പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; മധ്യപ്രദേശില്‍ യുവാവിനെ തല്ലിക്കൊന്നു

ഭോപ്പാല്‍: പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും കൊലപാതകം. മധ്യപ്രദേശില്‍ പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. മധ്യപ്രദേശിലെ സാത്‌ന ജില്ലയില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. സാത്‌നയിലെ അമഗര ഗ്രാമത്തിലെ റിയാസ് ഖാന്‍(45) ആണ് മരിച്ചത്. ഇയാളുടെ ഡ്രൈവര്‍ ഷാകീലിന്(38) മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു.

കൈമോര്‍ ഗ്രാമത്തില്‍ നിന്നും അമഗരയിലേക്ക് വരുകയായിരുന്ന രണ്ട് പേര്‍ സമീപത്തെ ക്വാറിയില്‍ പശുവുമായി നില്‍ക്കുന്ന റിയാസിനെയും സുഹൃത്തുക്കളെയും കാണുകയും തുടര്‍ന്ന് ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ സ്ഥലത്തെത്തുകയും റിയാസിനെയും സംഘത്തെയും ആക്രമിക്കുകയുമായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പൊലീസ് സംഭവം അറിയുന്നത്. സ്ഥലത്തെത്തിയ പൊലീസ് റിയാസിനെയും ഷാകീലിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റിയാസിനെ രക്ഷപ്പെടുത്താനിയില്ല. സ്ഥലത്തുനിന്ന് കാളയെ കശാപ്പു ചെയ്തതിന്റെ ഇറച്ചി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് റിയാസ് ഖാനും ഷാകീലിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