22 കാരറ്റ് സ്വാമി …പത്തിലധികമുണ്ട് പലതരം മാലകൾ രണ്ടുകയ്യിലും നിറയെ തടവളകൾ

സതീഷ് കുമാർ

കൊടുങ്ങല്ലൂർ ഭരണിക്കെത്തുന്ന കോമരങ്ങളിൽ അധികവും പാലക്കാട്‌ കണ്ണൂർ ഭാഗങ്ങളിൽ നിന്നെത്തുന്ന താരതമ്യേന സാമ്പത്തികശേഷി കുറഞ്ഞ അതിസാധരണക്കാരായ ആളുകൾ ആണ്‌ എന്നായിരുന്നു എന്റെയൊരു ധാരണ.എന്നാൽ അത്‌ എത്രമേൽ അബദ്ധമാണെന്ന് ഇത്തവണ പാലക്കാട്‌ തോലന്നൂരിൽ നിന്നുള്ള ദാസൻ വെളിച്ചപ്പാടിനെ പരിചയപ്പെട്ടപ്പോളാണ്‌ മനസിലായത്‌.ദേഹം മുഴുവൻ സ്വർണാഭരണങ്ങളും ധരിച്ചാണ്‌ വെളിച്ചപ്പാട്‌ ഭരണിക്ക്‌ വന്നിരിക്കുന്നത്‌
ആഭരണങ്ങൾ എന്നാൽ ചില്ലറയൊന്നുമല്ല
ഏകദേശം നാന്നൂറ്‌ പവനോളം വരും ഞാൻ കാണുമ്പോൾ സ്വാമിയുടെ ദേഹത്തുള്ള സ്വർണ്ണം.പാലക്കാട് തോലന്നൂരിൽ സ്വന്തമായി ഒരു ക്ഷേത്രമുണ്ട് സ്വാമിക്ക്
അവിടെ ഗംഭീര ഉത്സവമോക്കെ നടത്തിയിട്ടാണ് എല്ലാ വർഷവും മൂപ്പർ ഭരണിക്ക് പുറപ്പെടുക .ധാരാളം പരിവാരങ്ങളുമൊക്കെയയി കേമമായിതന്നെയാണ് സ്വാമിയുടെ വരവ്.
കിഴക്കേ നടയിലെ ഒരു ഹോട്ടൽ മുഴുവൻ സ്വാമിക്കും ഭക്തന്മാർക്കും വേണ്ടി ബുക്ക് ചെയ്തിട്ടുണ്ട് .മുറികളിൽ മിക്കതും ഏസി യാണ് ,പാലക്കാടും ഏസി ഇല്ലാതെ പറ്റുന്നുണ്ടാവില്ല.
എല്ലാം ദേവിയുടെയാണ്.ആഭരണങ്ങൾ കാണിച്ച് സ്വാമി പറഞ്ഞു
ഓരോരോ കാര്യങ്ങൾ സാധിക്കുമ്പോൾ ഭക്തർ സംഭാവന ചെയ്യുന്ന പണ്ടങ്ങൾ.ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി സമർപ്പിക്കപ്പെട്ടവ

ഒരു പോലീസു കാരൻ തന്നതാണ് ..ഇരുപത് പവനുണ്ട്…
സ്വാമി അരഞ്ഞാണം ഊരി എന്റെ കയ്യിൽ തന്നു,
ഇരുപത് പവനിൽ ഒരു ആഭരണം ഞാൻ ആദ്യം കാണുകയായിരുന്നു ഇരുപത് പവൻ ഒരു സ്വാമിക്ക് സംഭാവന ചെയ്യാൻ മാത്രം ധനസ്ഥിതിയൊക്കെ നമ്മുടെ നാട്ടിലെ പോലീസുകാർക്കുണ്ടല്ലോ എന്നായിരുന്നു എന്റെ ചിന്ത അപ്പോൾ

പത്തിലധികമുണ്ട് പലതരം മാലകൾ
രണ്ടുകയ്യിലും നിറയെ തടവളകൾ ,കാലിൽ പാദസരം പോലെ ഒന്ന്
ഷോറൂമിൽ നിന്ന് അപ്പോൾ എടുത്തുകൊണ്ട് വന്നതുപോലെ പുതുക്കമുള്ള പണ്ടങ്ങൾ

പാലക്കാട് ജോസ്കോ ജ്വല്ലറിക്കാർ മിനുക്കിക്കൊടുക്കുന്നതാണ്
ഓരോ ഭരണി സമയത്തും ആഭരണങ്ങൾ സൗജന്യമായി അവർ ഓവർഹോൾ ചെയ്യും

