ഉമ്മൻ ചാണ്ടിക്ക് പിന്നാലെ ചെന്നിത്തലയേയും മാറ്റുമോ ?;സുധീരനെ കോൺഗ്രസിന്റെ കേരളത്തിന്റെ മുഖമാക്കുമോ

ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗമക്കി ഉയര്‍ത്തി ആന്ധ്രയുടെ ചുമതല നല്‍കിയ രാഹുല്‍ ഗാന്ധി കെ.പി.സി.സി നേതൃസ്ഥാനത്തും ഉടന്‍ അഴിച്ചുപണി നടത്തും. എം.എം.ഹസ്സനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റി യുവ നേതൃത്വത്തിന് ചുമതല നല്‍കാനാണ് നീക്കം. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം ഇതു സംബന്ധമായ തീരുമാനമുണ്ടാകും.

കര്‍ണ്ണാടകയില്‍ ഫലപ്രദമായി ഇടപെട്ട കെ.സി.വേണുഗോപാല്‍, പി.സി വിഷ്ണുനാഥ് എന്നിവര്‍ക്കു പുറമെ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍, കെ.സുധാകരന്‍, കെ.മുരളീധന്‍ എന്നിവരും പരിഗണനാ ലിസ്റ്റിലുണ്ട്. വി.എം സുധീരനെ പാര്‍ലമെന്ററി രാഷ്ട്രീയ രംഗത്തേക്കു കൊണ്ടുവരാനും രാഹുല്‍ ഗാന്ധിക്ക് പദ്ധതിയുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മുന്‍ നിര്‍ത്തി ലോക് സഭാ തെരഞ്ഞെടുപ്പിനെ മാത്രമല്ല, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ പോലും നേരിടാന്‍ പറ്റില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്റ്.

യു.ഡി.എഫിലേക്ക് തിരിച്ചു വന്ന കേരള കോണ്‍ഗ്രസ്സിനും മുസ്ലീം ലീഗിനും ചെന്നിത്തല നായകനാകുന്നതോട് യോജിപ്പുമില്ല. സുധീരന്‍ വന്നാലും ചെന്നിത്തലയെ ഒരു കാരണവശാലും അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന കടുത്ത നിലപാടിലാണ് കേരള കോണ്‍ഗ്രസ്സ്. ജനകീയ മുഖമുള്ള ഒരു നേതാവിനെ മുന്‍ നിര്‍ത്തിയായിരിക്കണം ഇനി സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് മുന്നോട്ട് പോകേണ്ടതെന്നാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പഠിച്ച ടീം രാഹുല്‍ ഹൈക്കമാന്റിനു നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരിക്കുന്നത്.

ഇതു തന്നെയാണിപ്പോള്‍ സുധീരന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. തൃക്കാക്കര എം.എല്‍.എ പി.ടി.തോമസിന്റെ പ്രവര്‍ത്തനങ്ങളിലെ സ്വീകാര്യതയും ടീം രാഹുല്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഗ്രൂപ്പുകള്‍ക്ക് അതീതമായി ഒരു ടീം കെ.പി.സി.സി തലപ്പത്ത് വരണമെന്നതാണ് രാഹുല്‍ ഗാന്ധിയുടെ ആഗ്രഹം. ഇതിനു കളമൊരുക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രപ്രദേശിന്റെ ചുമതല നല്‍കിയ പോലെ വേണ്ടി വന്നാല്‍ ചെന്നിത്തലക്കും കേരളത്തിന് പുറത്ത് ചുമതല നല്‍കി ‘അഗ്‌നി’ യുദ്ധി വരുത്താനാണ് ആലോചനയത്രെ.