സംഘടിച്ച് ശക്തരായവര്‍

പ്രവാസകാലത്തിനിടയ്ക്ക് സ്വരുക്കൂട്ടിയ ചില്ലറക്കാശ് മണ്ണില്‍ മുതലിറക്കാന്‍ താല്‍പര്യുമുണ്ടോ? വിപണനകാര്യത്തില്‍ സംഘബലത്തില്‍ വിശ്വാസമുണ്ടോ? രണ്ടിനും ഉത്തരം ഉണ്ടെന്നാണെങ്കില്‍ ഈ തൃശൂരുകാരില്‍ നിന്ന് ഒത്തിരിയുണ്ട് പഠിക്കാനും പകര്‍ത്താനും. നാട്ടുകാരും കൂട്ടുകാരും മാത്രമായിരുന്നവര്‍ ഒന്നാന്തരം കൃഷിക്കാരായ കഥയാണിത്. 200 ഏക്കറില്‍ തുള്ളിക്കൊരുകുടം വിളവൊപ്പിക്കുന്ന ഹൈടെക്ക് കൃഷിക്കാര്‍. പലജാതി പച്ചക്കറികളെ പെരുത്തുവിളയിച്ച് തൃശൂര്‍ മാളയില്‍ കൃഷിമേളമൊരുക്കുകകയാണിവര്‍. കോള്‍ക്കുന്ന ഹരിതസംഘവും കരുവിനശ്ശേരി, അണ്ണല്ലൂര്‍, അഷ്ടമിച്ചറ, വടമ ഉപഗ്രഹസംഘങ്ങളും ചേര്‍ന്നാണ് കൂട്ടുകൃഷിപ്പുതുമ പരീക്ഷിച്ച് വിജയിച്ചത്. 22 ഹൈട്ടെക് കര്‍ഷകരാണ് കായ്കറി വിപ്ലവത്തിലെ കണ്ണികള്‍. കൃഷിയിറക്കലെല്ലാം തനിച്ച്. വിപണനത്തില്‍ കൂട്ടായ്മ ഇതാണിവരുടെ മാതൃക. ചൂടപ്പംപോലെ വിറ്റുപോകുന്ന പച്ചക്കറികള്‍ ഉത്പാദിപ്പിക്കും. ഒരുഇനംതന്നെ എല്ലാവരും കൃഷിയിറക്കി സ്വയംകുളംതോണ്ടുന്നില്ലെന്ന് സാരം. 16 ഇനമാണ് വിളയിക്കുന്നത്. തക്കാളിയും മുളകും വഴുതനയും പാവലും പടവലും മത്തനും കുമ്പളവും വെള്ളരിയും വെണ്ടയും അമരയും പയറും കൊത്തമരയും ബീന്‍സും അവയില്‍ ചിലതുമാത്രം. സീസണില്‍ പൊട്ടുവെള്ളരി പാടമാകെ നിരക്കും. ഓണക്കാലത്ത് പാടങ്ങള്‍ പൂവണിയും. കൂര്‍ക്കത്തടങ്ങള്‍ പച്ചപ്പണിയും തെങ്ങിന്‍ത്തോപ്പിന് കീഴില്‍ ചേമ്പിന്‍കൂട്ടങ്ങള്‍ ധ്യാനിച്ചിരിക്കും. പച്ചക്കറി വില്‍പ്പനക്കാരെയും മൊത്തവിതരണക്കാരെയും കൃഷിയിടത്തിലെത്തിക്കാന്‍ ഈ ഇനപ്പെരുപ്പം മാത്രം മതി. പറിച്ചെടുക്കുമ്പോള്‍ തന്നെ വിറ്റഴിക്കാനാവുന്നതാണ് മെച്ചം. ജൈവപച്ചക്കറികള്‍ സ്ഥിരമായി വില്‍ക്കുന്നവും എത്തിയതോടെ വിപണനം പ്രശ്‌നമേ അല്ലാതായി. വിളവ് ടണ്ണുകളായാപ്പോഴും വില്‍പ്പന കണ്ണുതള്ളിച്ചില്ല.
