ഒരു വർഷം മുമ്പ് ആയിരുന്നു എങ്കിൽ പിണറായി വിജയൻ സർക്കാർ കേരള പോലീസ് നിയമത്തിലെ 97 (2) (e) പ്രയോഗിച്ചേനെ

ബാലഗോപാൽ .ബി. നായർ

കോട്ടയം സ്വദേശി കെവിൻ ജോസഫിന്റെ കൊലപാതകത്തെ കുറിച്ചുള്ള വാർത്ത കേൾക്കുന്നത് സുപ്രീം കോടതിയിൽ നിൽക്കുമ്പോൾ ആണ്. ഫേസ് ബുക്കിലും മറ്റും നിരവധി സുഹൃത്തുക്കൾ പോലീസിന്റെ നിഷ്ക്രീയതയെ കുറിച്ച് എഴുതി കണ്ടു. പോലീസിന് വീഴ്ച പറ്റി എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. പക്ഷേ പോലീസിന്റെ ഈ നിഷ്ക്രീയതയ്ക്ക് ഉത്തരവാദിത്ത്വം ആർക്കാണ്? പോലീസിന് എതിരെ ശക്തമായ ജനവികാരം ഇതുപോലത്തെ വിഷയത്തിൽ ഉത്തരവാദിത്വം സ്റ്റേഷൻ ഹൌസ് ഓഫീസറിലോ, അഡീഷണൽ സ്റ്റേഷൻ ഹൌസ് ഓഫീസറിലോ മാത്രം ആയി ഒതുക്കാൻ ആകുമോ ? ജില്ലാ പോലീസ് മേധാവിയെ സ്ഥലം മാറ്റിയാൽ കാര്യങ്ങൾ അവസാനിക്കുമോ?

ചോദ്യം രാഷ്ട്രീയത്തെകാൾ ഉപരി ആയി തീയറിട്ടിക്കൽ ആണ്. ഒരു വർഷം മുമ്പ് പിണറായി വിജയൻ സർക്കാർ തീയററ്റിക്കൽ ആയ ഈ ചോദ്യത്തിന് സുപ്രീം കോടതിയിൽ തങ്ങളുടെ നിലപാട് വിശദീകരിച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 2017 ഏപ്രിൽ 10, 11 തീയ്യതികളിൽ. സുപ്രീം കോടതിയിൽ ജസ്റ്റിസ് മാരായ മദൻ ബി ലോകൂർ, ദീപക് ഗുപ്ത എന്നിവർ അടങ്ങിയ അഞ്ചാം നമ്പർ കോടതിയിൽ ആണ് അന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആയ രാജ്യത്തെ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവേയും സ്റ്റാന്റിംഗ് കൗൺസിൽ ജി പ്രകാശും സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയിച്ചത്.

പൊതു ജനങ്ങൾക്ക് പോലീസിൽ അതൃപ്തി അവിശ്വാസം എന്നിവ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ല. തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിന് അത്തരം അവസരങ്ങളിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കേണ്ടി വരും. അല്ലെങ്കിൽ ജനങ്ങൾ സർക്കാരിൽ അർപ്പിച്ച വിശ്വാസം തകരും. ഇതായിരുന്നു ആ നിലപാട്. ഈ നിലപാട് കേരള പോലീസ് നിയമത്തിലെ 97 (2) (e) വകുപ്പ് ചൂണ്ടിക്കാട്ടി ആണ് സർക്കാർ കോടതിയിൽ വിശദീകരിച്ചത്.

ഡി ജി പി സ്ഥാനത്ത് നിന്ന് മാറ്റിയതിന് എതിരെ ടി പി സെൻകുമാർ നൽകിയ കേസിൽ ആണ് സംസ്ഥാന സർക്കാർ 2011 ലെ കേരള പോലീസ് നിയമത്തിലെ 97 (2) (e) വകുപ്പിനെ കുറിച്ച് വിശദീകരിച്ചത്. സംസ്ഥാന പോലീസ് മേധാവി, റേഞ്ച് ഐ ജി മാർ, ജില്ലാ പോലീസ് മേധാവികൾ, എസ് എച്ച് ഓ മാർ തുടങ്ങിയവർക്ക് ഒക്കെ രണ്ട് വർഷത്തെ കാലാവധി ഉറപ്പാക്കുന്നത് ആണ് കേരള പോലീസ് നിയമത്തിലെ 97 ആം വകുപ്പ്. ഏതൊക്കെ സാഹചര്യത്തിൽ ഈ കാലാവധിക്ക് ഉള്ളിൽ ഇവരെ നീക്കാം എന്ന് 97 (2) വകുപ്പിൽ വിശദീകരിച്ചിട്ടുണ്ട്. പോലീസിന്റെ കാര്യക്ഷമതയെ കുറിച്ച് പൊതു ജനങ്ങൾക്ക് അസന്തുഷ്‌ടി ഉണ്ടായാൽ ആ അധികാരപരിധിയിൽ ഉള്ള ഉദ്യോഗസ്ഥർക്ക് എതിരെ നിയമപരവും ഡിപ്പാർട്ട്മെന്റ് തലത്തിലും നടപടി എടുക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തര മന്ത്രി ആയിരുന്ന കാലത്ത് പാസ്സാക്കിയ പോലീസ് നിയമത്തിലെ 97 (2) (e) വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്.

