മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് കോണ്‍ഗ്രസുമായി കരാറില്ല; 2007 ആവര്‍ത്തിക്കില്ലെന്ന് കുമാരസ്വാമി

ബെംഗളൂരു: 2007 ആവര്‍ത്തിക്കില്ലെന്ന് നിയുക്ത കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന് കോണ്‍ഗ്രസുമായി കരാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2007ല്‍ ബിജെപിയുമായി ജെഡിഎസ് സഖ്യം ചേര്‍ന്ന ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ പ്രതികരണം.മുന്‍ധാരണപ്രകാരം മുഖ്യമന്ത്രിസ്ഥാനം വിട്ടുനല്കാന്‍ കുമാരസ്വാമി തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണ് ബിജെപി പിന്തുണ പിന്‍വലിച്ചത്.

ബുധനാഴ്ച്ചയാണ് കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. കോണ്‍ഗ്രസ്-ജെഡിഎസ് മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 20 മന്ത്രിമാരും ജെഡിഎസിന് 13 മന്ത്രിമാരും ഉണ്ടാകാനാണ് സാധ്യത. കോണ്‍ഗ്രസില്‍ നിന്നുള്ള പ്രധാന നേതാവ് ഉപമുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി.പരമേശ്വരയായിരിക്കും ഉപമുഖ്യമന്ത്രിയാവുക എന്നാണറിയുന്നത്.

നാളെ ഡല്‍ഹിയില്‍ പോയി കുമാരസ്വാമി രാഹുല്‍ ഗാന്ധിയെയും, സോണിയ ഗാന്ധിയെയും കാണും. മന്ത്രിസഭാ വികസനവും, അടുത്ത അഞ്ചുവര്‍ഷത്തേക്ക് സുസ്ഥിര സര്‍ക്കാരുണ്ടാക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കുമാരസ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.