ബിജെപിക്ക് തിരിച്ചടി; കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നാലുമണിക്ക്

ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നാലുമണിക്ക്  നടത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. കൂടുതല്‍ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതി വിധി.  ഗവര്‍ണര്‍ യെദ്യൂരപ്പയെ ക്ഷണിച്ചതിന്റെ ശരി തെറ്റുകളെക്കുറിച്ച് വാദം തുടര്‍ന്നാല്‍ നീതി വൈകുമെന്നും അതിനാല്‍ യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കട്ടെയെന്ന് സുപീം കോടതി പറഞ്ഞു.  കോണ്‍ഗ്രസും ജെഡിഎസും കോടതിയുടെ വാദത്തോട് യോജിക്കുകയായിരുന്നു. എന്നാല്‍ എംഎല്‍എമാരെ കിട്ടാനുണ്ടെന്നും കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാരെ പൂട്ടിയിട്ടിരിക്കുകയാണെന്നും ബിജെപി കോടതിയില്‍ വാദിച്ചു.  ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്.എ. ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്.

വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്ന് പ്രോംടൈം സ്പീക്കര്‍ തീരുമാനിക്കും. വോട്ടെടുപ്പ് വരെ യെദ്യൂരപ്പ നയപരമായ ഒരു തീരുമാനവും എടുക്കരുത്. വിശ്വാസവോട്ടെടുപ്പില്‍ രഹസ്യബാലറ്റ് വേണമെന്ന ബിജെപിയുടെ  ആവശ്യം സുപ്രീംകോടതി തള്ളി.  എല്ലാ എംഎല്‍എമാരും പരസ്യമായി തങ്ങളുടെ നിലപാട് അറിയിക്കേണ്ട വരും. എന്നീകാര്യങ്ങള്‍ പ്രത്യേകമായി സുപ്രീംകോടതി എടുത്തു പറഞ്ഞു. യാതൊരു തരത്തിലുമുള്ള കുതിരകച്ചവടം നടക്കരുതെന്ന കരുതലെടുക്കാന്‍ ഇതിലൂടെ കഴിയും.

ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയാകാമെന്ന ഗവർണറുടെ നിർദേശവും റദ്ദാക്കി. എംഎല്‍എമാര്‍ മതിയായ സുരക്ഷ ഉറപ്പാക്കാന്‍ ഡിജിപിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിന് നിയമസഭയില്‍ നാളെ ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്നു സുപ്രീം കോടതി ചോദിച്ചിരുന്നു. ഗവർണർ എന്തടിസ്ഥാനത്തിലാണ് ബിജെപിയെ സർക്കാരുണ്ടാക്കാൻ ശ്രമിച്ചതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ ഗവർണർക്കു നൽകിയ കത്തുകൾ പരിശോധിക്കുന്നതിനിടെയാണു കോടതിയുടെ ചോദ്യം. ഭൂരിപക്ഷമില്ലാത്ത ബിജെപിയെയാണോ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. എല്ലാം കണക്കിന്റെ കളിയാണെന്നും ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവർണറാണെന്നും കോടതി പറഞ്ഞു. അതേസമയം, കോടതിയിൽ നൽകിയ യെദ്യൂ രപ്പയുടെ കത്തിൽ എംഎൽഎമാരുടെ പേരില്ല. കോൺഗ്രസ് – ജനതാദൾ സഖ്യം നൽകിയ കത്തിൽ പേരുകള്‍ പരാമർശിച്ചിട്ടുണ്ട്. ബിജെപിയുടെ കത്തുകളിൽ വലിയ ഒറ്റകക്ഷിയെന്നും പുറമേ നിന്ന് പിന്തുണയുണ്ടെന്നാണു കത്തിൽ പറഞ്ഞിരിക്കുന്നത്.

ബിജെപി വലിയ ഒറ്റകക്ഷിയാണെന്നു ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും മുകുൾ റോഹ്തഗി വാദിച്ചു. സർക്കാരിയ റിപ്പോർട്ടും ബൊമ്മ കേസ് വിധിയും പരാമർശിച്ചായിരുന്നു വാദം. കോൺഗ്രസ് – ദൾ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണ്. 95 ശതമാനം ആളുകളും തിരഞ്ഞെടുത്തത് ബിജെപിയെയാണെന്നും വാദിക്കുന്നു.

ഭൂരിപക്ഷം തെളിയിക്കാന്‍ ആരെ ആദ്യം വിളിക്കേണ്ടത് എന്ന കാര്യത്തില്‍ വാദം നടന്നപ്പോള്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആദ്യം   അവസരം നല്‍കണമെന്ന കോണ്‍ഗ്രസും ഭൂരിപക്ഷം തെളിയിക്കാന്‍ ആകുമെന്ന് ബിജെപിയും വാദിച്ചു. ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ നിയമവശം പിന്നീട് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.

