സോളാര്‍ കമ്മീഷന്‍ ഹൈക്കോടതി വിധി: ആക്ഷേപങ്ങള്‍, വസ്തുതകള്‍

ആക്ഷേപം: കോടതിവിധികൊണ്ട് പ്രത്യേക പ്രത്യാഘാതം ഇല്ല. കത്ത് ഒഴിവാക്കിയാല്‍പോലും ധാരാളം ഗുരുതരമായ കണ്ടെത്തലുകള്‍ ഉണ്ട്.
ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ പ്രധാനമായും നടത്തിയ കണ്ടെത്തലുകള്‍. 1)കത്തിന്റെ അടിസ്ഥാനത്തില്‍, നിയമസഭയ്ക്ക് അകത്തും പുറത്തും ഉണ്ടായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്നും കത്തില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തികള്‍ ടീം സോളാറിനെയും അതിന്റെ ഡയറക്ടര്‍മാരായ സരിതയേയും ബിജുവിനേയും സഹായിച്ചിട്ടുണ്ടെന്നും വ്യക്തമാണ്. (ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വാല്യം 1 പേജ് 244.)
2) ലൈംഗികമായ സംതൃപ്തി നല്കല്‍ അഴിമതിയുടെ ഭാഗമായി വരുന്ന കുറ്റകൃത്യം തന്നെയാണ് (കമ്മീഷന്‍ റിപ്പോര്‍ട്ട് വാല്യം 1 പേജ് 245.)
3) പ്രത്യേക അന്വേഷണസംഘത്തിന് കത്തിനെക്കുറിച്ച് അറിയില്ലെന്നു പറയുന്നത് അവിശ്വസനീയമാണ്. (കമ്മീഷന്‍ റിപ്പോര്‍ട്ട് വാല്യം 1 പേജ് 245.)
വസ്തുത: ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു തെളിയിക്കാന്‍ കമ്മീഷന്‍ ആശ്രയിച്ചത് കത്തിനെ മാത്രമാണ്. അതു കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചവര്‍ക്ക് മനസിലാകും. 1072 പേജുകളും നാല് വാല്യങ്ങളുമുള്ള സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 849 പേജും മൂന്നു വാല്യങ്ങളും നിറച്ചത് കത്തിനെ അടിസ്ഥാനമാക്കി മാത്രമാണ്. കമ്മീഷന്റെ മേല്പറഞ്ഞ ശിപാര്‍ശകള്‍ കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. കത്തുനീക്കിയതിലൂടെ അവയെല്ലാം കോടതി വിധിയിലൂടെ അപ്രസക്തമായി.
ആക്ഷേപം: കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് 8ബി, 8സി വകുപ്പുകളുടെ ലംഘനം. ആരോപണവിധേയര്‍ക്ക് മതിയായ നോട്ടീസോ രേഖകളോ നല്കിയില്ലെന്നും ഉമ്മന്‍ ചാണ്ടിയെ സോളാര്‍ പ്രതികള്‍ എതിര്‍ വിസ്താരം നടത്തിയതു തെറ്റാണെന്നുമുള്ള വാദം കോടതി നിരാകരിച്ചു.
വസ്തുത: കത്ത് എഴുത്തപ്പെട്ട തീയതി 19.7.2013. കമ്മീഷന്‍ നിലവില്‍ വന്നത് 29.10.2013ല്‍. അതിനുശേഷം കമ്മീഷന്റെ തുടര്‍ച്ചയായ തെളിവെടുപ്പുകള്‍. സരിത തന്നെ നിരവധി തവണ കമ്മീഷനു മുന്നില്‍ ഹാജരായി. ചിലപ്പോഴൊക്കെ കമ്മീഷന്‍ താക്കീതു നല്കി വരുത്തി. പക്ഷേ കത്ത് നല്കിയത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് 6.6.2016ല്‍ മാത്രം. സെക്ഷന്‍ 8ബി പ്രകാരം കമ്മീഷന്‍ നോട്ടീസ് നല്കിയത് 9.7.2015ല്‍. ഇങ്ങനെയൊരു കത്ത് ലഭിച്ച സാഹചര്യത്തില്‍ 8ബി പ്രകാരം കമ്മീഷന്‍ പുതിയ നോട്ടീസ് നല്‌കേണ്ടതായിരുന്നു എന്നാണു കോടതി വിധി (പാര 22, പേജ് 44). അപ്രതീക്ഷിതമായി കുടുക്കിയ അവസ്ഥയിലായിരുന്നു ഹര്‍ജിക്കാര്‍ (രമൗഴവ tuിമംമൃല) എന്ന് കോടതി ചൂണ്ടിക്കാട്ടി.