എന്തു കൊണ്ട് ജോസ്‌കോ എന്നറിയുമോ..?
സ്വാമിയുടെ എല്ലാ ആഭരണങ്ങളും ജോസ്കോയിൽ നിന്നാണ് ,ജോസ്കോയിൽ നിന്നുള്ള സ്വർണം മാത്രമേ സ്വാമി സംഭാവനയായി സ്വീകരിക്കൂ
നിങ്ങൾ കൊടുക്കാൻ ആഗ്രഹിക്കുന്നത് എത്രയാണെങ്കിൽ അത് ജോസ്കോയിൽ പറയുക ,സ്വാമിക്കുള്ള സ്വർണത്തിൽ കളവ് ചെയ്യില്ല അവർ ,പണിക്കൂലിയിലും ഇളവുണ്ട്‌

മുപ്പത്തി എട്ട് വയസ്സേ ഉള്ളൂ സ്വാമിക്ക്,അവിവാഹിതൻ
സ്ത്രൈണമാണ് മുന്തി നിൽക്കുന്ന ഭാവം
സംസാരിക്കുന്ന നേരമത്രയും എന്റെ കൈ വിരലുകളിലോ തോളിലോ തൊട്ടു കൊണ്ടിരുന്നു സ്വാമി
സ്കൂൾ പഠിപ്പൊന്നും ഇല്ല,എല്ലാം ദേവി തന്ന അനുഗ്രഹങ്ങൾ ..
നാട്യങ്ങൾ ഇല്ലാത്ത ഒരു പച്ച മനുഷ്യൻ

ഇരട്ടവാളെടുത്താണ് വെളിച്ചപ്പാട് ഉറയുക ,തന്റെ കൂടെ ഒരു പ്രേതം കൂടെ കൂട്ടായി ഉള്ളതുകൊണ്ടാണ് രണ്ടു വാൾ ,അയാൾ അത് നുണയായി പറയുകയല്ല ,അയാൾ അത് അങ്ങനെ തന്നെ വിശ്വസിക്കുന്നു എന്നതാണ് സത്യം

ഇപ്പോൾ ചില കള്ളക്കോമരങ്ങൾ ഇറങ്ങിയിട്ടുണ്ട് ദേവിയുടെ വില കളയാൻ.അയാളുടെ രോഷവും വ്യാജമായിരുന്നില്ല എന്ന് മുഖം തെളിവു നിന്നു .ആരോടൊക്കെയോ പിണങ്ങി എന്നത് പോലെ മുഖം വീർപ്പിച്ച് മൌനിയായി സ്വാമി അല്പനേരം

എന്തിന് ഈ വക അസംബന്ധങ്ങൾ എഴുതിക്കൂട്ടുന്നു എന്ന് മുഖം ചുളിക്കാതിരിക്കൂ ..
എത്ര തരം മനുഷ്യരാണ് ഈ ഭൂമിയിൽ എന്ന എന്റെ അത്ഭുതമാണ് ഈ കുറിപ്പ്

ജീവിത യാത്രയിൽ നാം കണ്ടു മുട്ടുന്ന വിത്യസ്തരായ അനേകർ ,പലവിധത്തിൽ നമുക്ക് പാഠവും ഗുരുവുമായിത്തീരുന്നവർ

നിങ്ങൾ വിചാരിക്കുന്നപോലെ അതി സങ്കീർണവും ഗുരുതരവുമൊന്നുമല്ല ഈ ജീവിതം എന്ന സംഗതി എന്ന് നിങ്ങളുടെ ബുദ്ധിജീവി തലകളെ കൊഞ്ഞനം കുത്തുന്നവർ.മനുഷ്യരെ തൊട്ടുകൊണ്ടാണ് ഞാൻ നടക്കുന്നത് എന്നത് എന്നെ സന്തോഷവാനാക്കുന്നു.ഊതിവീർപ്പിക്കാൻ ശ്രമിക്കുംപോഴൊക്കെ അഹങ്കാരത്തിന്റെ വർണ്ണ ബലൂണിൽ ഞാൻ കണ്ട പലവിധ മനുഷ്യർ അനവധി തുളകളിടുന്നു.
ഞാൻ മണ്ണിൽ ചേർന്നു നടക്കുന്നു

 

കൊടുങ്ങല്ലൂർ ഭരണിക്കെത്തുന്ന കോമരങ്ങളിൽ അധികവും പാലക്കാട്‌ കണ്ണൂർ ഭാഗങ്ങളിൽ നിന്നെത്തുന്ന താരതമ്യേന സാമ്പത്തികശേഷി…

Posted by Satheesh Kumar on Saturday, May 14, 2016

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