ഈ.മ.യൗ

ഷിബു ഗോപാലകൃഷ്ണൻ
നമ്മളുടെ ആരുടേയും ആരുമല്ലാത്ത ചെല്ലാനം കടപ്പുറത്തെ വാവച്ചൻ മേസ്തിരിയുടെ മരണത്തിലേക്കു കൂട്ടികൊണ്ടുപോയി, അതിനിടയിൽ കൊണ്ടുനിർത്തി, സിനിമ തോർന്നു കഴിഞ്ഞും തോരാനാവാത്തവിധം നമ്മളെ നനച്ചുലച്ചു കളയുകയാണ് ലിജോ ജോസ് പെല്ലിശേരി എന്ന കൾട്ടിന്റെ കൊടുംമന്ത്രവാദി. മേസ്തിരിയുടെ മരണം ഓർക്കാപ്പുറത്തൊരു പെരുമഴ പോലെ കടപ്പുറമാകെ പെയ്യുമ്പോൾ, അതേറ്റു നനയുന്ന ഒരു കൂട്ടം മനുഷ്യരുടെ ഉപ്പുരുചിയുള്ള ജീവിതം, പ്രളയം പോലെ നിറയുന്ന രണ്ടുമണിക്കൂർ.

മരിച്ചവന്റെ മരണാനുഭവത്തെ കുറിച്ച് നമുക്കറിയില്ല. മരണം അനുഭവിച്ചു തീർക്കുന്നത് ജീവിച്ചിരിക്കുന്നവരാണ്, അതിനു ചുറ്റും കൂടിനിൽക്കുന്നവരും വീണുകിടക്കുന്നവരും ഓടിനടക്കുന്നവരും ആണ്. മരിച്ചവർക്കു മരണമില്ല; മരണം ജീവിച്ചിരിക്കുന്നവരുടേതാണ്.

യാതൊരു ഔചിത്യവും ഇല്ലാതെ, യാതൊന്നിനും കാത്തുനിൽക്കാതെ, ഔപചാരികതകളൊന്നുമില്ലാതെയാണ് മരണത്തിന്റെ കടന്നുവരവ്. ഔപചാരികതകളൊന്നുമില്ലാത്ത ദൃശ്യഭാഷയിലാണ് ഈ സിനിമയും നമ്മളോട് സംസാരിക്കുന്നത്. ചെത്തിയൊരുക്കിയ ഫ്രേമുകളില്ല, ആമുഖമായി അവതരിപ്പിക്കുന്ന ആർക്കുംവേണ്ടാത്ത അനാവശ്യ സീനുകളില്ല, ചിട്ടയൊപ്പിച്ച ഇമ്പമാർന്ന സംഗീതമില്ല, ശ്രവണസുന്ദരങ്ങളായ ഒച്ചകളില്ല, തോളത്തുകൈയിട്ടു സിനിമ നമ്മളെ ജീവിതത്തിന്റെ നേരിയ ഇരുട്ടുവീണ ലവണലാവണ്യങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു.

മഴമുട്ടി നിൽക്കുന്ന ഒരു ആകാശം അവിചാരിതമായതെന്തോ സംഭവിക്കാൻ പോകുന്നതിന്റെ ദുസൂചന നൽകി വെളിച്ചത്തെ വെട്ടിക്കുറച്ചു നിന്നു കറുക്കുന്നു. കടപ്പുറത്തെ ജീവിതത്തിനു സിനിമയിലേതുപോലെ പശ്ചാത്തലത്തിൽ ഇരമ്പുന്ന സംഗീതമുണ്ട്. കടൽത്തിരകളും കാക്കകളും കാറ്റും ചേർന്നു ചിട്ടപ്പെടുത്തിയ സിംഫണിയാണത്. മരണം ഉറപ്പിച്ചവനെ പോലെ നിർഭയനായി, സകലസമ്പാദ്യവും, കറിവയ്ക്കാൻ ഒരു താറാവും രണ്ടുകുപ്പി വാറ്റുചാരായവുമായി, ശവമടക്ക് പറഞ്ഞേൽപ്പിച്ചു മരിക്കാൻ അയാൾ വരികയാണ്. ബാന്റുമേളവും കണ്ണോക്കു പാട്ടും മെത്രാന്റെ ആശീർവാദവും അന്ത്യമൊഴിയായി പറഞ്ഞേൽപ്പിക്കുന്നു. താൻ ഒറ്റത്തടിയിൽ തീർത്ത രൂപക്കൂട് പള്ളി പൊളിക്കാൻ പോകുന്നു എന്നറിയിക്കുമ്പോൾ പൊളിക്കട്ടെ, പഴകിയാൽ മനുഷ്യരെ പോലും വച്ചേക്കരുത്, എന്നുപറഞ്ഞു മരണത്തോടുള്ള തന്റെ അനുകൂലനിലപാട് അയാൾ ഒരു വെളിപാടുപോലെ വ്യക്തമാക്കുന്നു.

വെട്ടിയിട്ടതു പോലെ വാവച്ചൻ മേസ്തിരി ജീവിതത്തിൽ നിന്നും സിമന്റു തറയിൽ അറ്റുവീണു നെറ്റിപൊട്ടി കടന്നു കളയുമ്പോൾ മുട്ടിനിന്ന മഴയെ ആകാശം പെയ്തുകളയാൻ തുടങ്ങുന്നു.

അപ്പനു കൊടുത്ത വാക്കു നിറവേറ്റാൻ, ഗംഭീരമായൊരു ശവമടക്കു സംഘടിപ്പിക്കാൻ, പാടുപെടുന്ന മകന്റെ മഴനനഞ്ഞ പരിശ്രമങ്ങളെ, അവനൊപ്പം കൂടിയവരെ, അവരുടെ കുത്തിത്തിരിപ്പുകളെ, ഒറ്റുകൊടുക്കലുകളെ, കെട്ടിപ്പിടിക്കലുകളെ, പകതീർക്കലുകളെ, ഒരിടത്തു ഉറച്ചു നിൽക്കാനറിയാത്ത വെറിപൂണ്ട ക്യാമറ നമുക്കു കാട്ടിത്തരുന്നു. നമ്മളും തുള്ളി മുറിയാതെ നനയുന്നു. ക്യാമറ നമ്മുടെ കണ്ണുകൾ പോലെ ശബ്ദം കേട്ടിടത്തേക്കു ഞെട്ടുകയും, നിലവിളി കേട്ടിടത്തേക്കു ഓടുകയും, കരച്ചിൽ കണ്ടു വിതുമ്പുകയും ചെയ്യുന്നു. പുറത്തുകടക്കാനാവാതെ നമ്മളും അവർക്കിടയിൽ പെട്ടുപോകുന്നു. കൈനകരി തങ്കരാജ്, ചെമ്പൻ വിനോദ്, വിനായകൻ, പൗളി, ദിലീഷ് പോത്തൻ, ഇവരെ ഒന്നും ഈ സിനിമയിൽ കാണാൻ കഴിയില്ല, ഇവർ അവതരിപ്പിച്ച കഥാപാത്രങ്ങളെ അല്ലാതെ.

കടപ്പുറത്തു മനുഷ്യർ കരയുമ്പോൾ മഴയായി വന്നുപെയ്യുന്നതു കടലു തന്നെ ആയിരിക്കണം, അതുകൊണ്ടാവണം ആ നനവിനു ഇത്രയധികം ഉപ്പുരുചി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