ഗവര്‍ണ്ണര്‍മാര്‍ക്കുള്ള ഡ്രസ്സ് കോഡ് കുമ്മനം വേണ്ടെന്ന് വച്ചാല്‍ അതും പുതിയ ചരിത്രമാകും

Kummanam Rajasekharan BJP Kerala State President New Delhi 17-12-2015 Photo by : J Suresh

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമിനെ കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് സുപരിചിതം മിസോറാം ലോട്ടറിയിലൂടെ ആയിരിക്കും.എന്നാല്‍ ഇപ്പോള്‍ വക്കം പുരുഷോത്തമന് പിന്‍ഗാമിയായി വീണ്ടും ഒരു മലയാളിക്ക് അവിടെ ഗവര്‍ണ്ണറാവാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.

മ്യാന്മറുമായും ബംഗ്ലാദേശുമായും അതിര്‍ത്തി പങ്കിടുന്ന മിസോറാമില്‍ സൈന്യത്തിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും ശക്തമായ സാന്നിധ്യമാണുള്ളത്. ഇന്ത്യയുടെ ഒരറ്റമാണ് എട്ടു ജില്ലകള്‍ ഉള്‍പ്പെടുന്ന ഈ സംസ്ഥാനം.

ലാല്‍ തന്‍ ഹൗല യാണ് മുഖ്യമന്ത്രി. ആകെ ജനസംഖ്യ 88,8573 വിസ്തീര്‍ണ്ണം 2081 ചതുരശ്ര കിലോമീറ്റര്‍. ഇംഗ്ലീഷും മിസോയുമാണ് ഔദ്യോഗിക ഭാഷ. വലിയ പ്രക്ഷോഭത്തിനൊടുവില്‍ 1987 -ലാണ് കേന്ദ്ര ഭരണ പ്രദേശമായിരുന്ന മിസോറാമിനെ സംസ്ഥാനമാക്കിയത്. മിസോനാഷണല്‍ ഫ്രണ്ട് നേതാവായിരുന്ന ലാല്‍ ഡെകയാണ് ആദ്യ മുഖ്യമന്ത്രി.

മംഗളോയിഡ് വംശത്തില്‍പ്പെട്ട മനുഷ്യരാണ് ഇവിടെയുള്ളത്. മിസോകള്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്.ലൂഷായ്കളാണ് മിസോറാമിലെ ജനസംഖ്യയിലെ വലിയ ശക്തി. ഓരോ ഗോത്രത്തിനും പ്രത്യേക ഭാഷയും ഇവിടെയുണ്ട്.

Kummanam Rajasekharan

ജനങ്ങളില്‍ നാലില്‍ മൂന്നും കൃഷി കൊണ്ട് ഉപജീവനം നയിക്കുന്നവരാണ്. നെല്ല്, ചോളം, കടുക്, കരിമ്പ്, എള്ള്, ഇഞ്ചി, ഉരുളക്കിഴങ്ങ് എന്നിവയാണ് പ്രധാന വിളകള്‍. പ്രധാനപ്പെട്ട വ്യവസായങ്ങള്‍ ഒന്നും തന്നെ ഇവിടെ ഇല്ല. കൈത്തറി, കരകൗശല നിര്‍മ്മാണം, പട്ടുനൂല്‍, ഈര്‍ച്ചമില്ലുകള്‍ തുടങ്ങി ടൂറിസവും ആരോഗ്യ പരിപാലനവുമെല്ലാം മിസോറാമിലെ വളരുന്ന വ്യവസായങ്ങളാണ്.

മലകളുടെ നാടെന്ന് അറിയപ്പെടുന്ന മിസോറാമിലെ പുതിയ രാജ്ഭവനിലാവും കുമ്മനം രാജശേഖരന്‍ ഇനി മുതല്‍ താമസിക്കുക.

കേരളത്തില്‍ ഇടതു – വലതു മുന്നണികളുടെ ഏറ്റവും ശക്തനായ എതിരാളിയായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മിസോറാം ഗവര്‍ണറായതോടെ ഗൂഗിളില്‍ ഈ സംസ്ഥാനത്തെ കുറിച്ച് തിരയുന്നവരുടെ എണ്ണവും ഒറ്റയടിക്കാണ് ഇപ്പോള്‍ വര്‍ദ്ധിച്ചത്.

ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമില്‍ വിജയിക്കേണ്ടത് ബി.ജെ.പിയെ സംബന്ധിച്ച് അഭിമാന പ്രശ്‌നം കൂടിയാണ്. ഈ സാഹചര്യത്തില്‍ ഉന്നത സംഘപരിവാര്‍ നേതാവായ കുമ്മനം രാജശേഖരന്റെ നിയമനത്തിന് വലിയ രാഷ്ടീയ പ്രാധാന്യമുണ്ട്.

Kummanam Rajasekharan

കിഴക്കന്‍ മേഖലയില്‍ ബി.ജെ.പിക്ക് അധികാരമില്ലാത്ത ഏക സംസ്ഥാനമാണ് മിസോറാം. 2013-ല്‍ 40 അംഗ നിയമസഭയില്‍ 34 സീറ്റും നേടിയാണ് കോണ്‍ഗ്രസ്സ് ഭരണം പിടിച്ചിരുന്നത്. എന്നാല്‍ ത്രിപുര മോഡല്‍ അട്ടിമറി വിജയം ഇത്തവണ ഇവിടെയും ആവര്‍ത്തിക്കുമെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം അവകാശപ്പെടുന്നത്.

സി.ആര്‍.പി.എഫ് കമാന്‍ണ്ടോകളുടെ പ്രത്യേക സുരക്ഷയാണ് പുതിയ മിസോറാം ഗവര്‍ണ്ണറായ കുമ്മനം രാജശേഖരന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര സര്‍വ്വീസിലുള്ള മലയാളികളായ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കുമ്മനത്തെ സഹായിക്കുന്നതിനായി ഡെപ്യൂട്ടേഷനില്‍ മിസോറാമില്‍ നിയോഗിക്കാനും ആലോചനയുണ്ട്.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മുണ്ടും ഷര്‍ട്ടുമിട്ട് മാത്രം ഡല്‍ഹിയില്‍ ഇറങ്ങുന്ന കുമ്മനം അതേ പാത ഗവര്‍ണ്ണര്‍ പദവിയിലും തുടരുമോ എന്നാണ് ഇനി അറിയാനുള്ളത്. സാധാരണ ഗവര്‍ണ്ണര്‍മാര്‍ക്കുള്ള ഡ്രസ്സ് കോഡ് കുമ്മനം വേണ്ടെന്ന് വച്ചാല്‍ അതും പുതിയ ചരിത്രമാകും.