യു.എസ് പൗരത്വം തിരസ്‌കരിച്ചതിന് തന്നെ കുടുക്കി: നമ്പി നാരായണന്‍

ന്യൂഡല്‍ഹി: തനിക്ക് വാഗ്ദാനം ചെയ്ത യു.എസ് പൗരത്വം തിരസ്‌കരിച്ചതിനാണ് തന്നെ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുടുക്കിയതെന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സുപ്രിംകോടതിയില്‍ ബോധിപ്പിച്ചു.ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നല്‍കിയ കേസിന്റെ വാദം കേള്‍ക്കാനെത്തിയ നമ്പി നാരായണനെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരിട്ട് വിളിപ്പിച്ച് പരാതി കേള്‍ക്കുകയായിരുന്നു.
സിബി മാത്യൂസിന്റെ അഭിഭാഷകന് അസൗകര്യമുള്ളതിനാല്‍ കേസ് മാറ്റണമെന്ന അഭ്യര്‍ഥന എതിര്‍ഭാഗം ഉന്നയിച്ചപ്പോള്‍ നമ്പിനാരായണന്‍ കോടതി ഗ്യാലറിയില്‍ ഇരിക്കുന്ന കാര്യം ചീഫ് ജസ്റ്റിസിനെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ചീഫ് ജസ്റ്റിസ് അദ്ദേഹത്തെ മുന്നിലേക്ക് വിളിപ്പിച്ചു. യു.എസിലെ പ്രിന്‍സ്‌ടോണിയന്‍ സര്‍വ്വകലാശാലയില്‍ കമ്പസ്റ്റിയന്‍ ഇന്‍സ്റ്റബിലിറ്റി പഠിച്ച തനിക്ക് നാസയില്‍ ഫെലോഷിപ്പ് ലഭിച്ചിരുന്നു. സങ്കീര്‍ണമായ വിഷയത്തിലെ അറിവു മാനിച്ച് യു.എസ് പൗരത്വം വാഗ്ദാനം ചെയ്‌തെങ്കിലും താന്‍ അത് വേണ്ടെന്നു വച്ച് നാട്ടിലെത്തി.
ഐ.എസ്.ആര്‍.ഒയില്‍ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ ടെക്‌നിക് വിഭാഗത്തില്‍ വികാസ് എന്‍ജിന്‍ വികസിപ്പിക്കുന്നതില്‍ പങ്ക് വഹിച്ചു. ഇതാണ് തനിക്ക് വിനയായതെന്ന് അദ്ദേഹം പറഞ്ഞു.