എസ്പി-ബിഎസ്പി സഖ്യം 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയായിരിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ

ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യം 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയായിരിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അതേസമയം അമേഠിയിലോ റായ്ബറേലിയിലോ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാകുമെന്നും അമിത് ഷാ പറഞ്ഞു. മോദി സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2019 ലും മഹാരാഷ്ട്രയില്‍ ശിവസേനക്കൊപ്പമായിരിക്കും ബിജെപി മത്സരിക്കുക. അവര്‍ എന്‍ഡിഎയില്‍ നിന്ന് പുറത്ത് പോകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അവര്‍ക്ക് എന്‍ഡിഎയില്‍ നിന്ന് പുറത്ത് പോകണമെങ്കില്‍ അത് അവരുടെ താല്‍പര്യമാണെന്നും’ അമിത് ഷാ വ്യക്തമാക്കി.

‘2019ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിയെയെ നേരിടാന്‍ ഉറപ്പുളളതിനാലാണ് പ്രതിപക്ഷ കക്ഷികള്‍ ഐക്യത്തിലെത്തുന്നത്. ഐക്യം എന്ന സാധ്യത വെച്ചുകൊണ്ട് എന്‍ഡിയെയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. 2019ല്‍ ബിജെപിക്ക് കുറഞ്ഞത് 80 സീറ്റുകള്‍ എങ്കിലും നേടാന്‍ കഴിയും. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും ശക്തമായ സ്വാധീനം ചെലുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും’ അമിത് ഷാ പറഞ്ഞു.

ഇക്കഴിഞ്ഞ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി പിന്തുണയോടെയാണ് എസ്.പി സ്ഥാനാര്‍ഥികള്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയത്. വരാനിരിക്കുന്ന കൈരാന ഉപതെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും തമ്മില്‍ സഹകരിച്ചേക്കുമെന്നാണ് സൂചന.