കര്‍ണാടക തെരഞ്ഞടുപ്പ്; കൂട്ടിയും കിഴിച്ചും പാര്‍ട്ടികള്‍

വീരാജ്‌പേട്ട: കര്‍ണാടക നിയമസഭയിലേക്ക് നടന്ന തെരഞ്ഞടുപ്പ് ഫലം ചൊവ്വാഴ്ച പുറത്തുവരാനിരിക്കെ കൂട്ടിയും കിഴിച്ചും പാര്‍ട്ടികള്‍. മുമ്പെങ്ങുമില്ലാത്ത വീറും വാശിയുമായിരുന്നു ഇത്തവണ കുടക് മണ്ഡലത്തില്‍ തെരഞ്ഞടുപ്പിന്.

15 വര്‍ഷമായി ജില്ലയുടെ ആധിപത്യം ബി.ജെ.പിയുടെ കൈകളിലാണ്. വീണ്ടും താമര വിരിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. തോട്ടം മേഘലയിലെ വോട്ടുകള്‍ ബി.ജെ.പിക്ക് തുണച്ചുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. 2013ലെ തെരഞ്ഞെടുപ്പിനെക്കാളും ജില്ലയില്‍ രണ്ട് ശതമാനം വോട്ടിന്റെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് ഭരണവിരുദ്ധ വികാരമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇരു മണ്ഡലങ്ങളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍.

സി.എന്‍ അറുന്‍ മാച്ചയ്യയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പൊതുവെ കൊടവ സമൂഹത്തില്‍ സന്തോഷം പകര്‍ന്നിരുന്നു. ദലിദ്, ന്യൂനപക്ഷത്തിന് നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളും സിദ്ധരാമയ്യയുടെ ഭരണ നേട്ടങ്ങളും വോട്ടര്‍മാരില്‍ പ്രതിഫലിപ്പിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസിനെ തുണക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പല ബൂത്തുകളിലും ബി.ജെ.പി വോട്ടുകള്‍ ജെ.ഡി.എസിലേക്ക് മറിഞ്ഞേക്കാമെന്നും വിലയിരുത്തലുണ്ട്. ചില സ്ഥലങ്ങളില്‍ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകര്‍ ജെ.ഡി.എസിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ഇതല്ലാം കോണ്‍ഗ്രസിനെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് അണികള്‍.