മനു അഭിഷേക് സിങ്വി, കബില്‍ സിബല്‍, പി.ചിദംബരം, ശാന്തിഭൂഷണ്‍, രാം ജഠ്മലാനി, മുകുള്‍ റോത്തഗി, പി.വി വേണുഗോപാല്‍ തുടങ്ങി വന്‍ അഭിഭാഷക നിരയാണ് കോടതിയിലുള്ളത്.

കര്‍ണാടക നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ മന്ത്രിസഭ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതോടെയാണ് രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ കേസിന്റെ തുടക്കം. 104 അംഗങ്ങളുണ്ടെങ്കിലും കേവലഭൂരിപക്ഷത്തിന് ബി.ജെ.പി.ക്ക് എട്ട് അംഗങ്ങളുടെ കുറവുണ്ട്. എഴുപത്തെട്ട് അംഗങ്ങളുള്ള ബി.ജെ.പിയും 38 അംഗങ്ങളുള്ള ജെ.ഡി.എസും തിരഞ്ഞെടുപ്പിനു ശേഷം സഖ്യം രൂപീകരിച്ചതോടെയാണ് കര്‍ണാടക നിയമസഭയിലെ ഭൂരിപക്ഷം ആര്‍ക്കെന്ന ചോദ്യം ഉയര്‍ന്നത്.

മൂന്ന് സ്വതന്ത്രന്മാര്‍ മാത്രം വിജയിച്ച തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങളെ സ്വന്തം പാളയത്തില്‍ എത്തിക്കാനാണ് ബി.ജെ.പി. ശ്രമിച്ചത്. ഖനിവ്യവസായി ജനാര്‍ദനറെഡ്ഡിയുടെ സുഹൃത്ത് ബി. ശ്രീരാമുലിവിനെയാണ് ദൗത്യമേല്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എ.മാരെ റിസോര്‍ട്ടിലും ഹോട്ടലിലുമായി പാര്‍പ്പിച്ചതോടെ നീക്കങ്ങള്‍ മന്ദഗതിയിലായി.

120 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി പ്രതികരിച്ചു. നാളെ നടക്കുന്ന വിശ്വാസവോട്ടില്‍ യെദ്യൂരപ്പ ജയിച്ചു കയറുമെന്ന് ബിജെപി എംപി ശോഭ കരന്തലജെ. 120 എംഎല്‍എമാര്‍ യെദ്യൂരപ്പയ്‌ക്കൊപ്പമുണ്ടെന്നും ശോഭ കരന്തലജെ പറഞ്ഞു

സുപ്രീംകോടതിയുടെ തീരുമാനം ചരിത്രപരമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയെന്ന് വിശേഷിപ്പിച്ചാണ് രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന വാദത്തിന് രാവിലെ 10.30 ഓടെ സുപ്രീംകോടതി തുടക്കമിട്ടത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിലെ താത്പര്യത്തെക്കുറിച്ച് ആദ്യമേ സുപ്രീംകോടതി സംശയം രേഖപ്പെടുത്തി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് യെദ്യൂഡിയൂരപ്പ ഗവര്‍ണര്‍ക്കു നല്‍കിയ രണ്ടു കത്തുകളും സുപ്രീംകോടതി പരിശോധിച്ചു.

കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവാണ് യെഡിയൂരപ്പയെന്നും ഈ മാനദണ്ഡം വച്ചാണ് അദ്ദേഹത്തെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതെന്നും റോഹ്തഗി വാദിച്ചു. യെദ്യൂരപ്പയ്ക്ക് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അതു സഭയില്‍ തെളിയിക്കാമെന്നും അദ്ദേഹം അറിയിച്ചു. ഇതേക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താനാകില്ലെന്നും റോഹ്തഗി നിലപാടെടുത്തു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഒപ്പമുണ്ടെന്ന് പറയുന്ന ചില എംഎല്‍എമാര്‍ രേഖാ മൂലം പിന്തുണ ഉറപ്പു നല്‍കിയിട്ടില്ലെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ രൂപീകരണം നമ്പരുകളുടെ കളിയാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഭൂരിപക്ഷമുള്ളവരെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടതെന്ന നിരീക്ഷണം നടത്തി. ഇതിനിടെ, ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് കോണ്‍ഗസ്-ദള്‍ സഖ്യത്തിനായി സിങ്‌വി വാദിച്ചു.

