കാട്ടാനയുടെ ആക്രമത്തില്‍ ബൈക്ക് യാത്രികനുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്ക്

കാക്കയങ്ങാട് : ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയുടെ അക്രമത്തില്‍ ബൈക്ക് യാത്രികന്‍ ഉള്‍പ്പെടെ 2പേര്‍ക്ക് പരുക്ക്. മുഴക്കുന്ന് വട്ടപ്പൊയില്‍ സ്വദേശികളായ വിനോദ് ,ശങ്കരന്‍ നമ്പൂതിരി എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്. കാലിന് സാരമായി പരുക്കേറ്റ വിനോദിനെ പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറളം ഫാമില്‍ നിന്ന് പുഴകടന്ന് ജനവാസ കേന്ദ്രത്തിലേക്കിറങ്ങിയ കാട്ടാനകളാണ് ബൈക്ക് യാത്രികനെ ആക്രമിച്ചത്. കോഴിക്കോട് പോയി മടങ്ങി ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടെയാണ് രാവിലെ 6മണിയോടെ മുഴക്കുന്ന് വട്ടപ്പൊയിലിലെ വീടിന് സമീപത്ത് വച്ച് വിനോദ് കാട്ടാനയുടെ അക്രമത്തിന് ഇരയായത്.

ആനയെ കണ്ട് ഓടുന്നതിനിടെയാണ് വട്ടപൊയിലില്‍ വച്ച് പ്രദേശവാസിയായ ശങ്കരന്‍ നമ്പൂതിരിക്ക് വീണ് പരുക്കേറ്റത്. തലനാരിഴയ്ക്കാണ് 2പേര്‍ക്കും ജീവന്‍ തിരിച്ച് കിട്ടിയത്. പ്രദേശത്തെ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്

പെരുമ്പുന്ന കല്ലേരിമല വഴി മുഴക്കുന്ന് പ്രദേശത്ത് എത്തിയ കാട്ടാനകള്‍ കഴിഞ്ഞ രാത്രിയോടെ വട്ടപ്പൊയില്‍ മേഖലയിലേക്ക് കടക്കുകയും ജനവാസ കേന്ദ്രത്തില്‍ തമ്പടിക്കുകയും ആയിരുന്നു. ഒരു കുട്ടിയാന ഉള്‍പ്പെടെ 3 ആനകളാണ് ജനവാസ കേന്ദ്രത്തിലെത്തിയത്. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വനംവകുപ്പ് പൊലിസ് ഉദ്യോഗസ്ഥരും രാത്രി മുതല്‍ തന്നെ ആനയെ തുരത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് രാവിലെ 8മണിയോടെ ആറളം വൈല്‍ഡ് ലൈഫ് അസി.വാര്‍ഡന്‍ വി മധുസൂതനന്റെ നേതൃത്വത്തില്‍ വനംവകുപ്പും മുഴക്കുന്ന് പൊലിസും,റാപ്പിഡ് റസ്‌പോണ്‍സ് ടീം അംഗങ്ങളും ചേര്‍ന്ന് കാട്ടാനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്.