കേരളം മരണഭീതിയിൽ

Greater short-nosed fruit bat (Cynopterus sphinx)

കോഴിക്കോട്: കേരളം കണ്ട ഏറ്റവും വലിയ ഭീതിയില്‍ പരിഭ്രാന്തരായി ജനങ്ങള്‍. നിപ്പ വൈറസ് ബാധയേറ്റ നഴ്‌സുകൂടി മരിച്ചതോടെ ആരോഗ്യ വകുപ്പും ഞെട്ടിയിരിക്കുകയാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സും പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശിയുമായ ലിനി പുതുശ്ശേരി(31) ആണ് മരിച്ചത്.

ഇവരുടെ മൃതദേഹം വൈറസ് പടരാതിരിക്കാന്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ വൈദ്യുതി ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. നിപ്പാ വൈറസ് ബാധിച്ചു മരിച്ച ചങ്ങരോത്തെ സഹോദരങ്ങളെ പേരാമ്പ്ര താലുക്കാശുപത്രിയില്‍ ചികിത്സിച്ചത് ലിനിയാണ്.

ഇതാടെ നിപ്പ വൈറസ് അടക്കം കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.

ഈ സാഹചര്യത്തില്‍ കൊലയാളി വൈറസിനെ തുരത്താന്‍ ഏഴു മാര്‍ഗ്ഗങ്ങളാണ് ഡോക്ടര്‍ ഷിംന അസീസ് പങ്കു വയ്ക്കുന്നത്.

1. പക്ഷിമൃഗാദികളും വവ്വാലും ഭാഗികമായി ആഹരിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

2. വവ്വാലിന്റെ കാഷ്ഠം വീഴാന്‍ സാധ്യതയുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ തുറന്ന കലത്തില്‍ ശേഖരിക്കുന്ന തെങ്ങ്/പന കള്ള് ഉപയോഗിക്കാതിരിക്കുക.

3. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തിഗതമായ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം.

പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.

4. രോഗികളുടെ അടുത്ത് കൂടുതല്‍ സമയം ചെലവാക്കാതിരിക്കുക.

5. പനി ഉള്ളവരെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക.

6. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടശേഷം സോപ്പുപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുക.

7. പനി ബാധിച്ച് മരിച്ചവരുടെ മൃതശരീരം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിക്കുക. ശരീരം സ്പര്‍ശിച്ചവര്‍ ഉടനെ സോപ്പുപയോഗിച്ച് നന്നായി കഴുകുക. മൃതദേഹ ശുശ്രൂഷ ചെയ്തവര്‍ ഉടനെതന്നെ സോപ്പുപയോഗിച്ച് നന്നായി കുളിക്കുക.

ജനങ്ങളുടെ സുരക്ഷയെ കരുതി ഈ കാര്യങ്ങള്‍ ഷെയര്‍ ചെയ്ത് കൂടുതല്‍ പേരില്‍ എത്തിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകരും അഭ്യര്‍ത്ഥിച്ചു.