കോഴിക്കോട് പനിമരണം: ഐഎംഎ വിദഗ്ധ സമിതിയെ നിയോഗിച്ചു

കോഴിക്കോട്: കോഴിക്കോട്ടെ പനി മരണങ്ങളെക്കുറിച്ച് പഠിക്കാനും പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കാനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് 72 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് ഐഎംഎ നിര്‍ദേശിച്ചിട്ടുണ്ട്.

പേരാമ്പ്രയില്‍ പനി ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് 25 പേര്‍ നിരീക്ഷണത്തിലാണ്. എട്ടുപേര്‍ ചികിത്സയിലാണ്. പനി പ്രതിരോധിക്കാന്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആറു പേരും കോഴിക്കോട്ടെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികളില്‍ രണ്ടുപേരുമാണ് ചികിത്സയിലുള്ളത്. ഇവരില്‍ അഞ്ചുപേര്‍ ഒരേ പ്രദേശത്തുനിന്നുള്ളവരാണ്. ഇതുവരെ നാലു പേരില്‍ മാത്രമാണ് പ്രത്യേക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മരിച്ച രണ്ടുപേരിലും രോഗം ബാധിച്ച രണ്ടു പേരിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ചവരില്‍ കണ്ട വൈറസ് ബാധ മൂലമുള്ള പനിയുടെ ലക്ഷണങ്ങള്‍ കാണിച്ച രോഗികളെയാണ് പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുന്നത്.

വൈറസ് രോഗബാധ സംബന്ധിച്ച് പ്രത്യേക ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തിയിരുന്നു. മരിച്ചവരുടെ സ്രവത്തിന്റെ സാമ്ബിളുകള്‍ വിശദപരിശോധനയ്ക്കായി പുണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പ്രത്യേക വൈറസ് തലച്ചോറിനെയും ഹൃദയത്തെയും ബാധിച്ചതിനെത്തുടര്‍ന്നാണ് മരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ആദ്യമാണ് ഇത്തരം വൈറസ്ബാധ കണ്ടെത്തിയത്. നിപ്പാ വൈറസാണ് രോഗകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മണിപ്പാലിലേക്കയച്ച രക്തസാമ്ബിളുകളുടെ അന്തിമപരിശോധനാഫലം അറിഞ്ഞാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് സ്ഥലം സന്ദര്‍ശിച്ച ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത പറഞ്ഞു.

ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയില്‍ പനിബാധിച്ച് ചികിത്സയിലായിരുന്ന സൂപ്പിക്കടയിലെ വളച്ചുകെട്ടി മൊയ്തുഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം(50), മറിയത്തിന്റെ ഭര്‍ത്തൃസഹോദരന്റെ മക്കളായ മുഹമ്മദ് സാലിഹ് (26), വെള്ളിയാഴ്ച രാവിലെയും സാബിത്ത് (23) എന്നിവരാണ് മരിച്ചത്. സാലിഹിന്റെ പിതാവ് മൂസ (62) പനിബാധിച്ച് ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും സാലിഹിന്റെ പ്രതിശ്രുതവധു ആത്തിഫ (19) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

സാബിത്ത് ഉള്‍പ്പെടെയുള്ളവര്‍ ആദ്യഘട്ടത്തില്‍ ചികിത്സതേടിയ പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് പുതുശ്ശേരി പശുക്കടവ് വീട്ടില്‍ ലിനി(31)യും സാലിഹിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് അടുത്തിടപഴകിയ ബന്ധു നൗഷാദും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ.എസ്. അനൂപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈറസ് ബാധയുടെ സാധ്യത ആദ്യമായി തിരിച്ചറിഞ്ഞത്. വവ്വാലില്‍ നിന്നോ പന്നികളില്‍നിന്നോ ജനിതക വ്യതിയാനം സംഭവിച്ച് മനുഷ്യരിലേക്ക് പടരുന്ന വൈറസാവാം മരണകാരണമെന്ന സംശയത്തില്‍ മണിപ്പാലിലെ വൈറോളജി റിസര്‍ച്ച് സെന്ററിലേക്ക് രക്തസാമ്ബിളുകള്‍ അയയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് തലച്ചോറിനെ ബാധിക്കുന്ന പ്രത്യേകതരം വൈറസ് ബാധ കണ്ടെത്തിയത്.