നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസും രംഗത്ത്; വടകര റൂറല്‍ എസ്പി ജി.ജയദേവിന് അന്വേഷണചുമതല

വടകര: നിപ്പ വൈറസിന്റെ ഉറവിടം വവ്വാലില്‍ നിന്നല്ലെന്ന് പരിശോധനാ ഫലം വന്നതോടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ പോലീസും രംഗത്ത്. വടകര റൂറല്‍ എസ്പി ജി.ജയദേവിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. രോഗലക്ഷണവുമായി ആദ്യം മരിച്ച സൂപ്പിക്കടയിലെ സാബിത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷിക്കുന്നത്.

മരിക്കുന്നതിനു മുമ്പ് സാബിത്ത് ചെയ്ത കാര്യങ്ങളാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. സാബിത്തിന്റെ യാത്രകളെക്കുറിച്ചും ആരെല്ലാമായി ബന്ധപ്പെട്ടിരുന്നുവെന്നതും എന്തെല്ലാം ഭക്ഷണം കഴിച്ചുവെന്നതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യവകുപ്പിന്റെ നടപടികളുമായി പൊലീസ് സഹകരിക്കും. സാബിത്ത് വിദേശരാജ്യത്ത് ജോലിയുള്ളയാളായിരുന്നു. മരിക്കുന്നതിന് ഏതാനും മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. ഈ സാഹചര്യത്തിലാണ് യാത്രാപശ്ചാത്തലം പരിശോധിക്കാന്‍ തീരുമാനിച്ചത്.

നിപ്പ വൈറസിന്റെ ഉറവിടം വവ്വാലില്‍ നിന്നല്ലെന്ന് പരിശോധനാ ഫലം വന്നിരുന്നു. പന്തിരക്കരയില്‍ നിന്ന് പിടികൂടിയ വവ്വാലുകളില്‍ ഭോപാലിലെ പ്രത്യേക ലാബില്‍വെച്ചാണ് പരിശോധന നടത്തിയത്. നിപ്പ വൈറസ് വവ്വാലില്‍ നിന്ന് അല്ല പരന്നതെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. പ്രാണികളെ ഭക്ഷിക്കുന്ന ചെറിയ വവ്വാലുകളുടെ രക്തത്തിന്റെയും സ്രവങ്ങളുടെയും സാംപിളുകളാണ് ഭോപ്പാലിലേക്ക് അയച്ചത്. പഴങ്ങള്‍ ഭക്ഷിക്കുന്ന വലിയ വവ്വാലുകളുടെ രക്തത്തിന്റെയും സ്രവങ്ങളുടേയും സാംപിളുകളുടെ പരിശോധനാ ഫലം വരേണ്ടതുണ്ട്. വലിയ വവ്വാലുകളുടെ പരിശോധനയ്ക്കാവശ്യമായ സാംപിളുകള്‍ ശേഖരിക്കാനുള്ള ശ്രമം ആരംഭിച്ചതായി മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ നിപ്പ വൈറസ് പരത്തുന്നത് വവ്വാലാണെന്നായിരുന്നു ലോകാരോഗ്യ സംഘടന വരെ വിലയിരുത്തിയിരുന്നത്. തുടര്‍ന്നാണ് നിപ്പ വൈറസ് കേരളത്തില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും ഇവയുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചത്.