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന് ദിവസങ്ങൾക്ക് ഉള്ളിൽ ഈ വകുപ്പിന്റെ അടിസ്ഥാനത്തിൽ ആണ് ടി പി സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കുന്നത്. ജിഷ കൊലപാതക കേസും, പുറ്റിങ്ങൽ വെടി കെട്ട് അപകടവും കൈകാര്യം ചെയ്ത പോലീസ് നടപടിയോട് ജനങ്ങൾക്ക് കടുത്ത അതൃപ്‌തി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു സെൻകുമാറിനെ പദവിയിൽ നിന്ന് നീക്കിയത്. ഇതിനെ ചോദ്യം സുപ്രീം കോടതിയിൽ സെൻകുമാർ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആയ ഹരീഷ് സാൽവേയും, ജി പ്രകാശും സംസ്ഥാനത്ത് നടക്കുന്ന ചെറിയ കേസ്സുകളിൽ പോലും സംസ്ഥാന പോലീസ് മേധാവിക്കുള്ള ഉത്തരവാദിത്വം എത്ര ആണെന്ന് വിശദീകരിച്ചിട്ടുണ്ട്.

പോലീസിന് എതിരെ ജനങ്ങൾക്ക് ഉണ്ടാകുന്ന അതൃപ്തിക്ക് സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവാദിത്വം ഉണ്ടെന്നും, ഇക്കാരണത്താൽ ആണ് സെൻകുമാറിനെ മാറ്റിയത് എന്നും ആയിരുന്നു സാൽവേയുടെയും പ്രകാശിന്റെയും വാദം. 2017 ഏപ്രിൽ 11 ന് സെൻകുമാറിന് വേണ്ടി ഹാജർ ആയ ദുഷ്യന്ത് ദാവെ സംസ്ഥാന ഡി ജി പിക്ക് ഏതെങ്കിലും ഒരു സ്റ്റേഷനിൽ നടക്കുന്ന കേസിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയില്ല എന്ന് പറയുമ്പോൾ കോടതി തിരുത്തുന്നുണ്ട്.

Dave: If an SI not put an FIR at a remotest place in Kerala, Am I responsible. The law states that serious dissatisfaction among general public in his jurisdiction.

SC: DGP’s jurisdiction is entire state.

സെൻകുമാർ കേസിലെ വിധിയിൽ പൊതു ജനങ്ങളുടെ അതൃപ്തിയുടെ അടിസ്ഥാനത്തിൽ നടപടി ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കാനുള്ള അധികാരത്തെ ശരി വയ്ക്കുന്നും ഉണ്ട്. പക്ഷേ പൊതു ജനങ്ങളുടെ അതൃപ്തി എന്നത് ഉദ്യോഗസ്ഥരുടെ അതൃപ്‌തി ആകരുത് എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം തള്ളിയത്.

അന്ന് രണ്ട് കേസ്സുകൾ ചൂണ്ടിക്കാട്ടി ആയിരുന്നു സെൻകുമാറിന് എതിരെ നടപടി എങ്കിൽ, കഴിഞ്ഞ ഒരു വർഷത്തിന് ഇടയിൽ സംസ്ഥാന പൊലീസിന് എതിരെ എത്ര വിഷയങ്ങളിൽ ആണ് പൊതു ജനങ്ങളുടെ അതൃപ്തി ഉണ്ടായത്. 2016 ലെ പോലീസ് നയം ആയിരുന്നു 2018 ൽ പിണറായി സർക്കാരിന് എങ്കിൽ പോലീസ് തലപ്പത്ത് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായേനെ. പക്ഷേ സർക്കാർ ഇപ്പോൾ നിലപാട് ഒക്കെ മാറ്റി എന്നാണ് തോന്നുന്നത്. അത് കൊണ്ട് ലോക്നാഥ് ബെഹ്‌റ പേടിക്കേണ്ട.

2017 ൽ സെൻകുമാർ കേസ് സുപ്രീം കോടതിയിൽ നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരത്ത് വച്ച് ജിഷ്ണു പ്രണോയിയുടെ ‘അമ്മ മഹിജ നിരാഹാര സമരം കിടന്നത്. ആ വിഷയവും കോടതിയിൽ അന്ന് വാദത്തിന് ഇടയിൽ കടന്ന് വന്നിരുന്നു. അത് കൂടി ഇവിടെ രേഖപ്പെടുത്തി കൊണ്ട് നിറുത്തുന്നു.

(2017 ഏപ്രിൽ 10)

Dave: Government saying public anger was against my client. Hence they removed.

SC: Has the present DGP been removed? Seen some report that for five days that a lady is in hunger strike. Has he been removed?

Dave: No no he is the blue eyed boy of government.

റിപ്പോർട്ടർ ചാനൽ ദൽഹി റിപ്പോട്ടർ ബാലഗോപാൽ ബി നായരുടെ ഫേസ് ബുക്ക് പോസ്റ്റ്