അനധികൃതമായി ഒരു രൂപയെങ്കിലും കൂടുതല്‍ സ്വത്ത് തനിക്കുണ്ടെന്ന് കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് സജി ചെറിയാന്‍

ആലപ്പുഴ: സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയതിനേക്കാള്‍ ഒരു രൂപയെങ്കിലും കൂടുതല്‍ സ്വത്ത് തനിക്കുണ്ടെന്ന് കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുമെന്നും അദ്ദേഹം പറഞ്ഞു. പരാജയഭീതിയെ തുടര്‍ന്ന് പാര്‍ട്ടിയുടെ സ്വത്ത് തന്റെ സ്വത്തായി വ്യാഖ്യാനിച്ചാണ് എതിരാളികളുടെ പ്രചാരണമെന്നും സജി ചെറിയാന്‍ ആരോപിച്ചു.

സ്വത്ത് വിവരങ്ങള്‍ മറച്ചു വെച്ചാണ് പത്രിക സമര്‍പ്പിച്ചതെന്ന് സജി ചെറിയാനെതിരെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ പത്രിക തള്ളാനുള്ള കാരണമല്ലെന്ന് വരണാധികാരി അറിയിച്ചു.

നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് എടുത്തപ്പോള്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് സജി ചെറിയാന്റെ പത്രികയിലെ കുഴപ്പങ്ങള്‍ ചൂണ്ടിക്കാട്ടിയത്. സജി ചെറിയാന്റെ പേരില്‍ അമ്പലപ്പുഴയില്‍ ഒന്നര ഏക്കര്‍ ഭൂമിയുണ്ടെന്നും ഇത് പത്രികയില്‍ കാണിച്ചിട്ടില്ലെന്നുമാണ് ആരോപണം. ഇത് കോണ്‍ഗ്രസും ബി.ജെ.പിയും ഏറ്റെടുത്തതോടെ പ്രശ്‌നമായി. എന്നാല്‍ പാര്‍ട്ടിയുടെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വാങ്ങിയ ഭൂമിയാണ് ഇതെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ വിശദീകരണം.

തുടര്‍ന്ന് സജി ചെറിയാന്റെ ചെങ്ങന്നൂരിലെ ഭൂമിയുടെ വില കുറച്ച് കാണിച്ചെന്നും, 17 ആധാരങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്നും, തന്റെ പേരിലുള്ള നാല് ക്രിമിനല്‍ കേസുകള്‍ സജി ചെറിയാന്‍ മറച്ച് വച്ചുവെന്നും ആരോപണം ഉയര്‍ന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് സജി ചെറിയാന്റെ പത്രിക തള്ളണമെന്നാണ് യു.ഡി.എഫ് , ബി.ജെ.പി അംഗങ്ങളുടെ ആവശ്യം. എന്നാല്‍ പരാതിയില്‍ ഉന്നയിച്ച കാരണങ്ങള്‍ പത്രിക തള്ളാവുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരിയുടെ നടപടി.