കര്‍ണാടക പിടിച്ച് ബിജെപി; ബിജെപി 117 കോണ്‍ഗ്രസ് 63 ജെഡിഎസ് 40

ബംഗലൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി. കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് തകർന്നടിഞ്ഞു. നിലമെച്ചപ്പെടുത്തി ജെഡിഎസ് മൂന്നാമതുണ്ട്.

222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്. ബിജെപി 117 കോണ്‍ഗ്രസ് 63 ജെഡിഎസ് 40 മറ്റുള്ളവര്‍ 2 എന്ന നിലയിലാണ് ലീഡ്.പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണിയത്. ആദ്യ ഫലസൂചനകള്‍ കോണ്‍ഗ്രസിനായിരുന്നു. പിന്നീട് ലീഡ് നില മാറിമറിഞ്ഞു.


തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ജെഡിഎസിന്റെ പിന്തുണ തേടിയിരുന്നു. ആദ്യ ഘട്ട ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് പിന്നാലെ ബിജെപി നേതാക്കളും എച്ച്.ഡി.ദേവഗൗഡയുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.

224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് സീറ്റുകളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയതോടെ അധികാരം നിലനിര്‍ത്താമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ അധികാരം തിരിച്ചു പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. ത്രിശങ്കുസഭയാണെങ്കില്‍ കര്‍ണാടക ആര് ഭരിക്കണമെന്ന് ജെഡിഎസ് തീരുമാനിക്കും. എക്സിറ്റ് പോളുകളും ത്രിശങ്കുസഭയാണ് പ്രവചിച്ചത്.