പ്രോടെം സ്പീക്കറുടെ നിയമനം ചട്ടവിരുദ്ധമെന്ന് ആക്ഷേപം; കോണ്‍ഗ്രസ് വീണ്ടും സുപ്രീംകോടതിയില്‍

ബംഗളൂരു: കര്‍ണാടകയില്‍ പ്രോടെം സ്പീക്കറായി ബിജെപി നേതാവ് കെ.ജി ബൊപ്പയ്യയെ നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. നിയമനത്തിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കും. ബൊപ്പയ്യക്കെതിരെ ഗുരുതര വിമര്‍ശനമാണ് കോണ്‍ഗ്രസ് ഹര്‍ജിയില്‍ ഉയര്‍ത്തിയിരിക്കുന്നത്. 2010ല്‍ പക്ഷപാതം കാട്ടിയതിന് ബൊപ്പയ്യ കോടതി വിമര്‍ശനം നേരിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ഹര്‍ജിയില്‍ പറഞ്ഞു. ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കാന്‍ ആവശ്യപ്പെടും. അതേസമയം, 2008 ലും പ്രോടെം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് ബൊപ്പയ്യയെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.

അല്‍പസമയം മുമ്പാണ് പ്രോടെം സ്പീക്കറായി ബൊപ്പയ്യ സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ വാജുഭായ്‌ വാലയാണ് പ്രോടെം സ്പീക്കറെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുന്നത് ബൊപ്പയ്യയായിരിക്കും. വിരാജ് പേട്ട എംഎല്‍എയാണ് ബൊപ്പയ്യ.

എന്നാല്‍, ബൊപ്പയ്യയുടെ നിയമനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അഭിഭാഷകന്‍ അഭിഷേക് സിങ് വി രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാവിനെ പ്രോടെം സ്പീക്കര്‍ ആക്കുക എന്നതാണ് കീഴ് വഴക്കം. അത് പാലിക്കണമെന്ന് അഭിഷേക് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിയമനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.

സഭയിലെ മുതിര്‍ന്ന നേതാവായ വി.ആര്‍ ദേശ്പാണ്ഡെയെ പ്രോടെം സ്പീക്കറാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. കുട്ടിക്കാലം മുതല്‍ ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തനത്തിലൂടെ ബി.ജെ.പിയുടെ നേതൃത്വ പദവിയിലെത്തിയ ആളാണ് കെ.ജി ബൊപ്പയ്യ. 2009-മുതല്‍ ബൊപ്പയ്യ കര്‍ണാടക നിയമസഭാ സ്പീക്കറായിരുന്നു. 2011-ല്‍ യെദ്യൂരപ്പ സര്‍ക്കാരിനെതിരെ  പ്രതിഷേധിച്ച 11 എം.എല്‍.എമാരെ അയോഗ്യരാക്കിയതും അന്ന്  സ്പീക്കറായിരുന്ന  ബൊപ്പയ്യ ആയിരുന്നു.

അതേസമയം, ഭൂരിപക്ഷം തെളിയിക്കാന്‍ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. നാളെ നാലുമണിക്കു മുന്‍പുതന്നെ വോട്ടെടുപ്പു നടത്തണമെന്നാണു നിര്‍ദേശം. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വേണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്കാണു ഭൂരിപക്ഷമെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാനുള്ള ഗവര്‍ണറുടെ നിര്‍ദേശവും കോടതി തടഞ്ഞത് ബിജെപിക്കു വന്‍ ക്ഷീണമായി. കേസ് പരിഗണിച്ചപ്പോള്‍ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ച് കോടതി ആരാഞ്ഞിരുന്നു. കോണ്‍ഗ്രസും ജനതാദളും ഇതിനോട് അനുഭാവം പ്രകടിപ്പിച്ചെങ്കിലും ബിജെപി എതിര്‍ക്കുകയായിരുന്നു. വോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെ വേണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിട്ടില്ല. ഗവര്‍ണര്‍ എന്തടിസ്ഥാനത്തിലാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. ഭൂരിപക്ഷമില്ലാത്ത ബിജെപിയെയാണോ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. എല്ലാം കണക്കിന്റെ കളിയാണ്. ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവര്‍ണറാണ്. ബിജെപി ആദ്യം ഭൂരിപക്ഷം സഭയില്‍ തെളിയിക്കട്ടെ, ഗവര്‍ണ്ണറുടെ നടപടിയില്‍ വിധി പിന്നീടു പറയാമെന്നും കോടതി പറഞ്ഞു. അതേസമയം, കോടതിയില്‍ നല്‍കിയ യെഡിയൂരപ്പയുടെ കത്തില്‍ എംഎല്‍എമാരുടെ പേരില്ല. കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യം നല്‍കിയ കത്തില്‍ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബിജെപിയുടെ കത്തുകളില്‍ വലിയ ഒറ്റക്കക്ഷിയാണെന്നും പുറമേനിന്നു പിന്തുണയുണ്ടെന്നുമാണു പറഞ്ഞിരിക്കുന്നത്.