ഔറംഗാബാദ് വര്‍ഗീയ സംഘര്‍ഷം: പൊലിസും പങ്കുകാരെന്ന് റിപ്പോര്‍ട്ട്; ദൃശ്യങ്ങള്‍ പുറത്ത്

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ പൊലിസ് ഉദ്യോഗസ്ഥരും പങ്കുകാരെന്ന് റിപ്പോര്‍ട്ട്.  അക്രമികള്‍ വാഹനങ്ങളും കടകളും അഗ്‌നിക്കിരയാക്കുമ്പോള്‍ പൊലിസുകാരും ഒപ്പം നില്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഇതേ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സംഘര്‍ഷമുണ്ടായ പ്രദേശത്തെ കെട്ടിടത്തില്‍ നിന്നെടുത്തതാണ് ദൃശ്യങ്ങള്‍. വാഹനങ്ങള്‍ കത്തിക്കാനുള്ള വസ്തുക്കളുമായി കലാപകാരികള്‍ പോകുമ്പോള്‍ അവര്‍ക്കൊപ്പം പത്തോളം പൊലിസുകാരും നടന്ന് നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കലാപകാരികള്‍ പൊലിസിന്റെ സാന്നിധ്യത്തില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ നശിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവം വളരെ ഗൗരവമുള്ളതാണ്. കുറ്റക്കാര്‍ പൊലിസുകാരായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നെന്നും ഔറംഗബാദ് പൊലിസ് മേധാവി മിലിന്ദ് ഭരാംബെ പറഞ്ഞു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ പ്രദേശത്ത് സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയിലാണ് ഇരു സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വെള്ളിയാഴ്ച രാത്രി നഗരത്തിലെ മോട്ടികരാഞ്ച് മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. അനധികൃത വെള്ളക്കണക്ഷന്‍ വിച്ഛേദിച്ചതിന് ചിലര്‍ വര്‍ഗീയ നിറം നല്‍കിയതാണ് സംഘര്‍ഷത്തിനു കാരണമായത്.