കര്‍ണാടക വോട്ടെടുപ്പിനു പിന്നാലെ ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

ന്യൂഡല്‍ഹി: കര്‍ണാടക വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ എണ്ണ കമ്പനികള്‍ പെട്രോള്‍ഡീസല്‍ വില വീണ്ടും ഉയര്‍ത്തി. 19 ദിവസത്തെ ഇടവേളക്ക് ശേഷമാണ് വിലയില്‍ വര്‍ധനയുണ്ടാവുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിനകമുണ്ടായ വര്‍ധന കര്‍ണാടകയില്‍ തിരിച്ചടി നേരിടുമെന്ന ഭീതിയിലാണ് ഇന്ധനവില വര്‍ധന മരവിപ്പിച്ചതെന്ന ആക്ഷേപം ശരിവെക്കുന്നതാണ്.

ഇന്ന് തിരുവനന്തപുരത്ത് പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ 24നാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ അവസാനമായി മാറ്റമുണ്ടായത്. ഏപ്രില്‍ 24ന് ശേഷം ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടും അതിനനുസൃതമായി മാറ്റം എണ്ണ കമ്പനികള്‍ വരുത്തിയിരുന്നില്ല. ആഗോള വിപണിക്ക് അനുസൃതമായി ദിനംപ്രതി എണ്ണ വിലയില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിന് ശേഷം വിലയിലെ മാറ്റം മരവിപ്പിച്ച് നിര്‍ത്തുന്നത് ഇതാദ്യമായിട്ടായിരുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ മൂലമാണ് ദിനംപ്രതി മാറ്റം വന്ന് കൊണ്ടിരുന്ന എണ്ണവില തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ച് നിര്‍ത്തിയതെന്ന് പ്രതിപക്ഷ ആരോപിരുന്നു.