എന്നതാണ് അമേരിക്കയുടെ കരാര്‍ പിന്മാറ്റം ഉയര്‍ത്തുന്ന ചോദ്യം.

ഇറാന്‍ ഉപരോധം മൂലം എണ്ണ വിലയില്‍ ഇരുപതു ശതമാനം വര്‍ധന ലോകം പ്രതീക്ഷിക്കുന്നു.

ഇറാഖ്,സഊദി എന്നിവ കഴിഞ്ഞാല്‍ പിന്നെ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാനില്‍ നിന്നാണ്. യൂറോപ്പ് ഈ ഉപരോധത്തോടു സഹകരിക്കാത്തതു കാരണം എണ്ണയുടെ ഇറക്കുമതി വിഷയത്തില്‍ ഉപരോധം തടസ്സമാകില്ല.

പക്ഷെ എണ്ണ വിലയുടെ കാര്യത്തില്‍ അത് ഇന്ത്യയെ ബാധിക്കും. ഇന്ത്യ ഇപ്പോള്‍ അമേരിക്ക,സഊദി, ഇസ്രായേല്‍ തുടങ്ങിയ രാഷ്ട്രങ്ങളോട് നല്ല ബന്ധമാണ്.

ഇറാനുമായുള്ള ഉപരോധം ഏഷ്യന്‍ മേഖലയില്‍ കാര്യമായി ബാധിക്കാന്‍ ഇന്ത്യയുടെ നിസ്സഹകരണം അത്യാവശ്യമാണ്. ഇന്ത്യ രണ്ടു കൂട്ടരെയും പിണക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിപ്പെട്ടിരിക്കുന്നു.

ഇറാനുമായുള്ള ബന്ധം മോശമായാല്‍ അവിടെ ചൈന കയറിക്കൂടും എന്ന ഭയവും ഇന്ത്യക്കുണ്ട്. ഇപ്പോള്‍ തന്നെ മേഖലയിലെ പല രാജ്യങ്ങളിലും ചൈനയുടെ സ്വാധീനം കൂടുതലാണ്.

പാകിസ്ഥാന്‍,ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ചൈന നിയന്ത്രണം ശക്തമാക്കുമ്പോള്‍ പുറത്തേക്കുള്ള വഴിയായ ഇറാനെ വേണ്ടെന്നുവയ്ക്കല്‍ ഇന്ത്യക്കു ആത്മഹത്യാപരമാണ്.

അതേസമയം നിലവില്‍ ആഗോള എണ്ണ വിപണിയില്‍ വീപ്പയ്ക്ക് 77 ഡോളറാണ് വില. ഇറാന്‍ എണ്ണ വിപണിയില്‍ ഉള്ളപ്പോഴാണിത്. ഇനി ഇറാന്‍ എണ്ണ ഇല്ലാതാകും. അതോടെ വില വീണ്ടും കൂടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