ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; രാഷ്ട്രീയ നിലപാട് 23ന് പ്രഖ്യാപിക്കുമെന്ന് വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിലപാട് 23ന് ചേര്‍ത്തലയില്‍  പ്രഖ്യാപിക്കുമെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൂന്നു മുന്നണികളും തമ്മില്‍ ശക്തമായ മല്‍സരമാണ് ചെങ്ങന്നൂരി‌ല്‍. സംവരണ വിഷയത്തില്‍ സവര്‍ണ നിലപാടാണ് സര്‍ക്കാരിനുള്ളത്.സംവരണനയത്തിലൊഴിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പലനിലപാടുകളോടും യോജിപ്പാണ്. മൈക്രോഫിനാന്‍സ് നടത്തിപ്പില്‍ ചില യൂണിയനുകള്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ട്. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി കൊല്ലത്ത് പറഞ്ഞു.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി നിലപാട് മുന്നണികള്‍ കാക്കുമ്പോഴാണ് നിര്‍ണ്ണായക തീരുമാനം 23ന് പ്രഖ്യാപിക്കുമെന്ന് എസ്എന്‍ഡിപി യോഗം വ്യക്തമാക്കിയത്. ഇടതു പക്ഷത്തെ അനുകൂലിച്ച് വെള്ളാപ്പള്ളിയും, ബിജെപിയുമായി നിസ്സഹകരണം തുടരുമ്പോഴും മുന്നണി മര്യാദ ലംഘിക്കില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും വ്യക്തമാക്കുമ്പോള്‍ എല്‍ഡിഎഫും എന്‍ഡിഎയും ആശയക്കുഴപ്പത്തിലാണ്.

ചെങ്ങന്നൂരില്‍ പ്രധാന നേതാക്കള്‍ നാടിളക്കി പ്രചാരണം നയിക്കുമ്പോള്‍ എല്‍ഡിഎഫിന് ആവേശം പകരാന്‍ വി എസ് അച്യുതാനന്ദനും ഇന്ന് ചെങ്ങന്നൂരിലെത്തും.മുളക്കുഴയിലും വെണ്മണിയിലും ഇന്ന് വി എസ് പ്രസംഗിക്കും.മൂന്ന് ദിവസം ക്യാമ്പ് ചെയ്താണ് വി എസിന്റെ പ്രചാരണം. വി എസിന് പുറമെ ആര്‍ ബാലകൃഷ്ണപിള്ള, എം പി വീരേന്ദ്രകുമാര്‍ തുടങ്ങിയവരും ചെങ്ങന്നൂരിലുണ്ട്. പിണറായി വിജയന്‍ 24ന് എത്തും.