കോള്‍ക്കുന്ന ഹരിതസംഘത്തില്‍ ഒത്ത ഒരു ഒറ്റയാനും ഒരു കുട്ടിക്കൂട്ടായ്മയും ഉമ്ട്. അമ്പതേക്കറില്‍ പച്ചക്കറി വിളയിക്കുന്ന ഹരിതമിത്ര പുരസ്‌കാര ജേതാവ് ജോസഫ് പള്ളനാണ് ഒറ്റയാന്‍. യുവാക്കളായ നാല്‍വര്‍സംഘം ഒന്നിച്ചപ്പോള്‍ പിറവിയെടുത്ത് ഗ്രീന്‍ടെക്ക് അഗ്രോഫാം ഡെവലപ്പേഴ്‌സാണ് കൂട്ടായ്മ. മികച്ച യുവകര്‍ഷകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രഞ്ജിത്ത് മണ്ണില്‍ പൊന്ന് വിളയിക്കുന്നത് കണ്ടാണ് കൂട്ടുകാര്‍ ഒപ്പം കൂടിയത്. വിളയിലും വിപണനത്തിലും പൊരുത്തങ്ങള്‍ ഒത്തതോടെ മനപ്പൊരുത്തവുമായി. അങ്ങനെയാണ് ഗ്രീന്‍ടെക്ക് അഗ്രോഫാം ഡെവലെപ്പേഴ്‌സിന്റെ പിറവി. സിനോജ് കണ്ണങ്ങാട്ടിലും ശ്രീജിത്ത് പാലക്കാടനും രജീഷ് മണലിക്കാട്ടിലുമാണ് സംഘാംഗങ്ങള്‍. 60 ഏക്കറിലാണ് ഇവരുടെ കൃഷി. ഈ കൂട്ടായ്മയിലെ സിനോജിനാണ് മികച്ച പച്ചക്കറി കര്‍ഷകനുള്ള 2015 ലെ ഹരിതമിത്ര പുരസ്‌കാരം. ഓരോരുത്തരും തനിച്ചാണ് കൃഷിയിറക്കുന്നത്. എന്നാല്‍ വിളവിറക്കുന്ന ഇനവും സമയവും നിശ്ചയിക്കാനും വിപണനത്തിനും കൂട്ടായ്മയുണ്ട്.

സംഘടിച്ചു ശക്തരായി
വളസേചനം, പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുള്ള പൂതയിടില്‍ അടക്കമുള്ള കൃത്യതാ കൃഷിയുടെ ചിട്ടവട്ടങ്ങളൊപ്പിച്ചുള്ള മേഖലയില്‍ കൃഷിയിറങ്ങിയ ആദ്യത്തെയാളാണ് രഞ്ജിത്ത്. കൃഷിയിടത്തില്‍ വിളകള്‍ മത്സരത്തിലാണെങ്കിലും അംഗങ്ങള്‍ തമ്മില്‍ മത്സരമില്ലാത്തതിനാല്‍ വിളകള്‍ ന്യായവിലയ്ക്ക് വിറ്റുപോകാറുണ്ട്. മേഖലയിലെ മറ്റ് സംഘങ്ങള്‍ക്കും ജൈവകര്‍ഷകര്‍ക്കും വിപണനസഹായം നല്‍കുന്നുണ്ട്.
സംഘടിച്ച് ശക്തരാകുകയാണ് ഇതിനുപിന്നിലെ കാര്യമെന്ന് ശ്രീജിത്ത്. തിരിച്ചടി മുന്‍കൂട്ടി തിരിച്ചറിഞ്ഞാണ് ഓരോ ചുവടുവെപ്പും. അതിനാല്‍ പലതുണ്ട് മെച്ചം. വിപണിയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ കൃത്യമായി എത്തിക്കാം. ന്യായവില ഉറപ്പ്. ഒരുവിളയുടെ വിളവെടുപ്പ് ഒരിടത്ത് തീരുമ്പോള്‍ അടുത്ത സ്ഥലത്ത് തുടങ്ങാനാവുന്ന വിധത്തിലാണ് കൃഷിയിറക്കല്‍. റിലേ ക്രോപ്പിംഗ് സിസ്റ്റമെന്നാണ് ഇതിന് നല്‍കിയ പേര്. ജോസഫ് പള്ളന്റെ പരീക്ഷണം അതേപടി നടപ്പാക്കി. ഇടവിളകളിലെ ആദായം ഇവര്‍ അവഗണിക്കുന്നില്ല. മുഖ്യവിളയുടെ കൃഷിയിറക്കല്‍ ചെലവ് തിരിച്ചുകിട്ടുന്നതാണ് ഇടവിളകളുടെ പങ്ക്. ബഹുനില ബഹുവിള സമ്പ്രദായമാണ് ഇവര്‍ പരീക്ഷിച്ചുവിജയിച്ച മറ്റൊന്ന്. തെങ്ങിന്‍തൊപ്പില്‍ കിഴങ്ങുവിളകളും പച്ചക്കറി വിളകളും സമന്വയിപ്പിക്കുന്നതാണിത്. മേന്‍മയുള്ള വിത്തുകള്‍ പൊന്‍വിലയ്ക്ക് വാങ്ങി നടുന്നതില്‍ ഒതുങ്ങുന്നില്ല ഇവരുടെ രീതി. കാര്‍ഷിക സര്‍വ്വകലാശാലയിലെ പച്ചക്കറി തൈകളിലെ യങ് ഗ്രാഫ്റ്റിംഗ് കൃഷിയിടപരീക്ഷണം നടന്നത് ഇവിടെയാണ്. മണ്ണുവഴി പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇത് ധാരാളം. ഇത്തരത്തില്‍ ഉല്‍പാദിപ്പിച്ച തക്കാളിയും മുളകും വഴുതനയുമെല്ലാം ഇവിടെ വിള മത്സരത്തിലാണ്.

