കര്‍ണാടകക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരെന്ന് സൂചന; ബുധനാഴ്ച കുമാരസ്വാമി മാത്രം സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു: കര്‍ണാടകയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്ക് സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര. നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തുന്ന കേന്ദ്ര നേതൃത്വമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കുമാരസ്വാമി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും.

അതേസമയം, ബുധനാഴ്ച എച്ച്.ഡി കുമാരസ്വാമി മാത്രമേ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറിയിച്ചു. ബുധനാഴ്ച നടക്കുമെന്ന് കരുതുന്ന വിശ്വാസവോട്ടെടുപ്പിന് ശേഷം മാത്രമേ മറ്റ് മന്ത്രിസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ജി. പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആഭ്യന്തര മന്ത്രി സ്ഥാനവും അദ്ദേഹത്തിന് നല്‍കുമെന്നായിരുന്നു സൂചന. എന്നാല്‍ രണ്ട് ഉപമുഖ്യമന്ത്രിമാരുടെ  സാധ്യതകളെ കുറിച്ച് ജനതാദള്‍ ഇതുവരെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ച രാത്രി നടന്ന കോണ്‍ഗ്രസ് ജനതാ ദള്‍ യോഗത്തില്‍ കോണ്‍ഗ്രസിന് 20 മന്ത്രി സ്ഥാനവും ജനതാദളിന് 13 മന്ത്രി സ്ഥാനവും നല്‍കാന്‍ തീരുമാനമായിരുന്നു.