സാഗരനിദ്ര (കവിതകൾ) ഇ.സന്ധ്യ 

ഏറെക്കുറെ വിപുലമായ ഒരു പുസ്തകശേഖരം എന്നും കൂട്ടിനുണ്ടായിരുന്നുവെങ്കിലും അതിൽ കവിതകൾ എപ്പോഴും തുലോം തുച്ഛമായിരുന്നു.ഗഹനമായ ചിന്താധാരകളെ ഗ്രഹിച്ചെടുക്കാനുള്ള സ്വന്തം കഴിവില്ലായ്മയെ തിരിച്ചറിഞ്ഞതുകൊണ്ടു ബോധപൂർവം ഒരു അകലം പാലിച്ചുപോന്നിരുന്നു എപ്പോഴും കവിതകളോട്.എന്നിട്ടും ഒരു നിയോഗമെന്നോണം ചില നല്ല കവിതാപുസ്തകങ്ങൾ എന്നെത്തേടി വന്നുകൊണ്ടിരുന്നു പലപ്പോഴും.അങ്ങിനെ ആ ശ്രേണിയിലേക്ക് കഴിഞ്ഞദിവസം വന്നുചേർന്ന പുതിയ പുസ്തകമാണ് കവിതയുടെ ഭംഗിയോടെ കഥകളെഴുതുന്ന ഇ.സന്ധ്യയുടെ ചെറുകഥയുടെ ചേതോഹാരിത വരികളിൽ സന്നിവേശിപ്പിച്ച കവിതകളുടെ സമാഹാരമായ *സാഗരനിദ്ര*

സുഹൃത്തിന്റെ മകളുടെ കല്യാണം പ്രമാണിച്ചു ഒരു ഹ്രസ്വകാല യാത്രയുണ്ടായിരുന്നു കഴിഞ്ഞമാസം നാട്ടിലേക്ക്.സഹധർമ്മിണിക്കു ഗുരുവായൂരമ്പലംപോലെ നാട്ടിലെത്തിയാൽ പതിവുതെറ്റിക്കാതെ സന്ദർശനം നടത്തുന്ന എന്റേതായ ചില സ്ഥലങ്ങളാണ് ഗ്രീൻ ബുക്ക്സ്,ഡി.സി.ബുക്ക്സ്,മ്യൂസിക് പാർക്ക് തുടങ്ങിയവ.ഇപ്രാവശ്യവും പതിവ് തെറ്റിച്ചില്ല.വാങ്ങാനുദ്ദേശിക്കുന്ന സീഡികളുടെയും പുസ്തകങ്ങളുടെയും ലിസ്റ്റിൽ സാഗരനിദ്രയുമുണ്ടായിരുന്നു.നിർഭാഗ്യമെന്നുപറയട്ടെ ഗ്രീൻ ബുക്സിൽ സ്റ്റോക്കില്ലായിരുന്നു.ഡി.സി.യിലെത്തിയപ്പോഴേക്കും കടയടക്കുകയും ചെയ്തു.

പിന്നീടുള്ള കുറച്ചുദിവസങ്ങൾ ശരിക്കും തിരക്കുപിടിച്ചതുതന്നെയായിരുന്നു.ഇങ്ങോട്ടു ഷാർജ്ജയിലേക്ക് തിരിച്ചുപോരാനായി പാക്കുചെയ്യേണ്ട സാധനങ്ങൾ തലേദിവസം എടുത്തുവച്ചപ്പോഴാണ് സാഗരനിദ്ര കിട്ടിയില്ലല്ലോയെന്നു പരിതപിച്ചത്‌.ജൂണിൽ വീണ്ടും നാട്ടിലേക്ക് വരുന്നുണ്ടല്ലോ അപ്പോൾ നോക്കാമെന്നു സമാധാനിക്കുകയും ചെയ്തു.

