നാണംകെട്ട് പരവശനായി യെദ്യൂരപ്പ രാജിവച്ചു: കര്‍’നാടക’ത്തില്‍ ജനം ആഗ്രഹിച്ച ക്ലൈമാക്‌സ്

ബംഗളൂരു: നാണംകെട്ട് തലതാഴ്ത്തി ഒടുവില്‍ ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചു. സുപ്രിംകോടതി അനുവദിച്ച നാലു മണിയിലെ വിശ്വാസവോട്ടെടുപ്പിനു നില്‍ക്കാതെയാണ് യെദ്യൂരപ്പയുടെ രാജി.

വിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ എഴുന്നേറ്റ് ‘വികാരനിര്‍ഭരമായ’ പ്രസംഗം നടത്തിയാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. 55 മണിക്കൂര്‍ മാത്രമാണ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്.

എം.എല്‍.എമാരെ തടവില്‍ വച്ചും, ഗവര്‍ണറെയും ഭരണഘടനാ സ്ഥാപനങ്ങളെയും കൂട്ടുപിടിച്ചും, പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ ആവുന്ന കളിയെല്ലാം കളിച്ചിട്ടും കസേര നിലനിര്‍ത്താന്‍ യെദ്യൂരപ്പയ്ക്കായില്ല.

കോഴയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ പിന്നാലെ കൂടിയെങ്കിലും ഒരാളെയും ഒപ്പംകൂട്ടാന്‍ ബി.ജെ.പിക്കായില്ല. ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പായിട്ടും താന്‍ ഭൂരിപക്ഷം തെളിയിക്കുമെന്നറിയിച്ചാണ് യെദ്യൂരപ്പ 17-ാം തിയ്യതി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയത്. ഇതിന് എല്ലാ സഹായങ്ങളും കര്‍ണാടക ഗവര്‍ണര്‍ ചെയ്തുകൊടുക്കുകയും ചെയ്തു.

മുതിര്‍ന്ന അംഗമായിരിക്കണം പ്രോടെം സ്പീക്കറെന്ന കീഴ്‌വഴക്കം പോലും ലംഘിച്ച് ബി.ജെ.പിക്കാരനായ കെ.ജി ബൊപ്പയ്യയെ ഗവര്‍ണര്‍ നിയമിക്കുകയും ചെയ്തു.

ഇന്നു രാവിലെയും യെദ്യൂരപ്പ ‘ആത്മവിശ്വാസം’ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള സമയം യെദ്യൂരപ്പയുടേതായിരുന്നില്ല. സഭ ചേര്‍ന്നതു മുതല്‍ കോഴ വാഗ്ദാനം ചെയ്യുന്നതിന്റെ ടെലിഫോണ്‍ സംഭാഷങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. ബി.ജെ.പി ഹോട്ടലില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെ പൊലിസെത്തി മോചിപ്പിച്ചു. ഇവര്‍ കൂടി സഭയില്‍ എത്തിയതോടെ, വിശ്വാസവോട്ടെടുപ്പിനു നില്‍ക്കാതെ രാജിവയ്ക്കാന്‍ യെദ്യൂരപ്പ തയ്യാറാവുകയായിരുന്നു.

വിശ്വാസപ്രമേയം അവതരിപ്പിച്ചു: പിന്നാലെ ‘വികാരനിര്‍ഭരമായ’ പ്രസംഗവും

തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസും ജെ.ഡി.എസും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. തെരഞ്ഞെടുപ്പിനു ശേഷം ഇരു പാര്‍ട്ടികളും ജനങ്ങളെ അപമാനിച്ചിരിക്കുന്നു. ജനാധിപത്യത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ബി.ജെ.പിയാണ് വലിയ ഒറ്റകക്ഷി.

എന്നെ മുഖ്യമന്ത്രിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായുമാണ്. അവര്‍ക്ക് നന്ദി അറിയിക്കുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷം സംസ്ഥാനം മുഴുവന്‍ യാത്രചെയ്തു. ഞാനവിടെ പ്രശ്‌നങ്ങളും ദു:ഖങ്ങളും കണ്ടു. കര്‍ഷകര്‍ക്കു വേണ്ടി ഞാന്‍ എന്റെ ജീവിതാവസാനം വരെ പോരാടുമെന്നും യെദ്യൂരപ്പ പറഞ്ഞു.

ജനാധിപത്യത്തില്‍ എത്ര സീറ്റ് കിട്ടുന്നു എന്നതല്ല പ്രധാനം. ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നു എന്നതാണ് പ്രശ്‌നം. ജനങ്ങള്‍ കുടിവെള്ളത്തിനു വേണ്ടി കഷ്ടപ്പെടുന്നു. ബംഗളൂരു നഗരത്തില്‍ പോലും കുടിവെള്ളം കിട്ടുന്നില്ല. അതുകൊണ്ടാണ് അവര്‍ ബി.ജെ.പിയെ തെരഞ്ഞെടുത്തത്.

ഞാന്‍ ഈ ജനങ്ങള്‍ക്കു നല്‍കാന്‍ പോകുന്ന ഉറപ്പ്, കര്‍ണാടകയിലെ ആറരക്കോടി ജനങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്റെ ജീവിതം സമര്‍പ്പിക്കുന്നു. ഇങ്ങനെ വികാരനിര്‍ഭരമായി യെദ്യൂരപ്പ പ്രസംഗം തുടര്‍ന്നു. എന്നാല്‍ ഇതൊന്നും കേള്‍ക്കാത്ത മട്ടിലാണ് സിദ്ധരാമയ്യ അടക്കമുള്ള കോണ്‍ഗ്രസ്- ജെ.ഡി.എസ് സംഘം കൂസലില്ലാതെ ഇരുന്നത്.