തീയേറ്റര്‍ പീഡനം: പൊലീസിന് വീഴ്ചപറ്റിയെന്ന് സ്പീക്കര്‍; കേസ് പൂഴ്ത്താന്‍ എങ്ങനെ ധൈര്യമുണ്ടായി

തിരുവനന്തപുരം: സിനിമാ തിയേറ്റര്‍ പീഡനം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നതില്‍ ചങ്ങരംകുളം പൊലീസിന് വീഴ്ചപറ്റിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പരാതി ദിവസങ്ങളോളം പൂഴ്ത്തിവെക്കാന്‍ ചങ്ങരംകുളം പൊലീസിന് എങ്ങനെ ധൈര്യമുണ്ടായി എന്നത് അന്വേഷിക്കേണ്ടതാണ്. നിരുത്തരവാദപരമായ പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിനിമ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ കുട്ടിയുടെ അമ്മക്കെതിരെയും കേസെടുത്തിട്ടുണ്ട്. പോക്‌സോ നിയമപ്രകരമാണ് കേസെടുത്തിരിക്കുന്നത്. അമ്മയുടെ അറിവോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

കേസില്‍ അറസ്റ്റിലായ പാലക്കാട് തൃത്താലയിലെ പ്രമുഖ വ്യവസായി കാങ്കനകത്ത് മൊയ്തീന്‍കുട്ടിയെ ഇന്ന് മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കും. ഇതിന് മുന്നോടിയായി പ്രതിയെ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കി.