എയർപോർട്ടിലെത്തി എമിഗ്രേഷൻ സെക്കൂരിറ്റി ചെക്കിങ്ങെല്ലാം കഴിഞ്ഞു ബോർഡിങ്ങിനായി വെയിറ്റുചെയ്യുന്ന ലോഞ്ചിലെ സീറ്റിൽ നിവർന്നിരുന്നപ്പോഴാണ് എതിർദിശയിലെ ഡി.സി.ബുക്ക് ഷോപ്പ് കണ്ണിലുടക്കിയത്.അരിച്ചുപെറുക്കിനോക്കിയിട്ടും സാഗരനിദ്ര കണ്ടില്ല.രണ്ടുമൂന്നു പുസ്തകങ്ങളെടുത്തു പേയ്‌മെന്റിനായി കൗണ്ടറിൽ നിന്നപ്പോൾ കാര്യമായ പ്രതീക്ഷയൊന്നും ഇല്ലാതെയാണ് സാഗരനിദ്രയുണ്ടോയെന്നു ചോദിച്ചത്.എന്നാൽ അതിനു മറുപടി പറയാതെ ചിലപുസ്തകങ്ങൾക്ക് പുറകിൽനിന്ന്.സാഗരനിദ്ര എടുത്തുതരുമ്പോൾ സെയിൽസ്മാന്റെ മുഖഭാവംകണ്ടാൽ എനിക്ക് എടുത്തുതന്നതു പ്ലേയ്‌ബോയിയോ പെന്റ്ഹൗസ് മാഗസിനോ മറ്റോ ആണെന്ന് തോന്നുംവിധമായിരുന്നു.

ഫ്ലൈറ്റ് ടേക്ക്ഓഫ് കഴിഞ്ഞു കുറച്ചുനേരമായി. അടുത്ത സീറ്റിലെ യാത്രക്കാർ സംഭാഷണപ്രിയരാണെങ്കിൽ എന്തെങ്കിലും സംസാരിച്ചിരിക്കുക അതുമല്ലെങ്കിൽ ഉറങ്ങുക ഇതൊക്കെയാണ് എന്റെ പതുവുശീലങ്ങൾ ഇതിപ്പോൾ അടുത്തിരിക്കുന്നത് ഭാര്യയും കുട്ടികളുമാണ്.ഭാര്യയാണെങ്കിൽ പാതിമയക്കത്തിലും കുട്ടികൾ സിനിമകാണുന്ന രസത്തിലുമാണ്.ഒരു സംസാരത്തിനുള്ള സ്കോപ്പില്ല.
ഓറഞ്ചുജ്യൂസിനോട് ചേർന്ന വോഡ്ക്കയെ അൽപ്പാല്പമായി നുണഞ്ഞിറക്കിയിട്ടും നിദ്രവരുന്ന ലക്ഷണവും കാണാനില്ല.എന്നാൽപ്പിന്നെ സാഗരനിദ്രയാവട്ടെ എന്ന് തീരുമാനിച്ചു ട്രോളിബാഗിൽനിന്നും പുസ്തകം പുറത്തെടുത്തു പേജുകൾ മെല്ലെ ഒന്നൊന്നായി മറിച്ചു.

ഒരു മുൻവിധിയോടെ സമീപിക്കാതിരിക്കാൻ മുഖവുര ഒഴിവാക്കി (ശങ്കരൻ മാഷിന്റെ നല്ല ഒന്നാന്തരം അവതാരികയായിരുന്നു.ആദ്യമേ വായിക്കാമായിരുന്നുവെന്നു പിന്നീട് തോന്നി) നേരെ കവിതയിലേക്ക് കടക്കുകയായിരുന്നു.

