കൊച്ചി കാന്‍സര്‍ ഗവേഷണകേന്ദ്രം രണ്ട് വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാക്കും: മുഖ്യമന്ത്രി

കൊച്ചി കാന്‍സര്‍ ഗവേഷണകേന്ദ്രം 2020ഓടെ യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍ച്ച് സെന്ററിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബിയില്‍ നിന്ന് അനുവദിച്ച 385 കോടി രൂപ ചെലവിട്ടാണ് മധ്യകേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കടലാസ് രേഖയായി മാത്രം ഒതുങ്ങിയ മധ്യകേരളത്തിന്റെ സ്വപ്നപദ്ധതിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടത്.

കൊച്ചിക്ക് കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പാരിസ്ഥിതിക അനുമതി ഉള്‍പ്പെടെ എല്ലാ കടമ്പകളും കടന്ന് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. 2020ഓടെ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചു.

ചടങ്ങില്‍ കേരള കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി നയരേഖ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പ്രകാശനം ചെയ്തു. സംസ്ഥാനത്തെ മറ്റ് രണ്ട് കാന്‍സര്‍ സെന്റര്‍ കൂടി സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി വികസിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു.

ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ വികസനഫണ്ടില്‍ നിന്നും അനുവദിച്ച 5.13 കോടി ചെലവില്‍ സ്ഥാപിച്ച പുതിയ സിടി സ്‌കാന്‍ മെഷീന്‍ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കിഫ്ബിയില്‍ നിന്ന് അനുവദിച്ച 385 കോടി രൂപ ചെലവിട്ടാണ് 12.3 ഏക്കറില്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്നത്.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 400 രോഗികളെ കിടത്തി ചികിത്സിക്കാനാകും.