എസ്എന്‍ഡിപി നിലപാട് എല്‍ഡിഎഫിന് അനുകൂലമെന്ന് കോടിയേരി; എന്‍ഡിഎയ്ക്ക് അനുകൂലമെന്ന് കുമ്മനം; എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ അധികവും കോണ്‍ഗ്രസുകാരാണെന്നാണ് വി.ഡി സതീശന്‍

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ സമുദായത്തെ സ്‌നേഹിക്കുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുമെന്നുള്ള എസ്എന്‍ഡിപി യോഗത്തിന്റെ ആഹ്വാനം എല്‍ഡിഎഫിന് അനുകൂലമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെങ്ങന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എന്‍ഡിപി യോഗത്തിലെ ഭൂരിഭാഗം പ്രവര്‍ത്തകരും ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളവരാണ്. അവര്‍ ചെങ്ങന്നൂരില്‍ ഇടത് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യും. എസ്എന്‍ഡിപിയുടെ പിന്തുണ നിര്‍ണായകമാമെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ നിലപാട് വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കോടിയേരി ചെങ്ങന്നൂരിലെ എസ്എന്‍ഡിപി ശാഖാമന്ദിരത്തില്‍ സന്ദര്‍ശനം നടത്തി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. യൂണിയന്‍ ഓഫീസിലെ ഭാരവാഹികളുമായി കോടിയേരി ചര്‍ച്ച നടത്തുകയും പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്തു.

എസ്.എന്‍.ഡി.പിയുടെ സമദൂര നിലപാട് സ്വാഗതം ചെയ്യുന്നതായി ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പറഞ്ഞു. എസ്എന്‍ഡിപി അണികള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഉറപ്പാണെന്നും ഈഴവ സമൂദായത്തോടൊപ്പം നിന്ന മുന്നണിയാണ് എൻഡിഎയെന്നും കുമ്മനം അവകാശപ്പെട്ടു.

എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ അധികവും കോണ്‍ഗ്രസുകാരാണെന്നാണ് വി.ഡി സതീശന്‍ പറഞ്ഞത്.