കെവിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രി പിണറായി വിജയന് നഷ്ടപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണം. സംസ്ഥാനത്തെ പൊലീസിന് എന്തു പറ്റിയെന്നാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘം പൊലീസുമായി ആശയവിനിമയം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ, പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