ആക്ഷേപം: കമ്മീഷന്‍ നടപടി ക്രമങ്ങളില്‍ ആദ്യന്തം പങ്കെടുത്തവര്‍ക്ക് പിന്നീട് നടപടി ക്രമങ്ങള്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നു കോടതി കണ്ടെത്തി. നടപടി ക്രമങ്ങളില്‍ തെറ്റൊന്നുമില്ലെന്നും കോടതി കണ്ടെത്തി.
വസ്തുത: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുക എന്നതായിരുന്നു പരിഗണനാവിഷയം. എന്നാല്‍ കമ്മീഷന്റെ നിരീക്ഷണങ്ങളും ശിപാര്‍ശകളുമെല്ലാം കത്തിലെ ലൈംഗിക ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയാണ്. കത്തുതന്നെ നാലു തവണയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം നടപടി ക്രമങ്ങളില്‍ തെറ്റ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി കത്തുതന്നെ നീക്കം ചെയ്തത്. (പേജ് 45, പാര 22). I am of the view that those findings, observations, and recommendations of the commission in its report, that are based on the sexual content of the letter dated 19.7.2013, and the reproduction of the contents of the letter itself in not less than four places in the report, have necessarily to be expunged from the report so that they are not actually acted/ relied upon by the govt.

ആക്ഷേപം: കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോടതികള്‍ക്ക് പരിമിതമായി മാത്രമേ ഇടപെടാന്‍ കഴിയുകയുള്ളു. വസ്തുതാപരമായ കണ്ടെത്തലുകളില്‍ ഹൈക്കോടതിക്ക് ഇടപെടാന്‍ കഴിയില്ല.
വസ്തുത: കമ്മീഷന്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതിരിക്കുകയോ നിയമപരമായും ഭരണഘടനാപരമായും ഉള്ള പൗരന്റെ അവകാശം ലംഘിക്കുകയോ ചെയ്യുമ്പോള്‍ അതു പരിഹരിച്ചില്ലെങ്കില്‍ കോടതി സ്വന്തം കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുകയാണ്. (കോടതിവിധി പേജ് 28, പാര 14). കോടതി ഇടപെട്ടു കൊണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കത്തു തന്നെ നീക്കം ചെയ്യുകയാണ് ഉണ്ടായത്.
? 1200 ലധികം പേജുകളില്‍ വരുന്ന റിപ്പോര്‍ട്ടില്‍ കേവലം 72 പേജുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കത്ത് കോടതി റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്തതുകൊണ്ട് മറ്റു ഗുരുതരമായ കണ്ടെത്തലുകള്‍ ഇല്ലാതാകുന്നില്ല.
* 1072 പേജുകളുള്ള റിപ്പോര്‍ട്ട്. നാല് വാല്യങ്ങള്‍. ഇതില്‍ 849 പേജുകളും മൂന്നു വാല്യങ്ങളും ഒന്നാമത്തെ പരിഗണനാവിഷയമായ സോളാര്‍ ഇടപാടിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചാണ്. അതിലെ കണ്ടെത്തലുകള്‍ കത്തിനെ ആസ്പദമാക്കിയാണ്. നാലാമത്തെ വാല്യത്തില്‍ പോലീസ് നവീകരണത്തെക്കുറിച്ചാണ് പ്രധാനമായും പറയുന്നത്.
* സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം, അതോടനുബന്ധിച്ച് പുറപ്പെടുവിച്ച പത്രക്കുറിപ്പ്, നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന, ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട്, തുടര്‍ന്ന് പുറപ്പെടുവിച്ച പത്രക്കുറിപ്പ് എന്നിവയെല്ലാം കത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്. വേങ്ങര തെരഞ്ഞെടുപ്പിന്റെ അന്നു രാവിലെയാണ് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പ്രത്യേക പത്രസമ്മേളനം നടത്തി കേസെടുക്കുമെന്നു പ്രഖ്യാപിച്ചത്.
