‘ബൈ ബൈ മോദി’; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ‘2014ല്‍ ഇന്ത്യയില്‍ ‘ഖര്‍ ഖര്‍ മോദി'(വീടുവീടാന്തരം മോദി) എന്നായിരുന്നു തിരഞ്ഞെടുപ്പു മുദ്രാവാക്യം. എന്നാല്‍ 2019ല്‍ ഇത് ‘ബൈ ബൈ മോദി’ എന്നായിരിക്കും. ഇന്ന് എന്‍ഡിഎ ശത്രുക്കളെയും കോണ്‍ഗ്രസ് സുഹൃത്തുക്കളെയാണുണ്ടാക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.

എംഎല്‍എമാരെ വിശ്വാസവോട്ടെടുപ്പിനു മുന്നോടിയായി ചാക്കിട്ടു പിടിക്കാനും കുതിരക്കച്ചവടത്തിനും ബിജെപി നേതാക്കള്‍ നടത്തിയ ശ്രമങ്ങള്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് മോദിയോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ക്ക് ബിജെപി കൈക്കൂലി വാഗ്ദാനം ചെയ്തതും അന്വേഷിക്കാന്‍ മോദി ഉത്തരവിടുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതുവഴി അഴിമതിക്കെതിരായുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത തെളിയിക്കണമെന്നും ജയ്‌വീര്‍ ആവശ്യപ്പെട്ടു.

ഡീസലിന്റെയും പെട്രോളിന്റെയും എക്‌സൈസ് തീരുവ കൂട്ടി ജനങ്ങളുടെ 10 ലക്ഷം കോടി രൂപയാണ് കേന്ദ്രം തട്ടിയെടുത്തത്. കര്‍ണാടകയിലെ എംഎല്‍എമാരെ ‘വേട്ടയാടിപ്പിടിക്കാനാണ്’ ഈ പണം ഉപയോഗിച്ചതെന്നും ജയ്‌വീര്‍ ആരോപിച്ചു. പെട്രോള്‍ നികുതിയെല്ലാം നിലയില്ലാക്കയത്തിലേക്കാണു പോകുന്നത്. ആ കിണറിന്റെ പേരാണ് ബിജെപി. ആ പണമാണു സര്‍ക്കാരുകളെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകര്‍ക്കാനും ബിജെപി ഉപയോഗിക്കുന്നത്.

കര്‍ണാടക തിരഞ്ഞെടുപ്പു കാലത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കാതിരുന്നത് വര്‍ഷം മുഴുവന്‍ നീട്ടണം. കര്‍ണാടകയിലെ തിരഞ്ഞെടുപ്പും സ്വന്തം സ്വാര്‍ഥതാല്‍പര്യങ്ങളും മുന്‍നിര്‍ത്തി പെട്രോള്‍ വില വര്‍ധിപ്പിക്കാതെ ഇടപെടാന്‍ മോദിക്ക് സാധിക്കുമെങ്കില്‍ സാധാരണക്കാര്‍ക്കു വേണ്ടി എന്തു കൊണ്ടു വര്‍ഷം മുഴുവന്‍ അത് ചെയ്തുകൂടായെന്ന് ജയ്‌വീര്‍ ചോദിച്ചു. കേന്ദ്രഭരണത്തില്‍ നിന്നു ബിജെപിയെ ഒഴിവാക്കാനും വെറുപ്പിന്റെ രാഷ്ട്രീയം ഇല്ലാതാക്കാനും മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശമനുസരിച്ചു പാര്‍ട്ടി പ്രവര്‍ത്തിക്കണമെന്നും ജയ്‌വീര്‍ ആവശ്യപ്പെട്ടു.