അങ്ങനെയെങ്കില്‍ നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പു നടത്തിക്കൂടേയെന്ന് സുപ്രീംകോടതി ഇരു കക്ഷികളോടും ആരാഞ്ഞു. അപകടം മണത്ത ബിജെപി അഭിഭാഷകന്‍ മുകള്‍ റോഹ്തഗി ഈ നിര്‍ദേശത്തെ എതിര്‍ത്തു. ‘ആവശ്യമായ സമയം’ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം, നാളെത്തന്നെ വിശ്വാസ വോട്ടെട്ടുപ്പ് നടത്താന്‍ സന്നദ്ധരാണെന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനായി ഹാജരായ മനു അഭിഷേക് സിങ്‌വി രേഖാമൂലം കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് ബിജെപിക്ക് കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി നാളെ നാലു മണിക്കു മുന്‍പ് ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇതോടെ 15 ദിവസത്തെ സമയം അനുവദിച്ച ഗവര്‍ണറുടെ ഉത്തരവ് അസാധുവായി. അങ്ങനെയെങ്കില്‍ രഹസ്യ ബാലറ്റ് അനുവദിക്കണമെന്ന് ബിജെപി അഭിഭാഷകന്‍ വാദിച്ചെങ്കിലും ഈ നിര്‍ദേശവും സുപ്രീംകോടതി തള്ളി.

കടുത്ത ഭീഷണി നേരിടുന്ന കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധിയെ നോമിനേറ്റ് ചെയ്യാനുള്ള ഗവര്‍ണറുടെ തീരുമാനവും സ്റ്റേ ചെയ്തതോടെ കോടതിയില്‍ ബിജെപിയുടെ തിരിച്ചടി പൂര്‍ണം. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീംകോടതി റദ്ദാക്കാതിരുന്നത് ബിജെപിക്ക്  ആശ്വാസമായി.

 

കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച കോണ്‍ഗ്രസിന്റെ പ്രധാന വാദങ്ങള്‍. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു സിംഗ്‌വിയുടെ പ്രധാന വാദം.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെയും ജെഡിഎസിനെയും ക്ഷണിക്കണമെന്ന് മനു അഭിഷേക് സിംഗ്‌വി ആദ്യം വാദിച്ചു. സുപ്രീംകോടതി ഗവര്‍ണറുടെ തീരുമാനം തിരുത്തണം. ഗവര്‍ണറുടെ നടപടി സംശയകരമാണ്. അതിനാല്‍ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ മരവിപ്പിക്കണം എന്നുമെന്നായിരുന്നു സുപ്രീംകോടതിയില്‍ മനു അഭിഷേക് സിംഗ്‌വി തുടക്കത്തിലെ വാദിച്ചത്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും സിംഗ്‌വി കോടതിയെ അറിയിച്ചു.

പിന്നാലെ സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് സിംഗ്‌വി കോടതിയില്‍ ഉദ്ധരിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത് കേവലഭൂരിപക്ഷമുള്ള പാര്‍ട്ടിയേയോ സഖ്യത്തേയോ. ഗവര്‍ണര്‍ക്ക് തോന്നുന്നവരെയല്ല വിളിക്കേണ്ടത്. അവസാനമേ ഏറ്റവും വലിയ പാര്‍ട്ടിക്ക് അവസരം നല്‍കാവൂ. ഏഴ് ദിവസം ചോദിച്ച യദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ എന്തിന് 15 ദിവസം നല്‍കി. 48 മണിക്കൂറാണ് മറ്റ് പല സംസ്ഥാനങ്ങള്‍ക്കും നല്‍കിയത്. ഗവര്‍ണര്‍ക്ക് തോന്നിയവരെയല്ല സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്നും മനു അഭിഷേക് സിംഗ്‌വി കോടതിയില്‍ വാദിച്ചു.

ഗോവ കേസിലെ വിധി സിംഗ്‌വി കോടതിയില്‍ പരാമര്‍ശിക്കുകയും ചെയ്തു. ഗോവയിലെ വലിയ കക്ഷിയായിട്ടും ഗവര്‍ണര്‍ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചില്ല. എന്നാല്‍ വാദത്തില്‍ കോടതി കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ മനു അഭിഷേക് സിംഗ്‌വി മറ്റൊരു വാദം ഉന്നയിച്ചു. ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് സാധിക്കും. എന്നാല്‍ അങ്ങനെ ഇടപെടാനുള്ള തെളിവുകളെവിടെ എന്നായിരുന്നു കോടതിക്ക് അറിയേണ്ടിയിരുന്നത്.