ആക്ഷേപം: കത്തൊഴിവാക്കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പരിഗണിക്കേണ്ടത്.
വസ്തുത: കത്തൊഴിവാക്കിയാല്‍ പിന്നെ എന്താണ് അതിലുള്ളത്. കത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കേന്ദ്രബിന്ദു.
ആക്ഷേപം: ഉമ്മന്‍ ചാണ്ടി സോളാര്‍ തട്ടിപ്പില്‍ സഹായങ്ങള്‍ ചെയ്തു എന്നത് ഉള്‍പ്പെടെയുള്ള എല്ലാ കമ്മീഷന്‍ നിഗമനങ്ങളും നിലനില്‍ക്കും.
വസ്തുത: മറ്റൊരു സഹായവും ചെയ്തതായി കണ്ടെത്തല്‍ ഇല്ല.
ആക്ഷേപം: ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫും ഡല്‍ഹിയിലെ സഹായിയും സോളാര്‍ കേസിലെ പ്രതികളെ വഞ്ചനാക്കുറ്റം നടത്താന്‍ സഹായിച്ചു.
വസ്തുത: 36 വഞ്ചനാക്കേസുകളില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരു പരാമര്‍ശിക്കുന്നത് ശ്രീധരന്‍ നായരുടെ കേസില്‍ മാത്രമാണ്. ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടാണ് പണം നല്കിയത് എന്നാണു കേസ്. എന്നാല്‍, ഉമ്മന്‍ ചാണ്ടിയെ കാണുന്നതിനുമുമ്പേ പണം നല്കിയിരുന്നു എന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
ആക്ഷേപം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഉമ്മന്‍ ചാണ്ടിയേയും അദ്ദേഹത്തിന്റെ സഹായിയേയും കേസില്‍ നിന്നു രക്ഷപ്പെടുത്താന്‍ ശ്രമിച്ചു.
വസ്തുത: ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതമെങ്കില്‍ പിന്നെ കേസില്‍ നിന്നു രക്ഷപ്പെടുത്താന്‍ ശ്രമിച്ചു എന്നതിന് പ്രസക്തിയില്ല.
മറ്റു വസ്തുതകള്‍: സോളാര്‍ ഇടപാടില്‍ സര്‍ക്കാരിനു നഷ്ടം ഉണ്ടായോ, സര്‍ക്കാര്‍ അനര്‍ഹമായ സഹായം നല്കിയിട്ടുണ്ടോ എന്നീ 2ഉം 3 ഉം പരിഗണനാ വിഷയങ്ങളില്‍ ഇല്ല എന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍.
* സോളാര്‍ കേസുമായി ബന്ധപ്പെട്ട് 2005 മുതലുള്ള വീഴ്ചകള്‍ പരിശോധിക്കണമെന്ന 4-ാം പരിഗണനാ വിഷയം കമ്മീഷന്‍ പരിഗണിച്ചതേയില്ല.
* ഭരണഘടനയുടെ 21-ാം ആര്‍ട്ടിക്കിള്‍ പ്രകാരം വ്യക്തിയുടെ സത്കീര്‍ത്തിയുടെ സംരക്ഷണം, ന്യായമായ വിചാരണയ്ക്കുള്ള വ്യക്തിയുടെ അവകാശം എന്നിവ സംരക്ഷിക്കപ്പെട്ടോ എന്നാണ് കോടതി പ്രധാനമായും നിരീക്ഷിച്ചത്.
* കത്തും കത്തിന്റെ ഉള്ളടക്കവും ആദ്യത്തെ പരിഗണനാവിഷയത്തിലോ, കമ്മീഷന്‍ വിപുലമാക്കിയ അതേ പരിഗണനാവിഷയത്തിലോ വരുന്നതല്ല. അതുകൊണ്ട് കത്തിനെ അടിസ്ഥാനമാക്കിയുള്ള കമ്മീഷന്റെ കണ്ടെത്തലുകളോ, ശിപാര്‍ശകളോ നിലനില്കുന്നതല്ല. കത്ത് അതേപടി നാലു തവണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് പൊതുസമൂഹത്തിന്റെ തുറന്ന ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഇത് ഭരണഘടന ഉറപ്പുനല്കുന്ന ആര്‍ട്ടിക്കിള്‍ 21, മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. (പേജ് 62, പാര 26,27)

പി.റ്റി .ചാക്കോ

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