മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേന മുന്‍ മേധാവി ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു

മുംബൈ: മഹാരാഷ്ട്ര മുന്‍ തീവ്രവാദ വിരുദ്ധസേന മേധാവി ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു. മുംബൈയിലെ വീട്ടില്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നു. കുറച്ചുവര്‍ഷങ്ങളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ഇത് മൂലമുള്ള വിഷാദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൃതദേഹം മുംബൈ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഹിമാൻഷു കോളിളക്കം സൃഷ്‌ടിച്ച നിരവധി കേസുകൾ തെളിയിച്ചിട്ടുണ്ട്. 2013ൽ ഐ.പി.എൽ വാതുവയ്‌പ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടനായ വിന്ദു ധാരാ സിംഗിനെ അറസ്‌റ്റ് ചെയ്‌തത് ഹിമാൻഷുവാണ്. ഇതിന് പുറമെ മാദ്ധ്യമ പ്രവർത്തകൻ ജാഡേയുടെ കൊലപാതകം, വിജയ് പലാൻഡേ, ലൈലാ ഖാൻ ഇരട്ടക്കൊലപാതകം തുടങ്ങിയ കേസുകൾ തെളിയിക്കുന്നതിന് നിർണായക പങ്ക് വഹിക്കുകയും ചെയ്‌തിരുന്നു.