മലയാളി സുശീല ജയപാല്‍ മള്‍റ്റ്‌നോമ ഭരണസമിതിയില്‍

ന്യൂയോര്‍ക്ക്: യുഎസ് കോണ്‍ഗ്രസ് അംഗവും മലയാളിയുമായ പ്രമീള ജയപാലിന്റെ സഹോദരി സുശീല ജയപാല്‍ ഓറിഗനിലെ മള്‍റ്റ്‌നോമ കൗണ്ടി ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ തെക്കേഷ്യന്‍ വംശജയാണു സുശീല. ഷാരണ്‍ മാക്‌സ്‌വെ, ബ്രൂസ് ബ്രോസാഡ്, മരിയ ഗാര്‍സ്യ എന്നിവരെ പരാജയപ്പെടുത്തിയാണു സുശീല (55) മള്‍റ്റ്‌നോമ കൗണ്ടി കമ്മിഷണര്‍ ലൊറേറ്റ സ്മിത്തിന്റെ പിന്‍ഗാമിയാകുന്നത്. ലഭിച്ചത് 57% വോട്ട്.

എതിരാളിയായി മല്‍സരരംഗത്തുണ്ടായിരുന്ന ചാള്‍സ് മക്ഗി ലൈംഗികാരോപണങ്ങളെ തുടര്‍ന്നു പിന്‍മാറിയതോടെ സുശീലയുടെ വിജയം ഉറപ്പായതായിരുന്നു. പാലക്കാട് ഈശ്വരമംഗലം മുടവന്‍കാട് പുത്തന്‍വീട്ടില്‍ എം.പി.ജയപാലിന്റെയും എഴുത്തുകാരി മായ ജയപാലിന്റെയും മക്കളാണു പ്രമീളയും സുശീലയും. സുശീല പതിനാറാം വയസ്സിലാണു യുഎസിലെത്തിയത്.

1983ല്‍ സ്വാര്‍ത്‌മോര്‍ കോളജില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. തുടര്‍ന്നു ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്നു നിയമബിരുദം. ആഡിഡാസ് അമേരിക്ക ഉള്‍പ്പെടെ കമ്പനികളുടെ അഭിഭാഷകയായിരുന്നു. ‘സാംസ്കാരിക വൈവിധ്യവും പ്രധാനപ്പെട്ടതാണെന്നു’ സഹോദരിയുടെ ചരിത്രനേട്ടത്തിനു പിന്നാലെ പ്രമീള ട്വീറ്റ് ചെയ്തു. ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന നേട്ടം കൈവരിച്ച പ്രമീള സിയറ്റിലിനെയാണു പ്രതിനിധീകരിക്കുന്നത്.