53 കവിതകളുള്ള സമാഹാരത്തിലെ ആദ്യ കവിത രൂപാന്തരം.ആ തലക്കെട്ട് എന്തോ കാഫ്കയെ ഓർമ്മിപ്പിച്ചു.നഗരവൽക്കരണത്തിന്റെ ഭാഗമായി നഷ്ട്ടപ്പെട്ട നാട്ടുനന്മകളിലേക്കു ഒന്ന് എത്തിനോക്കുകയും വായനക്കാരന്റെ ചിന്തയെ
അതിനായി ഉദ്ധീപിക്കുകയും ചെയ്യുന്നു ഈ കവിത.
സൂപ്പർമാർക്കറ്റിൻറെ കാർ പാർക്കിങ്ങിലേക്കു നോക്കുമ്പോൾ മണിസ്വാമിക്ക് വിശാലമായ പഴയ തൊഴുത്താണ് സ്മൃതികളിൽ വന്നുനിറയുന്നതു.തന്റെ തിമിരം ബാധിച്ച കണ്ണുകൾ ഇടയ്ക്കിടെ തുടക്കുമ്പോൾ കാഴ്ച തെളിയുന്നത് ഓർമ്മകളിലേക്കാണ്.അപ്പോൾ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾ മെല്ലെ പശുക്കളായി രൂപാന്തരം പ്രാപിക്കാൻ തുടങ്ങും.കണ്ണാടികൾ ചെവികളായി ലൈറ്റുകൾ കൊമ്പുകളായി വാതിലുകൾ കാലുകളായി കാറുകൾക്ക് ജീവൻവച്ച് കറുമ്പി പാണ്ടിച്ചി രുഗ്മിണി എന്നിങ്ങനെ കുടമാണിയാട്ടിനിൽക്കുന്ന പശുക്കളായി മാറുന്നു.
ഈ കവിത വായിച്ചുകഴിഞ്ഞപ്പോൾ ഞാനേതോ മാസ്മരീകലോകത്തു എത്തിപ്പെട്ടപോലെയായി, ഇതിനകം വോഡ്ക്കയുടെ ലഹരിയും കവിതയുടെ ലഹരിയും എവിടെയോവച്ചുസന്ധിച്ചു ഒന്നായി തീർന്നിരുന്നു.പിന്നീട് മറ്റെല്ലാം അപ്രസക്തമായി.ആൾക്കൂട്ടത്തിൽ തനിയെ എന്നപോലെ ഞാൻ ഒരു ധ്യാനാവസ്ഥയിലേക്ക് പ്രവേശിച്ചു.തുടർന്ന് അടുത്ത കവിതയിൽനിന്നു അതിനടുത്ത കവിതയിലേക്കുള്ള എന്റെ പ്രയാണം
തുടങ്ങി.

നിയമം കൈയ്യിലെടുക്കാത്തവർ എന്ന കവിതയിൽ സദാചാരപോലീസിന്റെ തസ്തികയില്ലാത്ത ജന്തുലോകത്തെ വർണ്ണിച്ചുകൊണ്ടു ഇന്നത്തെ കപട സദാചാരവാദികൾക്കൊരു പ്രഹരമേല്പിക്കുന്നുണ്ട് കവയത്രി.

റീസൈക്ലിങ്ങിനെക്കുറിച്ചുള്ള പരമ്പരാഗതമായ അറിവിനെയും അമ്മയുടെ ആരും അധികം ശ്രദ്ധിക്കാതെപോകുന്ന മറ്റൊരുമുഖത്തെയും കാണിച്ചുതരുന്നു പേറ്റന്റ് എന്ന കവിത.ഇത് ഇന്നത്തെ ഉപയോഗശേഷം വലിച്ചെറിയുന്ന ഒരു സംസ്കാരത്തിനെതിരെയുള്ള താക്കീതുമാത്രമല്ല,അതിനപ്പുറം അവനവാത്മസുഖത്തിനായ് ആചരിക്കുന്നവ
അപരനും സുഖത്തിനായി വരേണമെന്ന ഗുരുവാക്യത്തിന്റെ അന്തസത്തപോലും ഉൾക്കൊള്ളുന്നുണ്ട്.ബ്രെഡിന്റെ പൊടികൾ
പല്ലികൾക്ക് ഉറുമ്പുകൾക്ക് എന്നുള്ള വരികൾ ശ്രദ്ധിക്കുക.

ഇലകൾ നിലവുകുടിച്ചു ചുരുണ്ടുറങ്ങുന്നത് ഉമ്മപ്പൂക്കൾ വിടരുന്നത് കായ്ക്കുന്നത്…ഹോ
എന്തൊരു ഭംഗിയോടെയാണ് വാക്കുകൾ അടുക്കിവച്ചിരിക്കുന്നത്. ചില കാഴ്ചകളെങ്കിലും കണ്ണുതുറന്നുകാണേണ്ടവയല്ല ഹൃദയംകൊണ്ട് അറിയേണ്ടവയെന്ന് ഓർമ്മിപ്പിക്കുന്നു ഉമ്മമരം എന്ന ഈ കവിത.

പരീക്ഷാഹോളിൽ എന്ന കവിതയിൽ അവസാനമാണിയടിച്ചുകഴിഞ്ഞശേഷം
പരീക്ഷയെഴുതുന്നവന് അല്പസമയംകൂടി അനുവദിച്ചുനൽകുന്ന പരീക്ഷാചുമതലയുള്ളവനെ
ദയാഹർജ്ജി അനുവദിച്ചുകൊടുക്കുന്ന ദൈവമാക്കി
ഉയർത്തുന്നുണ്ടെങ്കിലും കവിതയിലുടനീളം പടർന്നുനിൽക്കുന്നത് മനുഷ്യന്റെ നിസ്സഹായാവസ്ഥ തന്നെയാണ്. അവന്റെ ആത്മാവിന്റെ വ്യഥയും
അദൃശ്യമായ ചങ്ങലകളുടെ കിലുക്കവും നമുക്കിവിടെ കേൾക്കാതിരിക്കാനാവില്ല.

