ആണവ നിരായുധീകരണം നടത്തിയാല്‍ അധികാരത്തില്‍ തുടരാം, അല്ലെങ്കില്‍ ഗദ്ദാഫിയുടെ വിധിയായിരിക്കും: കിമ്മിനോട് ട്രംപ്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും വീണ്ടും കൊമ്പുകോര്‍ക്കാനൊരുങ്ങുന്നു. ആണവ നിരായുധീകരണത്തില്‍ കിമ്മിന് മുന്നറിയിപ്പുമായി വന്നരിക്കുകയാണ് ട്രപ് ഇപ്പോള്‍. ആണവായുധങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍ അധികാരത്തില്‍ തുടരാമെന്നും അതല്ലെങ്കില്‍, ലിബിയന്‍ മുന്‍ നേതാവ് മുഅമ്മര്‍ അലി ഗദ്ദാഫിയുടെ വിധിയായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

ജൂണ്‍ 12ന് ട്രംപുമായി സിംഗപ്പൂരില്‍ നടക്കുന്ന കിമ്മിന്റെ കൂടിക്കാഴ്ച റദ്ദു ചെയ്യുമെന്ന ഉത്തരകൊറിയയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഏകപക്ഷീയമായ ആണവ നിരായുധീകരണമാണ് യു.എസ് ആവശ്യപ്പെടുന്നതെന്നു ചൂണ്ടിക്കാണിച്ചായിരുന്നു ഉത്തരകൊറിയയുടെ പിന്മാറ്റ ഭീഷണി.

കൂടിക്കാഴ്ച നടക്കുകയാണെങ്കില്‍ സംരക്ഷണം ലഭിക്കുമെന്നും അത് സുശക്തമായിരിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു. മറിച്ചാണെങ്കില്‍ ഗദ്ദാഫിയുടെ ഗതിയായിരിക്കുമെന്നും ട്രംപ് പറഞ്ഞു.