ഇന്ദിരാഗാന്ധി തുടങ്ങി വെച്ചത് മോഡി പ്രതിയോഗികളുടെ ഉൻമൂലനത്തിനായി ഉപയോഗിക്കുന്നു

ഭരണഘടന ദുരുപയോഗിച്ച്‌ സ്വതന്ത്ര ഇന്ത്യയില്‍ സര്‍ക്കാരുകളെ പുറത്താക്കിയത് 115 തവണയാണ്.87തവണയും ജനാധിപത്യത്തെ അട്ടിമറിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുതന്നെയാണ്.പണം കൊടുത്ത് എംഎല്‍എമാരെ വാങ്ങുന്ന പരിപാടി തുടങ്ങിയതും കോൺഗ്രസാണ്.35കൊല്ലം മുബ് ഇതേ കര്‍ണ്ണാടകയില്‍ ഒരു എംഎല്‍എയ്ക്ക് കോണ്‍ഗ്രസിട്ട വില 25ലക്ഷം.കോണ്‍ഗ്രസ് തുടങ്ങിവച്ചത് തന്നെയാണ് കോൺഗ്രസിന് തിരിച്ചു കിട്ടുന്നത്.

അടിയന്തരാവസ്ഥകാലത്തെ ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെയുള്ള വിധിയെഴുത്തായിരുന്നു 1977ലെ തിരഞ്ഞെടുപ്പ് ഫലം.ഇന്ദിരയ്ക്ക് അധികാരം പോയി.
1980ല്‍ ഇന്ദിര ഗാന്ധി അധികാരത്തില്‍ തിരിച്ചെത്തുകയും ജനതാ പാര്‍ട്ടിയെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തു.ഒന്‍പതു ജനതാ സര്‍ക്കാറുകളെയാണ് ഇന്ദിര ഒറ്റയടിക്ക് പുറത്താക്കിയത്.
ഇതിന്റെ ഫലമായി കര്‍ണ്ണാടകയിലെ രാമകൃഷ്ണ ഹെഡ്‌ഗെയും ഇന്ദിരാഗാന്ധിയുടെ കോപത്തിന് ഇരയായി. 1983ല്‍ കര്‍ണ്ണാടകയില്‍ ജനതാ സര്‍ക്കാര്‍ അധികാരത്തിലെത്തി.

ഈ സര്‍ക്കാരിന പ്രതിസന്ധിയിലാക്കാന്‍ എംഎഎല്‍എമാരെ ചാക്കിട്ടു പിടിച്ചു. അന്ന് ഒരു എംഎല്‍എയ്ക്ക് 25 ലക്ഷമായിരുന്നു കോണ്‍ഗ്രസ് ഓഫര്‍ ചെയ്തത്.ഒടുവില്‍ 1984ല്‍ ഹെഡ്‌ഗേ രാജിവച്ചു. അന്ന് കോണ്‍ഗ്രസ് തുടക്കമിട്ട കുതിക്കച്ചവടത്തിനാണ് ഇന്ന് അമിത് ഷായും കൂട്ടരും പുതിയ തലം നല്‍കുന്നത്.

35 കൊല്ലം മുബ് 25ലക്ഷമെന്നാല്‍ അതിന്റെ മൂല്യം ഏറെ ഉയരത്തിലാണ്.
ഇന്ന് 100 കോടിയാണ് എംഎല്‍എമാരുടെ വില.ഗോവയിലും മണിപ്പൂരിലുമെല്ലാം എംഎല്‍എമാരെ കൂടുമാറ്റി ബിജെപി അധികാരം പിടിച്ചെടുത്തു. ഇവിടെയെല്ലാം ഭരണം നഷ്ടമായത് കോണ്‍ഗ്രസിനാണ്.

ഇതിനെയെല്ലാം ചരിത്രത്തിന്റെ അനിവാര്യമായ തിരിച്ചടി എന്നല്ലാതെ മറ്റെന്താണ് പറയുക.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെയായി 115 തവണ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു.അതായത് ജനവധിയെ കേന്ദ്രസര്‍ക്കാര്‍ അധികാരം ഉപയോഗിച്ച്‌ പിരിച്ചുവിടുന്ന രീതി.അങ്ങനെ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നത് ഇന്ദിരാഗാന്ധിയുടെ സ്ഥിരം ശൈലിയായിരുന്നു.