യെദ്യൂരപ്പയുടെ കത്ത് കാണാതെ ഭൂരിപക്ഷത്തിനുള്ള പിന്തുണയില്ലെന്ന് എങ്ങനെ പറയും. അതിനാല്‍ ഗവര്‍ണറെ തടയാന്‍ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. എന്നാല്‍ രാഷ്ട്രപതിയുടെ ഉത്തരവ് പോലും സ്റ്റേ ചെയ്യാന്‍ കഴിയുന്ന കോടതിക്ക് ഗവര്‍ണറുടെ ഉത്തരവ് എന്തുകൊണ്ട് വിലക്കിക്കൂടെയെന്ന് സിംഗ്‌വി കോടതിയോട് ആരാഞ്ഞു. ഇതിലൂടെ ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് കഴിയുമെന്ന് ഉറച്ചുപറയുകയായിരുന്നു സിംഗ്‌വി.

പിന്നാലെ യദ്യൂരപ്പയുടെ കത്തിന്റെ കോപ്പി കോടതിയില്‍ സിംഗ്‌വി ഹാജരാക്കി. എന്നാല്‍ ഈ രാത്രി പോലെ ഇരുണ്ടതാണല്ലോ കത്തിന്റെ പകര്‍പ്പ് എന്നായിരുന്നു കത്തില്‍ കോടതിയുടെ പരാമര്‍ശം. കത്ത് ഹാജരാക്കിയെങ്കിലും കോടതിയെ വിശ്വാത്തിലേടുക്കാന്‍ സിംഗ്‌വിക്കായില്ല. ഇതോടെ ഗവര്‍ണറുടെ തീരുമാനം റദ്ദ് ചെയ്യണ്ട, സത്യപ്രതിജ്ഞ മാറ്റിവെക്കാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് സിംഗ്‌വി വാദം അവസാനിപ്പിക്കുകയായിരുന്നു.

ഗവര്‍ണറുടെ തീരുമാനം വിവേചനപരമല്ല, റദ്ദ് ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നായിരുന്നു മുകുള്‍ റോത്തകിന്റെ വാദം. ഗവര്‍ണറുടെ തീരുമാനത്തെ അര്‍ദ്ധരാത്രി കോടതി കൂടി ഇഴകീറി പരിശോധിക്കുന്നത് ശരിയല്ലെന്ന് റോത്തകി വാദിച്ചു. വലിയ പ്രധാന്യം ഈ ഹര്‍ജിക്കില്ല. യാക്കൂബ് മേമന്റെ കേസുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല എന്നും റോത്തകി സുപ്രീംകോടതിയില്‍ പറഞ്ഞു. എന്നാലിത് തങ്ങളുടെ അധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമായാണ് കോടതി വിലയിരുത്തിയത്.

രണ്ട് എംഎല്‍എമാരാണ് തന്നെ വിളിച്ച് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് റോത്തകി പറഞ്ഞു. എന്നാല്‍ ഇതിനെ എതിര്‍ത്ത് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി വീണ്ടും എഴുന്നേറ്റു. യദ്യൂരപ്പയാണ് എതിര്‍ കക്ഷി. എങ്ങനെയാണ് ഏതോ രണ്ട് ബിജെപി എംഎല്‍എമാര്‍ക്കായി ഹാജരാകുകയെന്ന് അഭിഷേക് സിംഗ്‌വി റോത്തകിനോട് ആരാഞ്ഞു. യദ്യൂരപ്പയ്ക്ക് ഭൂരിപക്ഷമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് റോത്തകിയും അറ്റോര്‍ണി ജനറലും വ്യക്തമായ ഉത്തരം നല്‍കിയുമില്ല. ഇതോടെ കോണ്‍ഗ്രസിന് അനുകൂലമായ വിധിയുണ്ടാകും എന്ന് തോന്നിച്ചു.

എന്നാല്‍ ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ കോടതി ഇടപെടരുത് എന്ന് റോത്തകി വാദിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഭരണഘടന സ്ഥാപനത്തെ നിയന്ത്രിക്കുന്ന ഹര്‍ജി തന്നെ റദ്ദ് ചെയ്യണമെന്നായിരുന്നു റോത്തകിയുടെ വാദം. ഊഹാപോഹങ്ങള്‍ മാത്രമുള്ള ഹര്‍ജിയാണിതെന്ന് അറ്റോര്‍ണി ജനറലും വാദിച്ചതോടെ മനു അഭിഷേക് സിംഗ്‌വിയുടെ വാദങ്ങള്‍ അപ്രസക്തമായി. അതേസമയം ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന വാദത്തില്‍ റോത്തിക് ഉറച്ചുനിന്നു. ഭൂരിപക്ഷം കുറയ്ക്കാനുള്ള സമയപരിധി വെട്ടിച്ചുരുക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഗവര്‍ണറുടെ തീരുമാനത്തില്‍ കോടതി ഇടപെടരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്.