തീയേറ്റര്‍ പീഡനം: പൊലീസിനെതിരെ വനിതാകമ്മീഷന്‍

തിരുവനന്തപുരം: തീയേറ്റര്‍ പീഡനത്തില്‍ പൊലീസിനെതിരെ വനിതാ കമ്മീഷന്‍. പൊലീസിന് ജാഗ്രതാക്കുറവുണ്ടായെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പ്രതികരിച്ചു. പൊലീസിന്റേത് സ്ത്രീവിരുദ്ധ മനോഭാവമാണെന്ന് ജോസഫൈന് വിമര്‍ശിച്ചു. ഇതിനെ സര്‍ക്കാരിനെതിരായ അജണ്ടയാക്കി മാറ്റേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം തീയേറ്റര്‍ പീഡനത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ അമ്മയെ പൊന്നാനിയില്‍ കൊണ്ടു വന്ന് തെളിവെടുക്കും. പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. നേരത്തെ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം. സ്ത്രീയും കുട്ടിയും ആദ്യം തീയേറ്ററിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറില്‍ എത്തുകയുമായിരുന്നു. മുതിര്‍ന്ന സ്ത്രീക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കന്‍ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം ചൈല്‍ഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു.

26നു തന്നെ, കേസെടുക്കണമെന്ന ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ്‌ലൈന്‍ പൊലീസു കൈമാറി. നടപടിയൊന്നും സ്വീകരിക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് ഇന്നലെയാണ് കേസ് റജിസ്റ്റര്‍ ചെയ്തതും പ്രതിയെ പിടികൂടിയതും. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയല്‍ (പോക്‌സോ) നിയമം അനുസരിച്ചാണ് കേസ്.

മുന്‍കൂര്‍ജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് മൊയ്തീന്‍കുട്ടി അറസ്റ്റിലായത്. പ്രതി വിദേശത്തേക്കു കടക്കാന്‍ പദ്ധതിയിട്ടിരുന്നതായി പിടികൂടിയ പാലക്കാട് പൊലീസ് പറഞ്ഞു. രാത്രി കുറ്റിപ്പുറം സ്‌റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തു. പിന്നീട് പൊന്നാനി സ്‌റ്റേഷനിലേക്ക് മാറ്റി.