അതിര്‍ത്തിയില്‍ പാക് ഷെല്ലിങ്: ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ അടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക് വെടനിര്‍ത്തല്‍ കരാര്‍ ലംഘനം. പാകിസ്താനി റേഞ്ചേര്‍സിന്റെ ഭാഗത്തു നിന്നുണ്ടായ ഷെല്ലിങില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി രക്ഷാ സേനാ (ബി.എസ്.എഫ്) കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടവരിലുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കശ്മീരില്‍ സന്ദര്‍ശനം നടത്താനിരിക്കേയാണ് ആക്രമണം. പുലര്‍ച്ചെ മൂന്നു മണിയോടെ ആര്‍.എസ് പുര, അര്‍ണിയ സെക്ടറുകളിലാണ് ഷെല്ലിങ് നടന്നത്.

വ്യാഴാഴ്ച ബോബിയാന്‍ മേഖലയില്‍ പാകിസ്താന്‍ ഭാഗത്തു നിന്നുണ്ടായ നുഴഞ്ഞുകയറ്റം ബി.എസ്.എഫ് തകര്‍ത്തിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. തീവ്രവാദികളെ സംരക്ഷിക്കാന്‍ വേണ്ടി പാകിസ്താന്‍ റേഞ്ചേര്‍സ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബി.എസ്.എഫ് പറഞ്ഞു.

ജാര്‍ഖണ്ഡില്‍ നിന്നുള്ള ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ സീതാറാം ഉപാധ്യായ്, ആര്‍.എസ് പുര സ്വദേശികളായ തര്‍സേം ലാല്‍, ഭാര്യ മാന്‍ജിത് എന്നിവരാണ് കൊല്ലപ്പെട്ടത്.