87 തവണയാണ് കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരുകളെ ഇതുവരെ പിരിച്ചുവിട്ടത്. കുതിരക്കച്ചവടത്തിലൂടെ അധികാരം പടിച്ചെടുക്കുന്ന ശൈലി അവതരിപ്പിച്ചതും കോണ്‍ഗ്രസ് തന്നെ.1959 ല്‍ കേരളത്തിലെ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചു വിട്ടുകൊണ്ട് ജാവഹര്‍ലാല്‍ നെഹ്രു തുടങ്ങിവെച്ച സംസ്ഥാനഭരണം പിടിച്ചെടുക്കല്‍ രീതി 966 – 1977 നിടയില്‍ ഇന്ദിരാഗാന്ധി 39 തവണയാണ് പ്രയോഗിച്ചത്..!

1993 ല്‍ നരസിംഹറാവു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ഇല്ലായിരുന്നു.രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷമെത്തിയ സര്‍ക്കാര്‍ വില കൊടുത്താണ് അധികാരത്തില്‍ അതിശക്തരായത്.

അജിത് സിങ്ങിന്റെ 8 എംപിമാരെയും , ജെഎംഎമ്മിന്റെ 4 എംപിമാര്‍ക്കും രണ്ട് കോടി വീതം കൊടുത്താണ് എല്ലാം നേരെയാക്കിയത്.ഈ കേസില്‍ കീഴ് കോടതി റാവുവിനെ 3 കൊല്ലം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.

കേരളത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നെയ്യാറ്റിന്‍കര എംഎല്‍എ സെല്‍വരാജിനെ അടര്‍ത്തിയെടുത്തതിന് പിന്നിലും പണത്തിന്റെ കളികള്‍ പറയുന്നുണ്ട്.ഗോവയിലും , മണിപ്പൂരിലും , മേഘാലയയിലും , ഇപ്പോള്‍ കര്‍ണ്ണാടകയിലും പണത്തിന്റെ കരുത്തില്‍ ബിജെപിയും അധികാരം പിടിച്ചു. അങ്ങനെ കോണ്‍ഗ്രസ് തുടങ്ങിയ ജനാധിപത്യ ധ്വംസനം പുതിയ തലത്തില്‍ തുടരുകയാണ്.

ഭരണഘടനയുടെ അനുഛേദം 356 ആണ് സംസ്ഥാന മന്ത്രിസഭകളെ പിരിച്ചു വിടാന്‍ രാഷ്ട്രപതിയെ അധികാരപെടുത്തിയിട്ടുള്ളത്.
ഗവര്‍ണറുടെയും കേന്ദ്ര മന്ത്രിസഭയുടെയും ശിപാര്‍ശ അനുസരിച്ചായിരിക്കും പിരിച്ചുവിടല്‍.രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളിലെ നിയമസഭകളെ താല്‍കാലികമായി മരവിപ്പികാനും രാഷ്ട്രപതിക്കാവും.

രാഷ്ട്രപതി ഭരണം എന്നാണ് പേര് എങ്കിലും മന്ത്രിസഭയ്ക്ക് പകരം ഭരണം നടത്തുക ഗവര്‍ണറായിരിക്കും.

നൂറിലധികം തവണ ഇന്ത്യയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്.
യു.പി.യില്‍ മാത്രം പത്ത് തവണ അനുഛേദം 356 പ്രയോഗിക്കപ്പെട്ടപ്പോള്‍ ഒന്‍പത് തവണ രാഷ്ട്രപതി ഭരണം ഏറ്റുവാങ്ങിയ ബീഹാറാണ് രണ്ടാം സ്ഥാനത്ത്..പഞ്ചാബിലായിരുന്നു രാഷ്ട്രപതി ഭരണം ആദ്യമായി ഏര്‍പ്പെടുത്തിയത്. പെപ്‌സു ആയിരുന്നു രണ്ടാം പരീക്ഷണ വേദി.

തുടര്‍ന്ന് മുന്‍കാല സംസ്ഥാനങ്ങളായ ആന്ധ്രയിലും തിരു-കൊച്ചിയിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.

അടുത്ത ഊഴം കേരളത്തിനായിരുന്നു. 1958ല്‍ ഇ.എം.എസ്. സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്സിന്റെ കാര്‍മികത്വത്തില്‍ വിമോചന സമരം പൊട്ടിപുറപ്പെട്ടു.സമരക്കാര്‍ക്ക് നേരെ അങ്കമാലിയില്‍ നടന്ന വെടിവെപ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടത് കോണ്‍ഗ്രസ് അവസരമായി കണ്ടു.

ക്രമസമാധാന പാലനം തകര്‍ന്നെന്നാരൊപിച്ച്‌ രാഷ്ട്രപതി ഭരണത്തിനായി കോണ്‍ഗ്രസ് മുറവിളി കൂട്ടി.അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്ദിര ഗാന്ധിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു കേരള മന്ത്രിസഭ പിരിച്ചു വിടാന്‍ ശിപാര്‍ശ ചെയ്തതിന്റെ ഫലമായി കേരളത്തില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു.

ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് മാത്രം അന്‍പത് തവണയാണ് വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്.തമിഴ്‌നാട്ടില്‍ നാല് തവണ മന്ത്രിസഭ പിരിച്ചു വിട്ടതില്‍ മൂന്ന് തവണയും മന്ത്രിസഭയ്ക്ക് നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നു.അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതായിരുന്നു 1976ല്‍ തമിഴ്‌നാടിനെതിരെ ആരോപിച്ച കുറ്റം.

തമിഴ് പുലികള്‍ക്ക് സംസ്ഥാനത്ത് പിന്തുണ കൂടുന്നത് തടയുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ച്‌ 1991 ലും രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിച്ചു.

ഉള്‍ഫ തീവ്രവാദികളെ നേരിടുന്നതില്‍ അസ്സം സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ച്‌ അസ്സം ഗണ പരിഷദ് സര്‍ക്കാറിനെ പിരിച്ചു വിട്ടത് 1991ല്‍ ആയിരുന്നു.ഇതെല്ലാം അധികാരത്തില്‍ സ്വാധീനമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമായിരുന്നു.സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെ കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ വരുതിയില്‍ നിര്‍ത്താനും അനുഛേദം 356 ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്.1976ല്‍ ഒഡീഷ്സയിലും 1984ല്‍ സിക്കിമിലും അരങ്ങേറിയ അട്ടിമറികളും ഇതിന് തെളിവാണ്.

അടുത്ത കൂട്ട പിരിച്ചുവിടല്‍ നടന്നത് തീവ്രവാദികള്‍ ബാബരി മസ്ജിദ് തകര്‍ത്തതിനു ശേഷമായിരുന്നു.നിരോധിത സംഘടനയായ ആര്‍.ആര്‍.എസ്സിനോടുള്ള ആഭിമുഖ്യമാണ് നാല് ബി. ജെ. പി സര്‍ക്കാറുകളെ പിരിച്ചുവിടാന്‍ കാരണമായാത്.നരസിംഹറാഹു സര്‍ക്കാറിന്റെ ഈ തീരുമാനത്തിനെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും വിജയിച്ചില്ല.

കേവലം 104 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപി.യുടെ പ്രതിനിധിയായ യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ച കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല തികച്ചും ഭരണഘടനാമൂല്യങ്ങളെ കാറ്റില്‍പ്പറത്തിയിരിക്കുന്നുവെന്ന വാദമാണ് നിലവില്‍ സജീവമാകുന്നത്

”മറ്റ് രാഷ്ട്രീയകക്ഷിയുടെയോ എംഎ‍ല്‍എ.മാരുടെയോ പിന്‍തുണയോടെ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഗവര്‍ണറെ ബോധ്യപ്പെടുത്തുന്ന പക്ഷം, ആ അവകാശവാദം നിരാകരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന സുപ്രീംകോടതി നിര്‍ദ്ദേശമാണ് ഗവര്‍ണ്ണര്‍ കാറ്റില്‍ പറത്തുന്നത്.കര്‍ണ്ണാടകയില്‍ ബിജെപി.ക്ക് നിയമവിരുദ്ധവും അധാര്‍മികവുമായ വഴിയിലൂടെയല്ലാതെ 112 എന്ന മാന്ത്രികസംഖ്യ കടക്കാനാവില്ലെന്ന് ഗവര്‍ണര്‍ക്കറിയാം.

എന്നിട്ടും ബിജെപിക്കാരനായ ഗവര്‍ണ്ണര്‍ തന്റെ പാര്‍ട്ടിക്ക് അനുകൂലമായ തീരുമാനം എടുത്തുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
എന്നാല്‍ ചരിത്രത്തിന്റെ പുനര്‍വായനയില്‍ ഇത്തരമൊരു കുറ്റം ആരോപിക്കാന്‍ കോണ്‍ഗ്രസിനാകുമോ എന്നതാണ് എന്റെ ചോദ്യം.

ഇന്ദിരാഗാന്ധി തുടങ്ങി വെച്ചത് മോഡി ഇന്ന്‌ ഉൻമൂലനത്തിനായി ഉപയോഗിക്കുന്നു.പതിനായിരങ്ങൾ ജീവൻ ബലി നൽകിയ ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്ര വഴികളിൽ ഒരു ഘട്ടത്തിലും ഭാഗവാക്കല്ലാത്ത ഒരു പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും തുടർന്നങ്ങോട്ടും രാജ്യത്തിന്റെ ഭാവി അപകടത്തിലാകുന്ന ദുഃസൂചനകളല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കണ്ട.

ജോളി ജോളി
(വിവരങ്ങൾ ഗൂഗിളിൽ നിന്ന് )