മാഹിയിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: മാഹിയിലെ സിപിഐഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ജെറിന്‍ സുരേഷ്, പി.കെ നിജേഷ്, പി.കെ ശരത്ത് എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ കസ്റ്റഡിയിലെടുത്ത 13 പേരില്‍ പെട്ടവരാണ് ഇവര്‍. ഇവരെ 14 ദിവസത്തേക്ക് റിമാന്റ്‌ ചെയ്തു.

പുതുച്ചേരി, കേരള പൊലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. സിപിഐഎം നേതാവ് ബാബു കണ്ണിപ്പൊയിലിന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെയും ഘാതകരെ തിരഞ്ഞുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. വിവരങ്ങള്‍ പരസ്പരം കൈമാറിയാണ് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് അന്വേഷണം തുടരുന്നത്.

ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗം വിജയന്‍ പൂവച്ചേരിയെ പള്ളൂര്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. ബാബുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതായി സംശയം തോന്നിയതാണ് ചോദ്യം ചെയ്യാന്‍ കാരണം. ഷമേജിന്റെ കൊലപാതകം അന്വേഷിക്കുന്ന കേരള പൊലീസ് ഇതിനോടകം ഇരുപത് പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. കൊലപാതകം നടന്ന പ്രദേശത്തെ സിസിടിവി ദൃശങ്ങളും ശേഖരിച്ചിട്ടുണ്ട്. ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്.