മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ചില വഴികള്‍

തിരക്കുകള്‍ക്കിടയിലുള്ള ജീവിതം പലപ്പോഴും പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അലച്ചിലും പരിസര മലിനീകരണവും ഓരോ ദിവസവും ചര്‍മ്മത്തെ കൊമ്മു കൊണ്ടിരിക്കുകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒഴിവുദിവസങ്ങളില്‍ ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങി സമയവും പണവും ചിലവാക്കുന്നവരും കുറവല്ല. എന്നാല്‍ ഇനി മുതല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. ഒരു ദിവസത്തിന്റെ മുഴുവന്‍ അലച്ചിലും ക്ഷീണവും മാറ്റി മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ചില വഴികള്‍. അവ എന്തൊക്കെ എന്ന് നോക്കാം.

അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഇതിനെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കാം. അതിനായി ആവശ്യമുള്ളത് ഒരു ഉരുളക്കിഴങ്ങും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ആണ്.

തയ്യാറാക്കുന്ന വിധം: ഉരുളക്കിഴങ്ങ് മിക്‌സിയില്‍ നല്ലതു പോലെ അടിച്ച് പേസ്റ്റാക്കുക. ഇതിലേക്ക് നാരങ്ങ നീര് മിക്‌സ് ചെയ്ത് 40 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

മൃതകോശങ്ങളെ ഇല്ലാതാക്കാം

മൃതകോശങ്ങളെ ഇല്ലാതാക്കാനും ചില മാര്‍ഗ്ഗങ്ങളുണ്ട്. രണ്ട് ടീസ്പുണ്‍ പൈനാപ്പിള്‍ പള്‍പ്പ് ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍.

തയ്യാറാക്കുന്ന വിധം: പൈനാപ്പിള്‍ പള്‍പ്പില്‍ തേന്‍ മിക്‌സ് ചെയ്ത് പേസ്റ്റാക്കി മുഖത്തു നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. അഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ എന്തുകൊണ്ടും നല്ലതാണ് പപ്പായ. ഒരു ബൗള്‍ പപ്പായ കഷണങ്ങളാക്കിയത്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍

തയ്യാറാക്കുന്ന വിധം: പപ്പായ നല്ലതുപോലെ അരച്ച് പേസ്റ്റാക്കി മുള്‍ട്ടാണി മിട്ടിയും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം.

ചര്‍മ്മത്തിലെ ഈര്‍പ്പത്തിന്

ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനും കുക്കുമ്പര്‍ സഹായിക്കും. ഇതിനായി ഒരു കുക്കുമ്പര്‍ 2 ടേബിള്‍ സ്പൂണ്‍ തൈര് എന്നിവയാണ് ആവശ്യമുള്ളത്.

തയ്യാറാക്കുന്ന വിധം: കുക്കുമ്പര്‍ വട്ടത്തില്‍ ചെറിയ കഷണങ്ങളാക്കി കനം കുറച്ച് മുറിക്കുക. ഇത് തൈരില്‍ മുക്കി മുഖത്ത് വെച്ച് അഞ്ച് മിനിട്ടിനു ശേഷം എടുത്ത് മാറ്റാം. ഇത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും.

അമിത എണ്ണമയം

അമിത എണ്ണമയം ഉള്ളതും പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ അമിത എണ്ണമയത്തെ ഇല്ലാതാക്കാന്‍ മുന്ന് മുട്ടയും മോയ്‌സ്ചുറൈസറും മതി.

തയ്യാറാക്കുന്ന വിധം: മുട്ടയുടെ വെള്ള മഞ്ഞക്കരുവില്‍ നിന്നും മാറ്റി മൂന്ന് പാളികളായി മുഖത്ത് തേച്ചു പിടിപ്പിക്കുക. 20 മിനിട്ടിനുശേഷം കഴുകിക്കളയാം. അതിനുശേഷം അല്‍പം മോയ്‌സ്ചുറൈസര്‍ തേച്ചു പിടിപ്പിക്കാം. ഇത് അമിതമായുള്ള എണ്ണമയത്തെ ഇല്ലാതാക്കുന്നു.

ചര്‍മത്തിന് മൃദുത്വം നല്‍കാന്‍

ചര്‍മ്മത്തെ മൃദുവാക്കി മാറ്റാന്‍ ഓട്‌സിന് കഴിയും. എങ്ങനെ ഇത് തയ്യാറാക്കണമെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം: അരക്കപ്പ് ഓട്‌സ് പേസ്റ്റാക്കി മുഖത്ത് വട്ടത്തില്‍ തേച്ചു പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.