32 C
Kochi
Thursday, April 25, 2024
നിപ്പ വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി; ഉറവിടം കിണറിലെ വെള്ളം; ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്ക് നടപടി...

നിപ്പ വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി; ഉറവിടം കിണറിലെ വെള്ളം; ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്ക് നടപടി എടുത്തു; രോഗം വായുവിലൂടെ പടരില്ല

കോഴിക്കോട്: നിപ്പ വൈറസിന്റെ ഉറവിടം കിണറിലെ വെള്ളമാകാമെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ്.പേരാമ്പ്രയില്‍ മരിച്ചയാളുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തിയിരുന്നു. വവ്വാലുകള്‍ പുറത്ത് പോകാതിരിക്കാന്‍ കിണറ് മൂടിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വൈറസ് പകരുന്നത് വവ്വാലുകളിലൂടെയാണോയെന്ന് വ്യക്തമാകാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. വായുവിലൂടെ വൈറസ് പകരുമെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്ക് നടപടി എടുത്തെന്നും  ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിപാ വൈറസ് ബാധിച്ചവര്‍ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടുന്നതെങ്കില്‍ ചികിത്സാ ചെലവിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും, പണമില്ലെന്ന കാരണത്താല്‍ ആരുടെയും ചികിത്സ മുടങ്ങരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോഴിക്കോടും മലപ്പുറത്തുമായി പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പത്തായിരിക്കുകയാണ്. മരിച്ചവരെ ചികിത്സിച്ചിരുന്ന നഴ്സ് ലിനിയും കഴിഞ്ഞ ദിവസം മരിച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ ആരോഗ്യവകുപ്പ് തന്നെ സംസ്കരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച ശേഷം വന്ന റിപ്പോര്‍ട്ടിലാണ് പനിക്ക് കാരണം നിപാവൈറസാണെന്ന് സ്ഥിരീകരിച്ചത്. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ് പേര്‍ കൂടി ഇന്നലെ രാത്രിയോടെ മരിച്ചു.

പനി നേരിടാന്‍ സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനതിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ ആണ് മെഡിക്കല്‍ ടീമിനെ അയക്കാന്‍ തീരുമാനിച്ചത്. ഒപ്പം ആരോഗ്യമന്ത്രി കെകെ ശൈലജയും ഇന്ന് പനിബാധിത പ്രദേശം സന്ദര്‍ശിക്കും. ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ചവര്‍ ഏറെയും. അതുകൊണ്ട് തന്നെ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കഴിഞ്ഞദിവസം ആരോഗ്യ അധികൃതര്‍ നല്‍കിയ ജാഗ്രാതാനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ യുവി ജോസ് അറിയിച്ചു.