മാൻഡലിൻ എന്ന കവിത എനിക്ക് പ്രിയതരമാകുന്നത്
എന്റെ സംഗീത ഭ്രാന്തോ ക്‌ളാസിക്കൽ സംഗീത താല്പര്യമോ ചുരുങ്ങിയപക്ഷം യു.ശ്രീനിവാസിനോടുള്ള ആരാധനയോ ആയിരുന്നില്ല ആ കവിതയുടെ ഘടന തന്നെയാണ് എന്നെ ആകർഷിച്ചത്.

ബട്ടർഫ്‌ളൈ ലിംഫോമ എന്ന അസുഖം ബാധിച്ചു ചിറകുകൾവിരിയുംമുമ്പേ പറന്നുപോയ കുടുംബസുഹൃത്തിന്റെ മകൻ ടോംസിനായി എഴുതിയ പൂമ്പാറ്റസ്വാപ്നം എന്ന കവിത ഒരിറ്റു കണ്ണീരെങ്കിലും വീഴ്ത്താതെ വായിച്ചവസാനിപ്പിക്കാൻ ബുദ്ധിമുട്ടായിരിക്കും.

ഉള്ളിലേക്കുവളരുന്ന മരങ്ങൾ എന്ന കവിതയിൽ തുടിക്കുന്നത് പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടിയുള്ള ഒരു നിശബ്ദ നിലവിളി തന്നെയാണ്.

പടിയിറങ്ങുമ്പോൾ എന്ന കവിത ജയരാജിന്റെ കരുണം എന്ന സിനിമയെ ഓർമ്മിപ്പിച്ചു.
കരയാതെ പതറാതെ അന്നാമ്മ നീങ്ങവേ
അപരാഹ്നം പുലർവേളപോലെയായ് ചാച്ചനും
എന്ന വരി എന്നെ വല്ലാതെ സ്പർശിച്ചു.
എല്ലാം മലയാളക്കരയുടെ സമകാലീന ദുരന്തങ്ങൾ തന്നെ.

ചില ഇഷ്ടങ്ങൾക്കു കാരണം തിരഞ്ഞു പോകേണ്ടതില്ലെന്നു പറയാറില്ലേ അതുപോലോരിഷ്ടം തോന്നി ബാവുൽ എന്ന കവിതയോട്.

ഇനിയുമുണ്ട് ഈ സമാഹാരത്തിൽ എടുത്തുപറയാവുന്ന പ്രത്യകതകളുള്ള രസകരമായ കവിതകൾ. ഓരോന്നായി ഇഴപിരിച്ചു അപഗ്രഥിച്ചാലുണ്ടാവുന്ന വിസ്താരഭയം മൂലം അതിനു മുതിരുന്നില്ലെന്നു മാത്രം.
ചില കവിതകളെങ്കിലും മധുരംപുരട്ടിയ മരുന്നുകളാവുന്നുണ്ട് സമൂഹത്തിനു ഗ്രസിച്ചിരിക്കുന്ന രോഗത്തിനെതിരെ.
വൈവിധ്യപൂർണ്ണമായ വിഷയങ്ങൾ കവിതകളിലൂടെ
സംവേദനം ചെയ്യപ്പെടുന്നുണ്ടെങ്കിലും പ്രണയത്തിന്റെ അദൃശ്യമായ നൂലിഴ മിക്കവാറും എല്ലാ കവിതകളിലും എനിക്ക് ദർശിക്കാനായി.

അങ്ങിനെ എമിരേറ്റ്സിന്റെ ഇ.കെ.531 ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നതിന് മുമ്പ് സാഗരനിദ്ര മുഴുവനാക്കി ഞാൻ ഉണർന്നിരുന്നു.അതിനും എത്രയോമുമ്പ് മറ്റെല്ലാ ലഹരിയും വിട്ടകന്നു കവിതയുടെ ലഹരിയിൽ ഞാനെത്തിയിരുന്നു.

ഡി.സി.ബുക്‌സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കിഷോർ ദാസ് 
ഷാർജ്ജ