നിപ്പ വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ല; മൃഗങ്ങളില്‍ നിന്നല്ല പടര്‍ന്നതെന്ന് പരിശോധനാ ഫലം

ഭോപ്പാല്‍: നിപ്പ വൈറസിന്റെ ഉറവിടം വവ്വാലില്‍ നിന്നല്ലെന്ന് പരിശോധനാ ഫലം. പന്തിക്കരയില്‍ നിന്ന് പിടികൂടിയ വവ്വാലുകളില്‍ ഭോപ്പാലില്‍ വെച്ച് നടത്തിയ പരിശോധനയില്‍ നിപ്പ വൈറസ് വവ്വാലില്‍ നിന്ന് അല്ല പടര്‍ന്നതെന്ന് വ്യക്തമാവുകയായിരുന്നു. ഇവിടെ നിന്നും കണ്ടെത്തിയ വവ്വാലുകളില്‍ വൈറസ് കണ്ടെത്താന്‍ സാധിച്ചില്ല.

ഭോപ്പാലിലെ പ്രത്യേക ലാബില്‍ വെച്ചാണ് പരിശോധന നടത്തിയത്. വവ്വാലിന് പുറമെ പന്നി, പശു, പൂച്ച തുടങ്ങിയ മൃഗങ്ങളിലെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇവയിലൊന്നും വൈറസ് കണ്ടെത്താനായിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ വി.പി. സിങ്ങിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രാണികളെ ഭക്ഷിക്കുന്ന ചെറിയ വവ്വാലുകളുടെ രക്തത്തിന്റെയും സ്രവങ്ങളുടെയും സാംപിളുകളാണ് ഭോപ്പാലിലേക്ക് അയച്ചത്. പഴങ്ങള്‍ ഭക്ഷിക്കുന്ന വലിയ വവ്വാലുകളുടെ രക്തത്തിന്റെയും സ്രവങ്ങളുടേയും സാംപിളുകളുടെ പരിശോധനാ ഫലം വരേണ്ടതുണ്ട്. വലിയ വവ്വാലുകളുടെ പരിശോധനയ്ക്കാവശ്യമായ സാംപിളുകള്‍ ശേഖരിക്കാനുള്ള ശ്രമം ആരംഭിച്ചതായി മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ നിപ്പ വൈറസ് പരത്തുന്നത് വവ്വാലാണെന്നായിരുന്നു ലോകാരോഗ്യ സംഘടന വരെ വിലയിരുത്തിയിരുന്നത്. തുടര്‍ന്നാണ് നിപ്പ വൈറസ് കേരളത്തില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും ഇവയുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചത്.

ഏപ്രില്‍ 25നും 28നും ഇടയിലാണ് പേരാമ്പ്ര ചങ്ങരോത്ത് സ്വദേശികളായ മൂസ, മക്കളായ സാബിത്ത് സാലിഹ് എന്നിവര്‍ ആപ്പറ്റയില്‍ പുതുതായി വാങ്ങിയ വീട്ടിലെ കിണര്‍ വൃത്തിയാക്കിയത്. മേയ് മൂന്നിന് സാബിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേയ് അഞ്ചിന് സാബിത്ത് മരിച്ചു. മേയ് 18ന് സാലിഹും മരിച്ചു. മൂസയുടെ സഹോദര ഭാര്യ മറിയം മേയ് 19നു മരിച്ചു. മേയ് 20നാണു മരണകാരണം നിപ്പ വൈറസാണെന്ന് കണ്ടെത്തുന്നത്. മൂസയുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സംശയം വവ്വാലുകളിലേക്കെത്തിയത്.

അതേസമയം ആശങ്കപ്പെട്ടതുപോലെ നിപ്പ പടരുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇന്നലെയും ഇന്നുമായി പരിശോധനയ്ക്കയച്ച ഒന്നൊഴികെ എല്ലാം 21 പേരുടെ സ്രവങ്ങളാണ് ഇന്നലെ പരിശോധനയ്ക്കയച്ചത്. പേരാമ്പ്ര സഹകരണ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കും നിപ്പ ഇല്ലെന്ന് കണ്ടെത്തി. രക്തപരിശോധനാ ഫലം നെഗറ്റീവാണ്. പനിയെ തുടര്‍ന്നാണ് ഇവര്‍ ചികിത്സ തേടിയത്.നിലവില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിപ്പ ബാധിച്ച് 12 പേരാണ് മരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ മരിച്ച സാബിത്തിനെയും നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍പ്പെടുത്തുമെന്നും സാബിത്തിന്റെ സഞ്ചാര പശ്ചാത്തലം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മലേഷ്യയില്‍ നിന്ന് കൊണ്ടുവന്ന മരുന്ന് രോഗികള്‍ക്ക് കൊടുത്ത് തുടങ്ങിയിട്ടുണ്ട്. നിപ്പ വൈറസ് പ്രതിരോധ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന മരുന്ന് കേരളത്തിനു നല്‍കാമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. നിപ്പയെ പ്രതിരോധിക്കാനുള്ള എം 102.4 ഹ്യൂമന്‍ മോണോ ക്ലോണല്‍ ആന്റിബോഡി എന്ന ഔഷധമാണു സംസ്ഥാനത്തിനു നല്‍കുക. ഏറ്റവും അടുത്ത ദിവസം  50 ഡോസ് മരുന്നുകള്‍ ഓസ്‌ട്രേലിയയില്‍ നിന്നും സംസ്ഥാനത്തെത്തുമെന്ന് മന്ത്രി പറഞ്ഞു.