കര്‍ഷകരുടെ ഇടത്താവളം
വിത്തും വളവും ജൈവകീടനാശിനികളും കൃഷിയുപകരണങ്ങളും സാങ്കേതിക സഹായങ്ങളും കിട്ടാന്‍ പലനാടുകളില്‍ അലഞ്ഞതിന്റെ കഥപറയാനുണ്ട് രഞ്ജിത്തിന്. അന്ന് നിശ്ചയിച്ചതാണ് ഹൈടെക്ക് കര്‍ഷകരുടെ സഹായകേന്ദ്രം ഇന്നാട്ടില്‍ തുടങ്ങണമെന്ന്. കൂട്ടായ്മ കരുത്തായതോടെ അതിനൊത്തു. ഹൈടെക്ക് കൃഷിക്കാവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭിക്കുന്ന ഗ്രീന്‍ടെക്ക് എന്ന സ്ഥാപനം വടമയില്‍ തുറന്നു. അയല്‍നാടുകളിലെ ഹൈടെക് കര്‍ഷകരുടെ ഇടത്താവളമാണ് ഇന്നത്.

വിഷക്കൂട്ടിന് സലാം
കൃത്യതാ കൃഷിയില്‍ സമ്പൂര്‍ണ്ണ ജൈവകൃഷിയല്ല. എന്നാല്‍, തരിപോലും വിഷക്കൂട്ട് ഉപയോഗിക്കില്ല. ശാസ്ത്രീയ കൃഷിമുറകളാണ് കൂട്ട്. ജീവാമൃതവും മിത്രകുമിളുമെല്ലാം തുള്ളിനനക്കൊപ്പം വിളച്ചുവട്ടിലെത്തും. വിളപ്പെരുമയ്ക്ക് സൂക്ഷ്മമൂലകങ്ങള്‍ക്ക് പങ്കുണ്ട്. ഇക്കോളജിക്കല്‍ എന്‍ജിനീയറിംഗ് വിദഗ്ധനായ കൃഷി ഓഫീസര്‍ ജോര്‍ജ്ജ് പ്രശാന്തിന്റെ ഉപദേശനിര്‍ദ്ദേശങ്ങളാണ് തുണ. പ്രകൃതിവിഭവങ്ങളെയും മിത്രകീടങ്ങളെയും ഉപയോഗിച്ച് കീടരോഗനിയന്ത്രണത്തോടൊപ്പം വിളകളുടെ ആരോഗ്യം കാക്കുന്ന സാങ്കേതിക വിദ്യയാണിത്. കൃഷിയിടത്തില്‍ ചെണ്ടുല്ലിയും ചോളവും മിത്രകീടങ്ങളെ ആകര്‍ഷിക്കുന്ന പൂച്ചെടികളും നടുന്നത് ഇതിന്റെ ഭാഗമാണ്. കര്‍ഷകകൂട്ടായ്മയിലൂടെ ന്യായവിലയ്ക്ക് വിളവ് വില്‍ക്കാമെന്ന ആശയത്തിന്റെ പ്രചാരകനും ഇദ്ദേഹമാണ്. മേഖലയില്‍ മേഖലയില്‍ കര്‍ഷകകൂട്ടായ്മ രൂപവത്കരിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നൂറില്‍ നൂറാണ് മാര്‍ക്ക്. ഓപണ്‍ പ്രിസിഷന്‍ കൃഷി ചെയ്യുന്നവരെയും താല്‍പര്യമുള്ളവരെയും കോര്‍ത്തിണക്കി മാളയില്‍ ക്രോപ്‌സിന്റെ (Centre to Radiat Open precision farming and Services) നേതൃത്വത്തില്‍ പരിശീലനം തുടങ്ങി. ഈ രണ്ട് പദ്ധതികള്‍ക്കും ചുക്കാന്‍ പിടിക്കുന്നതും പ്രശാന്തുതന്നെ. കൂടുതല്‍ വിവരങ്ങള്‍ക്ക് രഞ്ജിത്ത്: 9656965888, ജോര്‍ജ്ജ് പ്രശാന്ത്: 9496003553.